AMMA Election: ചരിത്രത്തിൽ ആദ്യം! ‘അമ്മ’ ഇനി വനിതകൾ നയിക്കും; ശ്വേത മേനോൻ പ്രസിഡന്റ്
Swetha Menon Elected as AMMA President: ചരിത്രത്തിൽ ആദ്യമായാണ് രണ്ട് വനിതകൾ 'അമ്മ'യുടെ തലപ്പത്തേക്ക് വരുന്നത്.
താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി നടി ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനാണ് പുതിയ ജനറൽ സെക്രട്ടറി. ചരിത്രത്തിൽ ആദ്യമായാണ് രണ്ട് വനിതകൾ ‘അമ്മ’യുടെ തലപ്പത്തേക്ക് വരുന്നത്. അതേസമയം, ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു.
അസോസിയേഷനിൽ 504 അംഗങ്ങൾ ഉണ്ടെങ്കിലും ഇത്തവണ 298 പേർ മാത്രമാണ് വോട്ട് ചെയ്യാൻ എത്തിയത്. പോളിംഗ് ശതമാനത്തിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 357 പേർ വോട്ട് ചെയ്തിരുന്നു. 70 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ 12 ശതമാനം കൂടി ഇടിഞ്ഞ് 58 ശതമാനം മാത്രമായിരുന്നു പോളിംഗ്.
ശ്വേത മേനോനെതിരെ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത് നടൻ ദേവനാണ്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനെതിരെ രവീന്ദ്രനാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത് ജയൻ ചേർത്തല, നാസർ ലത്തീഫ്, ലക്ഷ്‍മി പ്രിയ എന്നിവരും ട്രഷറർ സ്ഥാനത്തേക്ക് മത്സരിച്ചത് ഉണ്ണി ശിവപാലും അനൂപ് ചന്ദ്രനുമായിരുന്നു.
അതേസമയം, അൻസിബ ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആദ്യം 13 പേർ ഈ സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിരുന്നെങ്കിലും അൻസിബ ഒഴികെ മറ്റെല്ലാവരും പിന്നീട് പത്രിക പിൻവലിക്കുകയായിരുന്നു.
ALSO READ: ‘ആരോപണം തെളിഞ്ഞാൽ ഞാൻ അഭിനയം നിർത്തും, അന്വേഷിച്ച് കണ്ടെത്തട്ടെ’; ബാബുരാജ്
മലയാള സിനിമയുടെ താര സംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് (അമ്മ) രൂപീകരിച്ചത് 1994ലാണ്. അന്ന് മുതൽ ‘അമ്മ’യെ നയിച്ചത് പുരുഷതാരങ്ങളായിരുന്നു. എം ജി സോമനായിരുന്നു ‘അമ്മ’യുടെ ആദ്യ പ്രസിഡന്റ്. പിന്നീട് മധു, ഇന്നസെന്റ്, മോഹൻലാൽ എന്നിവരായിരുന്നു ‘അമ്മ’യെ നയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ത്രീകൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ആദ്യമായാണ് ‘അമ്മ’യുടെ തലപ്പത്തേക്ക് സ്ത്രീകൾ വരുന്നത്.