Chinmayi: ‘ഇന്ന് എല്ലാവരും എന്നെ അഭിനന്ദിക്കുന്നു, പക്ഷേ എനിക്ക് അതൊന്നും ആസ്വദിക്കാൻ കഴിയുന്നില്ല’; ചിന്മയി
Chinmayi Thug Life Performance: നിരവധി പേർ അഭിനന്ദിച്ച് മെസേജ് അയയ്ക്കുന്നുണ്ടെങ്കിലും തനിക്കത് ആസ്വദിക്കാൻ കഴിയുന്നില്ലെന്ന് ചിന്മയി. വൈരമുത്തുവിനെതിരെയുള്ള മീടു ആരോപണത്തിന് പിന്നാലെ തമിഴ് സിനിമ ചിന്മയിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ചിന്മയി തന്റെ മനസ് തുറന്നത്.

തെന്നിന്ത്യൻ സിനിമയിലെ മികച്ച ഗായികമാരിൽ ഒരാളാണ് ചിന്മയി. കഴിഞ്ഞ ദിവസം നടന്ന തഗ് ലൈഫ് സിനിമയുടെ ഓഡിയോ ലോഞ്ചിൽ നടത്തിയ ചിന്മയുടെ പെർഫോമൻസ് ഏറെ വൈറലായിരുന്നു. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ അഭിനന്ദനവുമായി എത്തിയത്.
തഗ് ലൈഫിലെ മുത്ത മഴൈ എന്ന ഗാനമാണ് ചിന്മയി സ്റ്റേജിൽ ആലപിച്ചത്. ചിത്രത്തിൽ ഈ പാട്ട് പാടിയത് ധീയാണ്. എന്നാൽ തെലുങ്ക്, ഹിന്ദി വേർഷനുകളിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത് ചിന്മയിയാണ്.
ഇപ്പോഴിതാ, പെർഫോമൻസിന് പിന്നാലെ നിരവധി പേർ അഭിനന്ദിച്ച് മെസേജ് അയയ്ക്കുന്നുണ്ടെന്നും എന്നാൽ തനിക്കത് ആസ്വദിക്കാൻ കഴിയുന്നില്ലെന്നും ചിന്മയി തുറന്ന് പറയുകയാണ്. വൈരമുത്തുവിനെതിരെയുള്ള മീടു ആരോപണത്തിന് പിന്നാലെ തമിഴ് സിനിമ ചിന്മയിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ചിന്മയി തന്റെ മനസ് തുറന്നത്. ദി ഹിന്ദുവിനോട് സംസാരിക്കുകയായിരുന്നു താരം.
‘താൻ നേരിട്ട ദുരനുഭവമാണ് അന്ന് ഞാൻ തുറന്ന് പറഞ്ഞത്. എല്ലാവരും സപ്പോർട്ട് ചെയ്യുമെന്ന് വിചാരിച്ചെങ്കിലും കുറ്റപ്പെടുത്തലുകളാണ് നേരിട്ടത്. ആറ് വർഷം മുമ്പ് കമന്റ് ബോക്സ് നിറയെ തെറി വിളികളായിരുന്നു. കേട്ടാലറയ്ക്കുന്ന വാക്കുകളായിരുന്നു, ഇതെല്ലാം എന്നെ തളർത്തി, വലിയ ആഘാതമാണ് സമ്മാനിച്ചത്.
ഇന്ന് എല്ലാവരും പാട്ട് നന്നായിരുന്നു, അടിപൊളിയാണ് എന്നൊക്കെ പറയുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നില്ല, ആസ്വദിക്കാൻ കഴിയുന്നില്ല. കാരണം അന്ന് നേരിട്ട അനുഭവം ഇപ്പോഴും മനസിൽ നിന്ന് പോയിട്ടില്ല. മനസ് മരവിച്ചിരിക്കുകയാണ്. എല്ലാ മെസേജുകൾക്കും താങ്ക് യു എന്ന മാത്രമേ മറുപടി നൽകുന്നുള്ളൂ’, ചിന്മയി പറഞ്ഞു.