Chemban Vinod: ‘പ്രേമത്തിൽ വിനയ് ഫോർട്ട് ചെയ്ത വേഷം ഞാൻ ഒഴിവാക്കിയതാണ്’; കാരണം പറഞ്ഞ് ചെമ്പൻ വിനോദ്
Chemban Vinod About Premam Movie: പ്രേമം സിനിമയിൽ വിനയ് ഫോർട്ട് ചെയ്ത വേഷം താൻ ഒഴിവാക്കിയതെന്ന വെളിപ്പെടുത്തലുമായി ചെമ്പൻ വിനോദ്. വിനയ് ഫോർട്ട് ചെയ്ത വിമൽ സാർ എന്ന കഥാപാത്രത്തെ താൻ ഒഴിവാക്കിയെന്നാണ് ചെമ്പൻ വിനോദ് പറഞ്ഞത്.
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് നിവിൻ പോളി മുഖ്യ കഥാപാത്രമായി എത്തിയ പ്രേമം എന്ന സിനിമയിൽ വിനയ് ഫോർട്ട് ചെയ്ത കഥാപാത്രം താൻ ഒഴിവാക്കിയതാണെന്ന് ചെമ്പൻ വിനോദ്. സിനിമയിൽ വിമൽ സാർ എന്ന കഥാപാത്രത്തെയാണ് വിനയ് ഫോർട്ട് അവതരിപ്പിച്ചത്. വിനയുടെ കരിയറിലെ തന്നെ വഴിത്തിരിവായിരുന്നു ഈ വേഷം. സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
“പ്രേമത്തിൽ, എനിക്ക് തോന്നുന്നു വിനയ് ഫോർട്ട് ചെയ്ത വേഷത്തിലേക്കാണെന്ന് തോന്നുന്നു, എന്നെ വിളിച്ചതാണ്. ഞാൻ ഇയ്യോബിൻ്റെ പുസ്തകം ചെയ്തുകൊണ്ടിരിക്കുമ്പോൾ. അവര് വിളിച്ചിട്ട് ഓഡിഷൻ വേണമെന്ന് പറഞ്ഞു. അസോസിയേറ്റ് ആണ് വിളിച്ചത്. എനിക്ക് ഓഡിഷനിൽ കോൺഫിഡൻസില്ല. ഓഡിഷനിൽ എനിക്ക് പോകാൻ പറ്റില്ല. ഞാൻ പറഞ്ഞു, പറ്റില്ല എന്ന്. അവർ അങ്ങനെ ഡിസൈൻ ചെയ്ത സിനിമയായതുകൊണ്ട് ഓഡിഷനില്ലാതെ, അല്ലെങ്കിൽ സ്ക്രീൻ ടെസ്റ്റ് ഇല്ലാതെ പറ്റില്ല. “എനിക്ക് ഒട്ടും കംഫർട്ടബിളായ ഏരിയ അല്ല അത്” എന്ന് ഞാൻ പറഞ്ഞു. ഇപ്പോഴും ഓഡിഷൻ എന്നുപറഞ്ഞ് വിളിച്ചാൽ പോകാൻ പറ്റില്ല.”- ചെമ്പൻ വിനോദ് പറഞ്ഞു.
Also Read: Govind Vasantha: ‘കമൽ സാറിനെക്കൊണ്ട് പാടാൻ കഴിയുമോ എന്ന ടെൻഷനുണ്ടായിരുന്നു’; ഗോവിന്ദ് വസന്ത




അൻവർ റഷീദ് നിർമ്മിച്ച ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ, അനുപമ പരമേശ്വരൻ, സൗബിൻ ഷാഹിർ തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചു. ആനന്ദ് സി ചന്ദ്രനായിരുന്നു ക്യാമറ. അൽഫോൺസ് പുത്രൻ തന്നെ സിനിമയുടെ എഡിറ്റിംഗ് നിർവഹിച്ചു. രാജേഷ് മുരുഗേശനായിരുന്നു സംഗീതസംവിധാനം. ബോക്സോഫീസിൽ വമ്പൻ ഹിറ്റായ പ്രേമം ബജറ്റിൻ്റെ 20 ഇരട്ടിയോളമാണ് തീയറ്ററിൽ നിന്ന് നേടിയത്. സിനിമയുടെ മേക്കിംഗും പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. 2015 മെയ് 29ന് റിലീസായ ചിത്രം നിരൂപകർക്കിടയിലും മികച്ച അഭിപ്രായങ്ങളാണ് സ്വന്തമാക്കിയത്.