Gayathri Suresh: ‘ഷൂട്ടിങിന് പോയപ്പോള്‍ ഉറങ്ങുന്നതിനിടെ ആരോ കഴുത്തിന് പിടിക്കുന്നതുപോലെ തോന്നി, പ്രേതമാണോയെന്ന് അറിയില്ല’
Gayatri Suresh talks about shocking experiences: മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞതിന് ആരെയും പഴിക്കാനാകില്ലെന്ന് ഗായത്രി. അത് തന്റെ പിഴവുകൊണ്ടാണെന്ന് 100 ശതമാനം പറയാനാകും. സിനിമയില്‍ വന്നപ്പോള്‍ പെട്ടെന്നൊരു ഫ്രീഡം കിട്ടിയതുപോലെയായിരുന്നെന്നും താരം

ഗായത്രി സുരേഷ്
ഒരിടവേളയ്ക്ക് ശേഷം ഗായത്രി സുരേഷ് മലയാളത്തിലേക്ക് തിരികെയെത്തുന്ന ചിത്രമാണ് തയ്യല്‍ മെഷീന്‍. ഹൊറര്‍ ത്രില്ലറാണ് ഈ ചിത്രം. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗായത്രി താന്‍ നേരിട്ട ‘പ്രേതാനുഭവ’ങ്ങളെക്കുറിച്ച് വിവരിച്ചു. ഒരേ മുഖം സിനിമയുടെ ഷൂട്ടിങിന് പോയപ്പോള്‍ രാത്രിയില്‍ ഉറങ്ങുന്ന സമയത്ത് ആരോ കഴുത്തിന് പിടിക്കുന്നതുപോലെ തോന്നിയെന്നും അത് സ്ലീപ് പാരലൈസിസ് ആണോയെന്ന് അറിയില്ലെന്നും ഗായത്രി പറഞ്ഞു. അത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അത് പ്രേതമാണോയെന്ന് അറിയില്ല. അത് നമ്മുടെ ചിന്തയായിരിക്കാം. പ്രേതത്തെ പേടിയുണ്ട്. പ്രേതമുണ്ടെന്ന് വിശ്വസിക്കാതിരിക്കാനാണ് ഇഷ്ടം. നെഗറ്റീവ് എനര്‍ജിയുണ്ട്. അത് പ്രേതമാണോയെന്ന് പറയാനാകില്ലെന്നും ഗായത്രി വ്യക്തമാക്കി.
ആരെയും പഴിക്കാനാകില്ല
മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞതിന് ആരെയും പഴിക്കാനാകില്ലെന്നും ഗായത്രി വ്യക്തമാക്കി. അത് തന്റെ പിഴവുകൊണ്ടാണെന്ന് 100 ശതമാനം പറയാനാകും. സിനിമയില്‍ വന്നപ്പോള്‍ പെട്ടെന്നൊരു ഫ്രീഡം കിട്ടിയതുപോലെയായിരുന്നു. കൂടുതലായും സിനിമയില്‍ ശ്രദ്ധിക്കുന്നതിനു പകരം കൂട്ടുകാരുടെ കൂടെയും, പാര്‍ട്ടികളില്‍ പങ്കെടുക്കാനും പോയി. കുറേ നാള്‍ പൊളിച്ചു, ഉഴപ്പി. കയ്യില്‍ കിട്ടിയതിന്റെ മൂല്യം മനസിലായിരുന്നില്ല. ഇപ്പോള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണെന്നും താരം വെളിപ്പെടുത്തി.
അഹങ്കാരം വന്ന ഒരാളാണ് താന്‍. അത് അന്ന് മനസിലായിരുന്നില്ല. ഇപ്പോഴാണ് അത് തിരിച്ചറിയുന്നത്. അവസരങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുമെന്നാണ് നേരത്തെ വിചാരിച്ചത്. അവസരങ്ങള്‍ ചോദിക്കാന്‍ മടിയായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ലെന്നും ഗായത്രി സുരേഷ് പറഞ്ഞു.
ആഴമുള്ള കഥാപാത്രങ്ങള്‍ തെലുങ്കില്‍ നിന്നാണ് വന്നിരിക്കുന്നത്. അതുകൊണ്ട് അവിടെ ചെയ്തു. മലയാളത്തില്‍ നിന്നുള്ള അവസരങ്ങള്‍ കുറവായിരുന്നു. അതുകൊണ്ടാണ് മലയാളത്തില്‍ കുറച്ച് സിനിമകള്‍ മാത്രം ചെയ്തത്. പക്ഷേ, ഇപ്പോള്‍ പിക്കപ്പ് ചെയ്തു വരുന്നുണ്ട്. ഇപ്പോള്‍ ഒരുപാട് സിനിമകളുടെ കഥകള്‍ കേള്‍ക്കുന്നുണ്ട്. അതില്‍ സന്തോഷമുണ്ടെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.