Hema Committee Report:’രഞ്ജിത്ത് അവസാനത്തെയാളല്ല; രാജിയില്‍ സന്തോഷമോ ദു:ഖമോ ഇല്ല’; ബംഗാളി നടി
രഞ്ജിത്തിന്റെ രാജിയില്‍ സന്തോഷമോ ദു:ഖമോ ഇല്ല. നിരവധിപ്പേര്‍ക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. രഞ്ജിത്ത് അവസാനത്തെയാളല്ല. രഞ്ജിത്തിനെതിരെ നിയമനടപടിക്ക് ഇല്ല. താന്‍ ഒരു പാത ഈകാര്യത്തില്‍ കാണിച്ചിട്ടുണ്ട്. അതില്‍ പലരും പിന്തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെ കേരള പൊലീസ് ഇതുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചില്ലെന്ന് താരം പറഞ്ഞു.
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്ത് രാജിവച്ചതിനു പിന്നാലെ ആദ്യ പ്രതികരണവുമായി ബംഗാളി നടി. രഞ്ജിത്ത് അവസാനത്തെയാളല്ലെന്നും അദ്ദേഹത്തിന്റെ രാജിയിൽ സന്തോഷമോ ദു:ഖമോ ഇല്ലെന്നും താരം പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
രഞ്ജിത്തിന്റെ രാജിയില്‍ സന്തോഷമോ ദു:ഖമോ ഇല്ല. നിരവധിപ്പേര്‍ക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. രഞ്ജിത്ത് അവസാനത്തെയാളല്ല. രഞ്ജിത്തിനെതിരെ നിയമനടപടിക്ക് ഇല്ല. താന്‍ ഒരു പാത ഈകാര്യത്തില്‍ കാണിച്ചിട്ടുണ്ട്. അതില്‍ പലരും പിന്തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെ കേരള പൊലീസ് ഇതുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചില്ലെന്ന് താരം പറഞ്ഞു.
ഇത് പ്രധാനപ്പെട്ട സമയമാണ്. ഇത്തരത്തിലുള്ള എല്ലാ വിഷയവും പുറത്തുവരേണ്ടതുണ്ട്. ഒറ്റരാത്രി കൊണ്ട് ഇപ്പോഴത്തെ രീതികള്‍ മാറില്ല. അതിന് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വേണം. ധൈര്യത്തോടെ സംസാരിക്കുന്ന സ്ത്രീകള്‍ക്ക് എന്നും പിന്തുണ ലഭിക്കുന്നില്ലെന്നും താരം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയ നടിമാരുടെ മൊഴിയില്‍ പ്രത്യേക പരാതി ഇല്ലാതെ തന്നെ കേരളത്തിലെ ഇടതു സര്‍ക്കാര്‍ നടപടി എടുക്കണമെന്നും നടി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു രഞ്ജിത്തിനെതിരെ പീഡന ശ്രമത്തിന്റെ വെളിപ്പെടുത്തലുമായി ബംഗാളി നടി രംഗത്ത് എത്തുന്നത്. മലയാള സിനിമയിലേക്ക് ക്ഷണം ലഭിച്ച നടിക്ക് നേരിടേണ്ടി വന്ന ദുരനുഭവം അവർ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിലാണ് പങ്കുവച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിൽ നിന്ന് തനിക്ക് നേരെ പീഡന ശ്രമമുണ്ടായി. രക്ഷപ്പെടാനായി സംവിധായകന്റെ മുറിയിൽ നിന്ന് ഇറങ്ങി ഓടേണ്ടി വന്നെന്നും കേരളത്തെ കുറിച്ച് ഓർക്കുമ്പോഴെല്ലാം ആ ദുരനുഭവം മനസിലേക്ക് ഓടി വരികയാണെന്നും അവർ പറഞ്ഞു. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് പല കോണുകളിൽ നിന്നുണ്ടായത്. ഇതിനു പിന്നാലെ വയനാട്ടിലെ റിസോർട്ടിൽ താമസിക്കുകയായിരുന്ന രഞ്ജിത്ത്, ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റിയാണ് ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്കു പോയത്. തുടർന്ന് ഇന്ന് രാവിലെ താൻ രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിക്കുകയായിരുന്നു.