Bethlehem Kudumba Unit: നിവിൻ പോളി, ഒപ്പം മമിത ബൈജുവും; ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ പ്രഖ്യാപിച്ച് ഫഹദ് ഫാസിൽ
Bethlehem Kudumba Unit: റൊമാന്‍റിക് കോമഡി ചിത്രമായാണ് 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഒരുക്കുന്നത്. ഗിരീഷ് എ ഡിക്ക് ഒപ്പം കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന.
പ്രേമലു എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ഗിരീഷ് എ ഡിയുടെ പുതിയ ചിത്രം നടൻ ഫഹദ് ഫാസിൽ പ്രഖ്യാപിച്ചു. നിവിൻ പോളി നായകനായെത്തുന്ന ചിത്രത്തിൽ മമിത ബൈജുവാണ് നായിക. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്.
റൊമാന്‍റിക് കോമഡി ചിത്രമായാണ് ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ഒരുക്കുന്നത്. ഗിരീഷ് എ ഡിക്ക് ഒപ്പം കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന. സെപ്റ്റംബറില്‍ പ്രൊഡക്ഷന്‍ ആരംഭിക്കുമെന്നാണ് ഫഹദ് അടക്കമുള്ളവര്‍ അറിയിച്ചിരിക്കുന്നത്.
ഭാവന സ്റ്റുഡിയോസിന്‍റെ ആറാമത്തെ നിര്‍മ്മാണ സംരംഭമാണ് ബത്‍ലഹേം കുടുംബ യൂണിറ്റ്. അജ്മല്‍ സാജുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം – വിഷ്ണു വിജയ്, എഡിറ്റിംഗ് – ആകാശ് ജോസഫ് വര്‍ഗീസ്, ഡിസ്ട്രിബ്യൂഷന്‍ – ഭാവന റിലീസ്. പിആർഒ – ആതിര ദിൽജിത്ത്.
പ്രേമലു 2 ന് മുമ്പ് തങ്ങളുടെ നിര്‍മ്മാണത്തില്‍ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രം വരുമെന്ന് ദിലീഷ് പോത്തന്‍ ഈയിടെ പറഞ്ഞിരുന്നു. ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു, ഐ ആം കാതലന്‍ തുടങ്ങിയ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ തിയറ്ററില്‍ മികച്ച വിജയം നേടിയിരുന്നു.