Bigg Boss Malayalam Season 7: ‘ഇവൾ വീട്ടിൽ കേറ്റില്ല, പക്ഷേ സിറ്റൗട്ടിൽ ഇരിക്കാം’; ആദിലയെയും നൂറയെയും ലക്ഷ്മിയുടെ അമ്മ പരിഹസിച്ചെന്ന് വിമർശനം
Social Media Criticize Lakshmis Mother: ലക്ഷ്മിയുടെ അമ്മ ലതയ്ക്കെതിരെ വിമർശനം. ആദിലയ്ക്കും നൂറയ്ക്കുമെതിരായ പ്രസ്താവനകളിലാണ് വിമർശനമുയരുന്നത്.

ലക്ഷ്മി, ബിഗ് ബോസ്
ബിഗ് ബോസ് ഫാമിലി വീക്കിൽ ഹൗസിലെത്തിയ ലക്ഷ്മിയുടെ അമ്മ ലതയെ വിമർശിച്ച് സോഷ്യൽ മീഡിയ. ആദിലയെയും നൂറയെയും ലക്ഷ്മി വീട്ടിൽ കയറ്റില്ലാത്തതിനാൽ സിറ്റൗട്ടിൽ ഇരിക്കാമെന്ന ലതയുടെ പരാമർശത്തെയാണ് സമൂഹമാധ്യമങ്ങൾ വിമർശിച്ചത്. മകളെപ്പോലെ അമ്മയ്ക്കും ഹോമോഫോബിയ ഉണ്ടെന്ന് സമൂഹമാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നു.
ബിബി ഹൗസിൽ ലക്ഷ്മിയുടെയും നെവിൻ്റെയും ഒനീലിൻ്റെയും കുടുംബം ഒരുമിച്ചാണ് എത്തിയത്. ലക്ഷ്മിയുടെ അമ്മ മാത്രം വന്നപ്പോൾ ഒനീലിൻ്റെ അമ്മയും സഹോദരനും നെവിൻ്റെ അമ്മയും സഹോദരിയും എത്തി. തുടർന്ന് എല്ലാവരോടും സ്വയം പരിചയപ്പെടുത്താൻ ബിഗ് ബോസ് ആവശ്യപ്പെട്ടു. ഇങ്ങനെ പരിചയപ്പെടുത്തുന്നതിനിടെയാണ് ലതയുടെ പ്രസ്താവന.
“ഞാൻ ലക്ഷ്മിയുടെ അമ്മ. ടീച്ചറാണ്. എല്ലാവരെയും അമ്പലപ്പുഴയിലെ എൻ്റെ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. ആദില, നൂറ. ഇവൾ വീട്ടിൽ കേറ്റുന്നതിന് എതിരാണെങ്കിലും നിങ്ങൾ സിറ്റൗട്ടിൽ ഇരുന്നാൽ മതി. ഓരോരുത്തർക്കും ഓരോ വ്യക്തിത്വമുണ്ടല്ലോ. ഓരോ അഭിപ്രായങ്ങളുണ്ട്. എൻ്റെ ഇളയ കുഞ്ഞ് പാർവതിയെപ്പോലെയാണ് നൂറ. ഒത്തിരി സ്നേഹം.”- ലത പറഞ്ഞു.
ഇതിന് ശേഷം ഹൗസ്മേറ്റ്സ് സംസാരിച്ചുകൊണ്ടിരിക്കെ ആദില ഇക്കാര്യം ലതയോട് ചോദിച്ചു. സിറ്റൗട്ടിൽ ഇരിക്കാമെന്ന് പറഞ്ഞത് എന്താണ് ആൻ്റീ എന്ന് ആദില ചോദിച്ചപ്പോൾ താൻ തമാശ പറഞ്ഞതാണെന്നായിരുന്നു ലതയുടെ മറുപടി. വിഷയത്തിൽ ഒനീൽ, അക്ബർ, ഷാനവാസ് എന്നിവർ ചേർന്നും ലതയെ വിമർശിച്ച് സംസാരിച്ചു. ഹൗസിനുള്ളിലും പുറത്തും ലതയ്ക്കെതിരെ വിമർശനം ശക്തമാവുമ്പോൾ ലത തമാശയായി പറഞ്ഞതാണെന്ന മറുവാദവുമുണ്ട്.
അനീഷ്, ഷാനവാസ്, ബിന്നി, അക്ബർ, ആദില, നൂറ, അനുമോൾ, ജിസേൽ, ആര്യൻ, ഒനീൽ, നെവിൻ, ലക്ഷ്മി എന്നിവരുടെ കുടുംബമാണ് ഇതുവരെ ബിഗ് ബോസ് ഹൗസിലെത്തിയത്. മറ്റുള്ളവരുടെ കുടുംബാംഗങ്ങളും ആദിലയുടെയും നൂറയുടെയും സുഹൃത്തുക്കളുമാണ് ബിബി ഹൗസിലെത്തിയത്.
വിഡിയോ കാണാം