Akbar Khan: ഡേറ്റിങ് ആപ്പിൽ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറി; ആരോപണത്തിൽ വിശദീകരണമായി അക്ബർ ഖാൻ
Akbar Khan Responds to Fasmina’s Allegations: ആരോപിക്കുന്നതുപോലെ, താൻ ചെയ്‌തുവെന്നു പറയുന്ന ഏതെങ്കിലും "മോശമായ" പ്രസ്‌താവനയോ പ്രവർത്തിയോ എന്താണെന്ന് തെളിയിക്കണമെന്നാവശ്യപ്പെടുമെന്നും അക്ബർ കൂട്ടിച്ചേർത്തു.
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥിയായിരുന്നു അക്ബർ ഖാൻ. സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ അക്ബർ പിന്നീട് നിരവധി ടെലിവിഷൻ ഷോകളുടെ ഭാഗമായി. ഇതിനു പിന്നാലെയാണ് ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്ക് എത്തുന്നത്. ബിബി ഹൗസിൽ മികച്ച പ്രകടനം കാഴ്ചവച്ച് ടോപ്പ് ഫൈവിൽ ഇടം നേടാൻ താരത്തിന് സാധിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം താരത്തിനെതിരെ ഗുരുതര ആരോപണമാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ഫസ്മിന സാക്കിർ ഉന്നയിച്ചത്. വിവാഹിതനായ അക്ബറിന് ഡേറ്റിങ് ആപ്പായ ടിന്ററിൽ അക്കൗണ്ടുണ്ടെന്നതും താരം ആപ്പിൽ കയറി ചാറ്റിങ്ങും ഫോൺ നമ്പർ ഷെയറിങ്ങും നടത്താറുണ്ടെന്നുമാണ് ഫസ്മീനയുടെ ആരോപണം. ഇപ്പോഴിതാ ഇതിൽ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.
തനിക്കെതിരെ വന്ന ആരോപണം തീർത്തും തെറ്റായതും അടിസ്ഥാനരഹിതവുമാണെന്നും ഇതിനെതിരെ നിയമ നടപടിയ്ക്ക് ഒരുങ്ങുകയാണെന്നും അക്ബർ ഖാൻ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അഭിപ്രായപ്രകടനം നടത്താനെന്ന പേരിൽ ആരും മറ്റൊരാളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലുള്ള അപകീർത്തികരമായ പ്രസ്‌താവനകൾ നടത്താൻ അധികാരമില്ലെന്നും താരം കൂട്ടിച്ചേർത്തു. ആരോപിക്കുന്നതുപോലെ, താൻ ചെയ്‌തുവെന്നു പറയുന്ന ഏതെങ്കിലും “മോശമായ” പ്രസ്‌താവനയോ പ്രവർത്തിയോ എന്താണെന്ന് തെളിയിക്കണമെന്നാവശ്യപ്പെടുമെന്നും അക്ബർ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഒരു യൂട്യൂബ് ചാനൽ വഴി എൻ്റെ പേരിൽ തെറ്റായതും അടിസ്ഥാനരഹിതവും ആയ നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ചില ഔദ്യോഗിക, പരിപാടികൾക്കായി ഞാൻ ഖത്തറിൽ ആയതുകൊണ്ടാണ് എന്റെ പ്രതികരണം വൈകിയത്. ഞാൻ ഈ വിഷയത്തിൽ നിയമനടപടികൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അഭിപ്രായപ്രകടനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരിൽ ആരും മറ്റൊരാളുടെ പ്രതിഷ്ഠയെയും വ്യക്തിത്വത്തെയും ഹനിക്കുന്ന തരത്തിലുള്ള അപകീർത്തികരമായ പ്രസ്‌താവനകൾ നടത്താൻ അധികാരമുള്ളവരല്ലെന്നത് മനസ്സിലാക്കുക. നിയമപരമായ പ്രക്രിയയിലൂടെ ബന്ധപ്പെട്ട വ്യക്തികളോട്, അവർ ആരോപിക്കുന്നതുപോലെ, ഞാൻ ചെയ്‌തുവെന്നു പറയുന്ന ഏതെങ്കിലും “മോശമായ” പ്രസ്‌താവനയോ പ്രവർത്തിയോ എന്താണെന്ന് തെളിയിക്കണമെന്നാവശ്യപ്പെടും. സത്യാവസ്ഥ തെളിയിക്കപ്പെടുമെന്നും നിയമ വ്യവസ്ഥ ഈ വിഷയത്തിൽ അനുയോജ്യമായ വിധിനിർണയം നടത്തുമെന്നും ഞാൻ വിശ്വസിക്കുന്നു.
View this post on Instagram