Kalyani Priyadarshan: ‘അത്തരം സാഹചര്യങ്ങളിൽ ആദ്യം വിളിക്കുന്നത് ദുൽഖറിനെ, അതിനിന്നും മാറ്റം വന്നിട്ടില്ല’; കല്യാണി പ്രിയദർശൻ
Kalyani Priyadarshan Talks About Dulquer Salmaan: നടൻ ദുൽഖർ സൽമാനുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് കല്യാണി പ്രിയദർശൻ. ദുൽഖറിനെ കുറിച്ച് താൻ എല്ലാ അഭിമുഖങ്ങളിലും സംസാരിക്കാറുണ്ടെന്നും ചോദ്യങ്ങൾ മാറിയാലും ദുൽഖറിനെ കുറിച്ചുള്ള തന്റെ ഉത്തരങ്ങൾ മാറില്ലെന്നും നടി പറയുന്നു.
മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടിയും സംവിധായകൻ പ്രിയദർശന്റെ മകളുമായ കല്യാണി പ്രിയദർശൻ. 2017ൽ വിക്രം കുമാർ സംവിധാനം ചെയ്ത ‘ഹലോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം അഭിനയത്തിലേക്ക് കടന്നുവരുന്നത്. തുടർന്ന്, 2020ൽ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും എത്തി. ഇപ്പോഴിതാ, കല്യാണി പ്രധാനവേഷത്തിൽ എത്തുന്ന ‘ലോകഃ ചാപ്റ്റർ വൺ ചന്ദ്ര’ റീലിസിന് ഒരുങ്ങുകയാണ്. നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്.
നടൻ ദുൽഖർ സൽമാനുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് കല്യാണി പ്രിയദർശൻ. ദുൽഖറിനെ കുറിച്ച് താൻ എല്ലാ അഭിമുഖങ്ങളിലും സംസാരിക്കാറുണ്ടെന്നും ചോദ്യങ്ങൾ മാറിയാലും ദുൽഖറിനെ കുറിച്ചുള്ള തന്റെ ഉത്തരങ്ങൾ മാറില്ലെന്നും നടി പറയുന്നു. തന്റെ കരിയറിൽ ഏതെങ്കിലും തരത്തിലൊരു അരക്ഷിതാവസ്ഥ നേരിട്ടാൽ ആദ്യം വിളിക്കുന്നത് ദുൽഖറിനെയാണെന്ന് കല്യാണി പറയുന്നു. ഫിൽമിബീറ്റ് മലയാളത്തിനോട് സംസാരിക്കുകയിരുന്നു നടി.
“അവൻ എന്റെ ബെസ്റ്റ് ഫ്രണ്ടല്ല. അങ്ങനെ ബെസ്റ്റ് ഫ്രണ്ടെന്ന് പറയാൻ കഴിയില്ല. കാരണം ഞങ്ങൾ തമ്മിൽ എല്ലാ ദിവസവും വിളിച്ച് സംസാരിക്കുന്ന ഒരു ബന്ധമല്ല ഉള്ളത്. പക്ഷെ എന്റെ കരിയറിലും അഭിനയത്തിലും എനിക്ക് ഏതെങ്കിലും തരത്തിലുള്ള അരക്ഷിതാവസ്ഥ (ഇൻസെക്യൂരിറ്റീസ്) വന്നാൽ ഞാൻ ആദ്യം വിളിക്കുന്നത് ഡി.ക്യൂവിനെ ആണ്. എന്തെങ്കിലും ഉപദേശം വേണമെങ്കിൽ ചോദിക്കുന്നതും ഡി.ക്യൂവിനോട് തന്നെയാണ്. അവൻ എപ്പോഴും എനിക്ക് വേണ്ടി നിൽക്കാറുണ്ട്. അതിലൊരു മാറ്റവും ഉണ്ടായിട്ടില്ല. ആദ്യ സിനിമ മുതൽ ഇന്നുവരെ അതിൽ മാറ്റം വന്നിട്ടില്ല” എന്നും കല്യാണി പ്രിയദർശൻ പറഞ്ഞു.
ALSO READ: ‘മകളുടെ പ്രതിഫലം ചോദിക്കുന്നവരോട് പറയാനുള്ളത്’; മറുപടിയുമായി ജി സുരേഷ് കുമാർ
‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചപ്പോൾ ദുൽഖറിന്റെ പ്രതികരണം എങ്ങനെയായിരുന്നു എന്ന ചോദ്യത്തിനും കല്യാണി മറുപടി നൽകി. “ഡി.ക്യൂ അന്ന് എനിക്കൊരു മെസേജ് അയച്ചിരുന്നു. അത് ഇപ്പോഴും എനിക്ക് നല്ല ഓർമയുണ്ട്. എന്നെ അവൻ കാസോൺ എന്നാണ് വിളിക്കുക. ‘കാസോൺ, നീ നിനക്ക് ലഭിക്കുന്ന കമന്റുകൾ കാണുന്നുണ്ടെന്ന് ഞാൻ കരുതുന്നു. നീ അത് അർഹിക്കുന്നുണ്ട്’ എന്നായിരുന്നു ആ മെസേജ്” കല്യാണി പ്രിയദർശൻ പറഞ്ഞു.