Kamal: ‘ദിലീപാണ് നായകനെങ്കില്‍ സിനിമ ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ആ വ്യക്തി ഒഴിഞ്ഞു’; വെളിപ്പെടുത്തലുമായി കമല്‍
Director Kamal Says About Dileep: കോമഡി വേഷങ്ങള്‍ മാത്രം ചെയ്ത് ശ്രദ്ധ നേടിയിരുന്ന സമയത്താണ് ദിലീപിനെ താന്‍ ആഗതനിലേക്ക് ക്ഷണിക്കുന്നത്. അതിനാല്‍ തന്നെ അല്‍പം ഗൗരവമുള്ള കഥാപാത്രം തന്നെകൊണ്ട് ചെയ്യാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ദിലീപ് സംശയം ഉണ്ടായിരുന്നുവെന്നും കമല്‍ അഭിമുഖത്തില്‍ പറയുന്നു.
1986ല്‍ പുറത്തിറങ്ങിയ മിഴിനീര്‍പ്പൂക്കള്‍ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് കമല്‍ (Kamal) മലയാള സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതത്തിനിടയ്ക്ക് ഒട്ടനവധി ചിത്രങ്ങളാണ് കമല്‍ സംവിധാനം ചെയ്തിട്ടുള്ളത്. കാക്കോത്തി കാവിലെ അപ്പൂപ്പന്‍ താടികള്‍, ഉള്ളാടകം, മഴയെത്തും മുന്‍പേ, നിറം, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍, നമ്മള്‍, പെരുമഴക്കാലം, കറുത്ത പക്ഷികള്‍, സെല്ലുലോയ്ഡ് തുടങ്ങി നിരവധി ചിത്രങ്ങളാണ് കമലിന്റെ മികവില്‍ പുറത്തിറങ്ങിയത്. ഇതില്‍ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ ചിത്രങ്ങളും ഏറെയുണ്ട്. സംവിധായകന്‍ എന്നതിന് പുറമേ നല്ലൊരു തിരക്കഥാകൃത്ത് കൂടിയാണ് കമല്‍. കൂടാതെ ഒട്ടനവധി ചിത്രങ്ങള്‍ കമല്‍ പ്രൊഡ്യൂസ് ചെയ്തിട്ടുമുണ്ട്.
കമല്‍ സംവിധാനം ചെയ്ത് 2010ലാണ് ദിലീപ് നായകനായ ആഗതന്‍ എന്ന ചിത്രം പുറത്തിറങ്ങുന്നത്. ദിലീപ് നായകനായ ചിത്രത്തില്‍ തെലുഗു താരം ചാര്‍മിയാണ് നായികയായെത്തിയത്. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് സത്യരാജാണ്. ഇവരെ കൂടാതെ ബിജു മേനോന്‍, ലാല്‍, ഇന്നസെന്റ്, സെറീന വഹാബ്, ഷഫ്‌ന, ബാബു നമ്പൂതിരി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.
ആ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് കമല്‍. വില്ലന്‍ വേഷം ചെയ്ത സത്യരാജും ക്യാമറാമാനും ചിത്രത്തിന്റെ ഭാഗമാകാന്‍ വിസമ്മതിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറയുന്നത്.
കോമഡി വേഷങ്ങള്‍ മാത്രം ചെയ്ത് ശ്രദ്ധ നേടിയിരുന്ന സമയത്താണ് ദിലീപിനെ താന്‍ ആഗതനിലേക്ക് ക്ഷണിക്കുന്നത്. അതിനാല്‍ തന്നെ അല്‍പം ഗൗരവമുള്ള കഥാപാത്രം തന്നെകൊണ്ട് ചെയ്യാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ദിലീപ് സംശയം ഉണ്ടായിരുന്നുവെന്നും കമല്‍ അഭിമുഖത്തില്‍ പറയുന്നു.
