Diya Krishna Jewellery Shop Case: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; ജീവനക്കാരികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
Diya Krishna Jewellery Shop Case Updates: സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പ്രതികളായ വിനീത, ദിവ്യ, രാധ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ മൂന്നു ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. കേസിൽ പ്രതികളായ വിനീത, ദിവ്യ, രാധ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. അതിനിടെ, ജീവനക്കാരികള്‍ നല്‍കിയ തട്ടികൊണ്ടു പോകല്‍ കേസില്‍ കൃഷ്ണകുമാറിനും മകൾ ദിയയ്ക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇവർക്കെതിരെ തെളിവുകൾ ഒന്നുംതന്നെ ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ദിവസമാണ്, കൃഷ്ണകുമാറും മകളും ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങി എന്ന കേസില്‍ തെളിവുകളില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചത്. പരാതിക്കാരികളായ മൂന്നു സ്ത്രീകളുടെയും വിശദമായ മൊഴിയെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ, നിലവിൽ ശേഖരിച്ച തെളിവുകളിൽ നിന്നും പരാതി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്.
അതേസമയം, ദിയ കൃഷ്ണയുടെ സ്ഥാപനമായ ‘ഓ ബൈ ഓസി’യിൽ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ക്യു ആർ കോഡ് ഉപയോഗിച്ച് ജീവനക്കാരികള്‍ പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാർ നൽകിയ പരാതി. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. മൂവരും അന്വേഷണത്തോട് സഹകരിക്കാത്തതിനാൽ കസ്റ്റഡയിൽ ചോദ്യം ചെയ്യണമെന്നും പോലീസ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് മൂന്ന് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്.