Squid Game Season 3: ‘ഹാപ്പി എൻഡിങ്’ പ്രതീക്ഷ വേണ്ട; ‘സ്ക്വിഡ് ഗെയിം സീസൺ 3’യെ കുറിച്ച് സംവിധായകൻ
Squid Game Season 3 Will Not Have a Happy Ending: ജൂൺ 27ന് സീരീസ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. ഈ അവസരത്തിൽ, ഷോയ്ക്ക് 'ഹാപ്പി എൻഡിങ്' പ്രതീക്ഷിക്കരുത് എന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഹ്വാങ് ഡോങ്-ഹ്യുക്.
ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘സ്ക്വിഡ് ഗെയിം സീസൺ 3’ എത്താൻ ഇനി ഒരു ദിവസം കൂടി. ജൂൺ 27ന് സീരീസ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. ഈ അവസരത്തിൽ, സീരീസിനൊരു ‘ഹാപ്പി എൻഡിങ്’ പ്രതീക്ഷിക്കരുത് എന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഹ്വാങ് ഡോങ്-ഹ്യുക്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തികൊണ്ടാണ് രണ്ടാം സീസൺ അവസാനിച്ചത്. പ്ലെയർ 456ന് എന്ത് സംഭവിക്കും എന്ന് ഉറ്റുനോക്കുകയാണ് പ്രേക്ഷകർ.
പറയാൻ ബാക്കിവെച്ച കഥയുമായി സ്ക്വിഡ് ഗെയിം സീസൺ 3 എത്തുമ്പോൾ, ഇത് ആശ്വാസം പകരുമെന്ന് കരുതുന്നവർ അത് മാറ്റി ചിന്തിക്കേണ്ടി വരുമെന്ന് സംവിധായകൻ പറഞ്ഞു. മൂന്നാം ഭാഗം കൂടുതൽ ഇരുണ്ടതായിരിക്കും. തന്റെ നിരീക്ഷണം അനുസരിച്ച്, ലോകത്തിന് പ്രതീക്ഷ കുറവാണെന്ന് അദ്ദേഹം പറയുന്നു. ഇതാണ് സീരീസിലും പ്രതിഫലിക്കുക. “മനുഷ്യരാശിയുടെ അവസാന ആശ്രയം എന്തായിരിക്കും?, ഭാവിതലമുറയ്ക്ക് മെച്ചപ്പെട്ടത് എന്തെങ്കിലും നൽകാനുള്ള ഇച്ഛാശക്തി നമുക്കുണ്ടോ?” തുടങ്ങിയ ചോദ്യങ്ങൾ മൂന്നാം ഭാഗത്തിലൂടെ പര്യവേക്ഷണം ചെയ്യാൻ താൻ ശ്രമിച്ചിട്ടുള്ളതായി സംവിധായകൻ വ്യക്തമാക്കി. കൂടാതെ, മൂന്നാം ഭാഗം കണ്ടുകഴിയുമ്പോൾ, ‘എന്നിൽ എത്രത്തോളം മനുഷ്യത്വം ശേഷിക്കുന്നു?’ എന്ന് നാം ഓരോരുത്തരും നമ്മളോട് സ്വയം ചോദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, മൂന്നാം ഭാഗം ഷോയുടെ കാതലായ സന്ദേശം നിലനിർത്തുമെന്ന് സംവിധായകൻ ഉറപ്പുനൽകി. ‘മനുഷ്യർക്ക് എത്രത്തോളം അക്രമാസക്തരാകാൻ കഴിയും, മുതലാളിത്തം വരുത്തിവയ്ക്കാവുന്ന അപകടങ്ങൾ’ തുടങ്ങിയ വിഷയങ്ങൾ മൂന്നാം സീസൺ ചർച്ചചെയ്യും. “ആളുകൾക്ക് ഹാപ്പി എൻഡിങ്ങാണ് ഇഷ്ടം. എനിക്കും അങ്ങനെ തന്നെയാണ്. എന്നാൽ ചില കഥകൾക്ക്, അതിന്റെ സ്വഭാവമനുസരിച്ച്, ഒരു ഹാപ്പി എൻഡിങ് ഉണ്ടാകില്ല. അതിനായി ശ്രമിച്ചാൽ ഒരുപക്ഷെ അതിന്റെ സാരാംശം തന്നെ നഷ്ടമാകും. ഒരു കഥ ഒരു വിഷയത്തിനെതിരെ ശബ്ദം ഉയർത്തുകയാണെങ്കിൽ, അതിനൊരിക്കലും ഹാപ്പി എൻഡിങ് ഉണ്ടാകില്ല. സ്ക്വിങ് ഗെയിമിന്റെ കാര്യത്തിലും ഇത് ബാധകമാണ്.
ALSO READ: അവസാന പോരാട്ടത്തിന് കളം ഒരുങ്ങുന്നു; ‘സ്ക്വിഡ് ഗെയിം സീസൺ 3’ എപ്പോൾ, എവിടെ കാണാം?
അതേസമയം, നെറ്റ്ഫ്ലിക്സിൻറെ പാൻ വേൾഡ് ഹിറ്റ് പരമ്പരയായ ‘സ്ക്വിഡ് ഗെയിമി’ന്റെ അവസാന സീസണായിരിക്കും ഇത്. തീവ്രമായ വൈകാരിക രംഗങ്ങൾ കോർത്തിണക്കിയ ഈ സീസൺ നാളെ സ്ട്രീമിങ് ആരംഭിക്കും. ആറ് എപ്പിസോഡുകളാണ് ഉണ്ടാവുക. 2021ൽ റിലീസായ സ്ക്വിഡ് ഗെയിമിന്റെ ആദ്യ സീസണ് ലഭിച്ച അപ്രതീക്ഷിത വിജയമാണ് മൂന്ന് വർഷമെടുത്ത് സീസൺ 2 റിലീസാകാൻ ഇടയായത്. 173 ദശലക്ഷത്തിലധികം വ്യൂവും 1.2 ബില്യൺ മണിക്കൂറിലധികം കാഴ്ച സമയവുമാണ് രണ്ടാം സീസണ് ലഭിച്ചത്.