G Suresh Kumar: ‘മകളുടെ പ്രതിഫലം ചോദിക്കുന്നവരോട് പറയാനുള്ളത്’; മറുപടിയുമായി ജി സുരേഷ് കുമാർ
G Suresh Kumar About Keerthy Suresh’s Remuneration: മലയാള സിനിമയിൽ പെൺകുട്ടികൾക്ക് ലഭിക്കുന്ന പ്രതിഫലം കുറവാണെന്നും സുരേഷ് കുമാർ പറയുന്നു. എല്ലാവർക്കും ഒരുപോലെ പ്രതിഫലം കൊടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിർമാതാക്കൾ നേരിടുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സമീപകാലത്ത് നിർമാതാവ് ജി സുരേഷ് കുമാർ നടത്തിയ ചില പ്രസ്താവനകൾ വലിയ തോതിൽ ചർച്ചയായിരുന്നു. താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്നതായിരുന്നു പ്രധാന ആവശ്യം. വലിയ ബഡ്ജറ്റ് സിനിമകൾ വരെ പരാചയപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ മലയാളത്തിലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നാലെ മകൾ കീർത്തി സുരേഷ് പ്രതിഫലം കുറയ്ക്കാൻ തയ്യാറാണോ എന്ന ചോദ്യം വ്യാപകമായി ഉയർന്നു. ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ സുരേഷ് കുമാർ. അമൃത ന്യൂസിനോടായിരുന്നു പ്രതികരണം.
തന്റെ മകൾ മലയാള സിനിമയിൽ നിന്ന് എത്ര രൂപ വാങ്ങിച്ചിട്ടുണ്ടെന്ന് തനിക്കറിയാമെന്ന് സുരേഷ് കുമാർ പറയുന്നു. ഇവിടെ ലഭിക്കുന്ന പ്രതിഫലമല്ല തമിഴിലും തെലുങ്കിലും ലഭിക്കുന്നത്. അവിടെ താരങ്ങൾക്ക് പ്രതിഫലം കൂടുതലാണ്. മലയാളത്തിൽ വാങ്ങുന്നതിനെ കുറിച്ച് പറഞ്ഞാൽ തനിക്ക് മനസിലാകുമെന്നും അവിടെ വാങ്ങുന്നതിനെ കുറിച്ച് ആരും പറയേണ്ട കാര്യമില്ലെന്നും സുരേഷ് കുമാർ വ്യക്തമാക്കി. അവരെ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാള സിനിമയിൽ പെൺകുട്ടികൾക്ക് ലഭിക്കുന്ന പ്രതിഫലം കുറവാണെന്നും സുരേഷ് കുമാർ പറയുന്നു. എല്ലാവർക്കും ഒരുപോലെ പ്രതിഫലം കൊടുക്കാൻ കഴിയില്ല. നായകന്റെയും നായികയുടെയും പ്രതിഫലം തമ്മിൽ വലിയ അന്തരമുണ്ട്. പ്രേം നസീറും മധുവും അഭിനയിച്ചിരുന്ന കാലത്ത് ശീലയ്ക്കും ജയഭാരതിക്കും ലഭിച്ചിരുന്ന പ്രതിഫലം വളരെ കുറവാണെന്നും അദ്ദേഹം പറയുന്നു. തന്റെ ഭാര്യ (മേനക) അഭിനയിച്ചിരുന്ന കാലത്തും നായകനെക്കാൾ കുറവ് പ്രതിഫലം തന്നെയാണ് ലഭിച്ചിരുന്നതെന്നും സുരേഷ് കുമാർ പറഞ്ഞു.
നടി നയൻതാരയുടെ പ്രതിഫലത്തെ കുറിച്ചും സുരേഷ് കുമാർ സംസാരിച്ചു. നയൻതാര ഇപ്പോൾ സൂപ്പർസ്റ്റാറാണ്. അവർ വാങ്ങിക്കുന്നതിലും കുറവ് പ്രതിഫലം ആയിരിക്കും ചിലപ്പോൾ നായകൻ വാങ്ങുന്നത്. മറിച്ചും സംഭവിക്കാറുണ്ടെന്ന് സാരം. പ്രതിഫലം ഓരോരുത്തരുടെയും പ്രശസ്തി അനുസരിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ഒരുപോലെ പ്രതിഫലം കൊടുക്കുന്നത് നടക്കാത്ത കാര്യമാണ്. ഐശ്വര്യ റായിയെല്ലാം വലിയ രീതിയിലുള്ള പ്രതിഫലമാണ് വാങ്ങിച്ചിരുന്നത്. സൗത്തിൽ അഭിനയിക്കുന്ന സമയത്ത് ചിലപ്പോൾ ഇവിടെയുള്ളവരേക്കാൾ പ്രതിഫലം വാങ്ങുന്നുണ്ടാകാം. അതെല്ലാം സ്വാഭാവികമാണ്. മാർക്കറ്റ് അനുസരിച്ച് മാറും. കുറേക്കാലം കഴിയുമ്പോൾ അവരുടെ മാർക്കറ്റ് ഇടിഞ്ഞാൽ കുറവ് പ്രതിഫലമായിരിക്കും ലഭിക്കുക എന്നും ജി സുരേഷ് കുമാർ കൂട്ടിച്ചേർത്തു.