Krishna Praba: വിഷാദരോഗത്തെ നിസ്സാരവല്‍ക്കരിച്ചു; നടി കൃഷ്ണപ്രഭയ്‌ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി
Complaint Filed Against Actress Krishna Prabha : നടി വിഷാദരോഗത്തെ നിസ്സാരവല്‍ക്കരിച്ചുവെന്ന് ആരോപിച്ചാണ് നടിക്കെതിരെ പരാതി നൽകിയത്. തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശി ധനഞ്ജയ് ആണ് പരാതിക്കാരൻ.
കോഴിക്കോട്: മാനസികാരോഗ്യത്തെ കുറിച്ച് വിവാദ പരാമർശം നടത്തിയ നടി കൃഷ്ണപ്രഭയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. നടി വിഷാദരോഗത്തെ നിസ്സാരവല്‍ക്കരിച്ചുവെന്ന് ആരോപിച്ചാണ് നടിക്കെതിരെ പരാതി നൽകിയത്. തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശി ധനഞ്ജയ് ആണ് പരാതിക്കാരൻ. പഴയ വട്ട് ആണ് ഇപ്പോഴത്തെ ഡിപ്രഷനെന്ന പേരിട്ടിരിക്കുന്നതെന്നും പണിയൊന്നുമില്ലാതെ ഇരിക്കുന്നത് കൊണ്ടാണ് ഡിപ്രഷൻ ഉണ്ടാവുന്നതെന്നാണ് കൃഷ്ണപ്രഭയുടെ വിവാദ പരാമർശം. യൂട്യൂബ് ചാനലിന് നടി നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ കൂടുതൽ ഒറ്റപ്പെടുത്താനും ചികിത്സ തേടുന്നതില്‍നിന്ന് പിന്തിരിപ്പിക്കാനും സാധ്യതയുള്ള അശാസ്ത്രീയമായ പ്രസ്താവനയാണ് ഇതെന്നും പൊതുസമൂഹത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയിൽ നിന്ന് ഇത്തരം പരാമർശം വന്നത് അതീവ ഗൗരവത്തോടെ കാണണമെന്നും പരാതിയില്‍ പറയുന്നു. വിവാദപരമായ പരമാർശങ്ങൾ ഉൾപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് ഉടൻ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പരാതിയിൽ പറയുന്നു. നടി പൊതുജനങ്ങളോട് നിരുപാധികം ക്ഷമ ചോദിക്കുകയും മാനസികാരോഗ്യത്തെക്കുറിച്ച് ശരിയായ അവബോധം നല്‍കുകയും ചെയ്യാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. സർക്കാർ മാനസികാരോഗ്യ സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകുമ്പോൾ, നടിയുടെ പ്രസ്താവന അതിനെ തർക്കുന്നുവെന്നും വിഷാദം കളിയാക്കേണ്ട ഒന്നല്ല, കൃത്യമായ ചികിത്സ ആവശ്യമുള്ള ഒരു രോഗാവസ്ഥയാണെന്നും പരാതിക്കാരൻ പറയുന്നു.
‘പണിയൊന്നുമില്ലാത്തവർക്ക് വരുന്ന അസുഖമാണ് ഡിപ്രഷനും മറ്റ് മാനസിക രോഗങ്ങളും എന്നാണ് നടി തമാശ രൂപേണ പറഞ്ഞത്. പണ്ടൊക്കെ ഇതിനെ വട്ട് എന്നാണു പറഞ്ഞിരുന്നതെന്നും ഇപ്പോൾ ഡിപ്രഷൻ, മൂഡ് സ്വിങ്സ് എന്നൊക്കെ ഓമനപ്പേരിട്ട് വിളിക്കുന്നു എന്നും കൃഷ്ണപ്രഭ പറയുന്നുണ്ട്. ചിരിച്ചു കളിയാക്കികൊണ്ടാണ് കൃഷ്ണപ്രഭയും ഇന്റർവ്യൂ ചെയ്ത വ്യക്തിയും ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുന്നത്.
എന്നാൽ നടിയുടെ വിവാദ പരാമർശത്തിനു പിന്നാലെ നിരവധി പേരാണ് താരത്തെ വിമർശിച്ച് എത്തിയത്. ആരോഗ്യവിദഗ്ധരും സെലിബ്രിറ്റികളുമടക്കം പ്രതികരണവുമായി രംഗത്തെത്തി. നടിയും മോഡലുമായ സാനിയ അയ്യപ്പൻ കൃഷ്ണപ്രഭയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. പരിഹസിക്കാനാണെങ്കില്‍ പോലും ഇത്തരം കാര്യങ്ങളെക്കുറിച്ച് സ്വയം പഠിക്കാന്‍ ശ്രമിക്കണമെന്ന് നടിയോട് ഗായിക അഞ്ജു ജോസഫ് ആവശ്യപ്പെട്ടിരുന്നു. കൃഷ്ണപ്രഭ പറഞ്ഞത് വിവരക്കേടല്ല, തെമ്മാടിത്തരമാണ് എന്നാണ് ഡോ. ഷിംന അസീസ് പറഞ്ഞത്. അറിയില്ലെങ്കിൽ വായ തുറന്ന് വിവരക്കേട് ഛർദ്ദിക്കരുത് എന്നും പരാമർശം തിരുത്തുമെന്നും വിഷാദരോഗികളെ കൂടുതൽ ഉപദ്രവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷിംന അസീസ് സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചു.
View this post on Instagram