Dear Students: ചിരിപൂരവുമായി നിവിൻ പോളിയും നയൻതാരയും എത്തുന്നു; ‘ഡിയര്‍ സ്റ്റുഡന്‍റ്സ്’ ടീസർ പുറത്ത്
Dear Students Teaser Out: ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
‘ലവ് ആക്ഷൻ ഡ്രാമ’ എന്ന സിനിമയ്ക്ക് ശേഷം നിവിൻ പോളിയും നയൻതാരയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഡിയർ സ്റ്റുഡന്റ്സ്’. പ്രഖ്യാപനം വന്നത് മുതൽ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ, ചിത്രത്തിൻ്റെ ആദ്യ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ‘ഡിയർ സ്റ്റുഡന്റ്സ്’, ഒരു സംഘം പിള്ളേരെ കേന്ദ്രീകരിച്ചുള്ള ചിത്രമായിരിക്കുമെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ചിത്രത്തിൽ ഹോട്ടൽ ഉടമയായി നിവിൻ പോളി എത്തുമ്പോൾ പോലീസ് വേഷമാണ് നയൻതാര അവതരിപ്പിക്കുന്നത്. അടിപിടിയും കളിചിരികളും നിറഞ്ഞൊരു ചിത്രമായിരിക്കുമെന്നാണ് സൂചന.
‘ഡിയർ സ്റ്റുഡന്റസ്’ ട്രെയ്ലർ
ആറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് നയൻതാരയും നിവിൻ പോളിയും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. ഈ വർഷം തന്നെ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് വിവരം. നേരത്തെ, സിനിമയുടെ ചിത്രീകരണം പൂർത്തിയായതിന്റെ വീഡിയോ പോളി പിക്‌ചേർസ് ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു.
വിനീത് ജയിന്റെ മാവെറിക് മുവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്. അരുൺ കുമാർ ടി വി, മനോജ് രത്‌നാകരൻ എന്നിവരാണ് സഹനിർമാതാക്കൾ. ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് മഹേഷ് മാത്യുവും കലൈ കിങ്സ്റ്റണും ചേർന്നാണ്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ലാൽ കൃഷ്ണയാണ് എഡിറ്റിംഗ്.