‘ദിലീപ് ആ സമയത്ത് കോമഡി സിനിമകളുടെ ചാകരയുടെ നടുവിലാണ്. നിന്നെ വെച്ച് ഒരു കോമഡി സിനിമ ചെയ്യാനല്ല മനസിലുള്ളതെന്ന് ഞാന്‍ പറഞ്ഞു. കുറച്ച് സീരിയസ് ആയിട്ടുള്ള വിഷയം നിന്റേതായ ഹ്യൂമര്‍ ഒക്കെ ചേര്‍ത്ത് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. സീരിയസ് വേഷം ചെയ്താല്‍ ശരിയാകുമോ എന്ന് ദിലീപ് എന്നോട് ചോദിച്ചു. എന്നാല്‍ അങ്ങനെയുള്ള വേഷങ്ങളും നീ ചെയ്യണമെന്നാണ് ഞാന്‍ അവനോട് പറഞ്ഞത്. ദിലീപിന് മാത്രമല്ല തമിഴ് നടന്‍ സത്യരാജിനും വില്ലന്‍ കഥാപാത്രം ചെയ്യാന്‍ സംശയം ഉണ്ടായിരുന്നു. സിനിമ എഴുതിയപ്പോള്‍ തന്നെ ആ വേഷം ചെയ്യാന്‍ എന്റെ മനസിലുണ്ടായിരുന്നത് സത്യരാജ് ആയിരുന്നു. പുള്ളി അന്ന് വലിയ തിരക്കുള്ള നടനാണ്. അങ്ങനെ നേരിട്ട് കാണാനായി ഞങ്ങള്‍ ചെന്നൈയിലേക്ക് പോയി. ഞാന്‍ തന്നെ അദ്ദേഹത്തോട് സംസാരിക്കാന്‍ വേണ്ടിയായിരുന്നു അത്,’ കമല്‍ പറയുന്നു.
കഥ ഇഷ്ടപ്പെടാത്തത് ആയിരുന്നില്ല സത്യരാജിന്റെ വിഷയം മറിച്ച് ഒരു പട്ടാളക്കാരന്‍ വില്ലനാകുന്നത് ആയിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. ‘ കഥ കേട്ട് കഴിഞ്ഞപ്പോള്‍ ആദ്യം തന്നെ അദ്ദേഹം എന്നോട് പറഞ്ഞത് താന്‍ ഈ വേഷം ചെയ്യില്ലെന്നാണ്. ആ കഥ ഇഷ്ടപ്പെടാത്തതോ അല്ലെങ്കില്‍ നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രം ആയതോ ആയിരുന്നില്ല അതിന് കാരണം. ഒരു റിട്ടയേര്‍ഡ് മേജറിനെ പോലെ ഉന്നതനായ സൈനിക ഉദ്യോഗസ്ഥന്‍ വില്ലന്‍ ആയാല്‍ ആളുകള്‍ എങ്ങനെ സ്വീകരിക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ പേടി. പ്രധാനമന്ത്രിയെ പോലും വില്ലന്മാരായി സിനിമകള്‍ വരുന്നുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഇതോടെയാണ് സിനിമ ചെയ്യാമെന്ന് സമ്മതിച്ചത്,’ കമല്‍ കൂട്ടിച്ചേര്‍ത്തു.
Also Read: Rekha Chithram Movie: ദുരൂഹതകൾ നിറഞ്ഞാടുന്ന ‘രേഖാചിത്രം’; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
ദിലീപിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ ക്യാമറാമാന്‍ വേണു വിസമ്മതിച്ചതിനെ കുറിച്ചും കമല്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളാണ് അതിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ‘ ആഗതനിലേക്ക് ആദ്യം ക്യാമറാമാനായി തീരുമാനിച്ചത് വേണുവിനെയാണ്. ഞാന്‍ നേരിട്ടാണ് വേണുവിനെ വിളിച്ച് കാര്യം പറഞ്ഞത്. എന്നാല്‍ നായകന്‍ ദിലീപാണെങ്കില്‍ താന്‍ സിനിമ ചെയ്യില്ലെന്നാണ് വേണു പറഞ്ഞത്. ദിലീപുമായി ചില വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് വേണു പറഞ്ഞത്. കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പിന്നീട് അജയന്‍ വിന്‍സെന്റിനെ വെച്ചാണ് സിനിമ ചെയ്തത്,’ അദ്ദേഹം പറഞ്ഞു.