Adhila Noora: ‘ആദിലയും നൂറയും വന്നത് എൻ്റെ അറിവോടെയല്ല; സമൂഹത്തോട് ക്ഷമ ചോദിക്കുന്നു’: മലബാർ ഗോൾഡ് എക്സിക്യൂട്ടിവ് ഡയറക്ടർ
Faisal AK Malabar About Adhila Noora: ആദിലയും നൂറയും വീട് പാലുകാച്ചലിനെത്തിയത് തൻ്റെ അറിവോടെയല്ലെന്ന് ഫൈസൽ എകെ മലബാർ, തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫൈസൽ എകെ മലബാറിൻ്റെ പാലുകാച്ചലിന് സ്വവർഗ കമിതാക്കളായ ആദിലയും നൂറയും എത്തിയിരുന്നു. ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. എന്നാൽ, ഇവർ വന്നത് തൻ്റെ അറിവോടെയല്ലെന്ന ഫൈസൽ എകെ മലബാറിൻ്റെ നിലപാട് ഇപ്പോൾ വിവാദമായിരിക്കുകയാണ്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം നിലപാടറിയിച്ചത്.
ഗൃഹപ്രവേശന ചടങ്ങുകളിൽ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തെന്നും ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന തങ്ങളെ സംബന്ധിച്ച് സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കുറിച്ചു. എന്നാൽ, രണ്ട് പെൺകുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തത് തൻ്റെ അറിവോടെയല്ല. പൊതു സമൂഹത്തിൻ്റെ സദാചാരമൂല്യങ്ങളെ വെല്ലുവിളിച്ചും മാതാപിതാക്കളെ ധിക്കരിച്ചും സമൂഹമധ്യത്തിൽ താറടിച്ചും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതുതലമുറക്ക് തെറ്റായ സന്ദേശം നൽകി എന്ന ആരോപണത്തെ മുഖവിലക്കെടുക്കുകയാണ്. വിഷയത്തിൽ ആത്മാർത്ഥമായ ഖേദം അറിയിക്കുകയും സമൂഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം കുറിച്ചു.
ഫൈസൽ എകെ മലബാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
എൻ്റെ ഗൃഹപ്രവേശന ചടങ്ങുകളിൽ സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തു. ആഗോള തലത്തിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാത്തരം സൗഹൃദങ്ങളും കാത്തുസൂക്ഷിക്കേണ്ടതുണ്ട്.
എന്നാൽ, എൻ്റെ പരിപാടിയിൽ രണ്ട് പെൺകുട്ടികൾ പങ്കെടുത്തത് എനിക്ക് മുൻകൂട്ടി അറിവുണ്ടായിട്ടല്ല. പൊതു സമൂഹത്തിൻ്റെ സദാചാരമൂല്യങ്ങളെ വെല്ലു വിളിച്ചും സ്വന്തം മാതാപിതാക്കളെ തന്നെ ധിക്കരിച്ചും സമൂഹ മധ്യത്തിൽ താറടിച്ചും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതു തലമുറക്ക് തെറ്റായ സന്ദേശം നൽകി എന്ന ആരോപണത്തെ മുഖവിലക്കെടുക്കുന്നു. മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ട് എൻ്റെ ആത്മാർത്ഥമായ ഖേദം അറിയിക്കുകയും സമൂഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു.
പോസ്റ്റ് കാണാം