Basil Joseph: ‘മിന്നൽ മുരളി തീയറ്ററിൽ റിലീസാവണമെങ്കിൽ ട്രംപ് വിചാരിക്കണം’; വെളിപ്പെടുത്തി ബേസിൽ ജോസഫ്
Basil Joseph Minnal Murali Theatrical Release: മിന്നൽ മുരളി തീയറ്ററിൽ റിലീസ് ചെയ്യുന്നത് തങ്ങളുടെ കയ്യിലല്ലെന്ന് സംവിധായകൻ ബേസിൽ ജോസഫ്. സിനിമയുടെ റൈറ്റ്സ് തങ്ങളുടെ കയ്യിലല്ലെന്നും അതിൽ തങ്ങൾക്ക് തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മിന്നൽ മുരളി തീയറ്ററിൽ റിലീസ് ചെയ്യുക എളുപ്പമല്ലെന്ന് സംവിധായകൻ ബേസിൽ ജോസഫ്. മിന്നൽ മുരളി തീയറ്ററിൽ റിലീസ് ചെയ്യുക എന്നത് തൻ്റെ കയ്യിലല്ലെന്നും അമേരിക്കയിലാണ് അതിൻ്റെ തീരുമാനമെന്നും ബേസിൽ ജോസഫ് പറഞ്ഞു. തൻ്റെ ഏറ്റവും പുതിയ സിനിമയായ പൊന്മാൻ്റെ വിജയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ബേസിൽ ജോസഫിൻ്റെ വെളിപ്പെടുത്തൽ.
മിന്നൽ മുരളി റീറിലീസ് ചെയ്യുമോ എന്ന ചോദ്യത്തിനോടായിരുന്നു ബേസിലിൻ്റെ പ്രതികരണം. നിരവധി സിനിമകൾ ഇപ്പോൾ റീറിലീസ് ചെയ്യുന്നുണ്ടല്ലോ, മിന്നൽ മുരളി റീറിലീസ് ചെയ്യുമോ എന്നതായിരുന്നു ചോദ്യം. ഈ സിനിമകളൊക്കെ പത്തിരുപത് വർഷം കഴിഞ്ഞാണല്ലോ റീ റിലീസായത്, അപ്പോ ഒരു 20 വർഷം കഴിഞ്ഞ് അത് ആലോചിക്കാമെന്ന് ബേസിൽ മറുപടി നൽകി. സിനിമ തീയറ്ററിൽ കാണാൻ പറ്റിയില്ല എന്ന് പ്രതികരണമെത്തി. ഈ പ്രതികരണത്തോടാണ് മിന്നൽ മുരളി തീയറ്റർ റിലീസ് ചെയ്യുക എളുപ്പമല്ലെന്ന് ബേസിൽ പറഞ്ഞത്. “അത് നെറ്റ്ഫ്ലിക്സ് എന്ന കോർപ്പറേറ്റ് ഒടിടിയുടെ കൈകളിലാണല്ലോ. നമുക്ക് ഒരു തീരുമാനമെടുക്കുക എന്നതിനപ്പുറം അതൊരു വലിയ കൂട്ടമാൾക്കാരുടെ തീരുമാനമാണ്. നമ്മളുടെ കയ്യിലല്ല അത്, അമേരിക്കയിലാണ്. കുറച്ച് പാടായിരിക്കും. ട്രംപ് വിചാരിക്കേണ്ടിവരും.”- ബേസിൽ പറഞ്ഞു.
മലയാള സിനിമയിൽ ആദ്യത്തെ സൂപ്പർ ഹീറോ സിനിമയാണ് മിന്നൽ മുരളി. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കിയ സിനിമ തീയറ്ററ് റിലീസിന് വേണ്ടിത്തന്നെയാണ് ഒരുക്കിയത്. 2020 അവസാനം സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ, കൊവിഡ് ബാധ ഈ തീരുമാനം മാറ്റിമറിച്ചു. കൊവിഡിൽ തീയറ്ററുകൾ അടച്ചതിനെ തുടർന്ന് പലതവണ സിനിമ റിലീസ് മാറ്റിവച്ചു. 2021 സെപ്തംബറിൽ അണിയറപ്രവർത്തകർ തന്നെ സിനിമ നെറ്റ്ഫ്ലിക്സ് പ്രീമിയറായി എത്തുമെന്നറിയിച്ചു. ഡിസംബർ 16ന് മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് സിനിമ ആദ്യമായി പ്രദർശിപ്പിച്ചത്. അതേമാസം, 2021 ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെ സിനിമ പുറത്തിറങ്ങി.




Also Read: Jaffer Idukki: കുറച്ച് വിലയൊക്കെയുള്ളു, ഒരു ഒന്നേകാൽ ഏക്കർ ഞാനങ്ങ് വാങ്ങിച്ചു: ജാഫർ ഇടുക്കി
അരുൺ അനിരുദ്ധ്, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ സിനിമയിൽ ടൊവിനോയ്ക്കൊപ്പം ഗുരു സോമസുന്ദരം, ഫെമിന ജോർജ്, അജു വർഗീസ് തുടങ്ങിയവരും വേഷമിട്ടു. സമീർ താഹിറാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തത്. ലിവിങ്സ്റ്റൺ മാത്യു ആണ് സിനിമയുടെ എഡിറ്റർ. ഷാൻ റഹ്മാനും സുഷിൻ ശ്യാമും ചേർന്ന് പാട്ടുകളൊക്കിയപ്പോൾ ബാക്ക്ഗ്രൗണ്ട് സ്കോർ സുഷിൻ ശ്യാമിൻ്റേതായിരുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻ്റെ ബാനറിൽ സോഫിയ പോൾ ആണ് സിനിമ നിർമ്മിച്ചത്. സിനിമയ്ക്ക് ആഗോളതലത്തിൽ തന്നെ വലിയ സ്വീകാര്യത ലഭിച്ചതിനെ തുടർന്ന് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്, വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന ഫ്രാഞ്ചൈസിയും ആരംഭിച്ചു. ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ഡിറ്റക്ടീവ് ഉജ്ജ്വലനാണ് ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ സിനിമ. ഏറെ വൈകാതെ തന്നെ ഡിറ്റക്ടീവ് ഉജ്ജ്വലൻ തീയറ്ററുകളിൽ റിലീസാവും. ഈ ഫ്രാഞ്ചൈസിയിൽ ഒരു സോംബി സിനിമയും ഒരുങ്ങുന്നുണ്ട്. ജാമ്പി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജോർജ് കോരയാണ് സംവിധാനം ചെയ്യുന്നത്. 2026ൽ സിനിമ തീയറ്ററുകളിലെത്തുമെന്നാണ് വിവരം.