Guinness Pakru: റിസപ്ഷൻ തുടങ്ങി അര മണിക്കൂറിനകം ഭക്ഷണം തീർന്നു; ആ സ്ഥലം കണ്ടെത്തിയത് ടിനി ടോം: വെളിപ്പെടുത്തി ഗിന്നസ് പക്രു
Guinness Pakru Reveals Uninvited Guests Crashed His Wedding: തൻ്റെ വിവാഹത്തിൽ ക്ഷണിക്കപ്പെടാത്ത നിരവധി ആളുകൾ വന്നെന്നും ഇതുകൊണ്ട് ഭക്ഷണക്ഷാമമുണ്ടായി എന്നും ഗിന്നസ് പക്രുവിൻ്റെ വെളിപ്പെടുത്തൽ. ടിനി ടോം ആണ് തനിക്ക് ഈ സ്ഥലം കണ്ടെത്തിത്തന്നതെന്നും പക്രു പറഞ്ഞു.

ഗിന്നസ് പക്രു, ടിനി ടോം
തൻ്റെ വിവാഹത്തിൻ്റെ റിസപ്ഷനിൽ അര മണിക്കൂറിനകം ഭക്ഷണം തീർന്നു എന്ന് നടൻ ഗിന്നസ് പക്രു. ആളുകളൊന്നും വരില്ലെന്നും സ്വകാര്യത ലഭിക്കുമെന്നും പറഞ്ഞ് ടിനി ടോം ആണ് ഈ സ്ഥലം കണ്ടെത്തിത്തന്നത് എന്നും ഗിന്നസ് പക്രു പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോടാണ് ഗിന്നസ് പക്രുവിൻ്റെ വെളിപ്പെടുത്തൽ. 2006ലാണ് ഗായത്രി മോഹനെ ഗിന്നസ് പക്രു വിവാഹം കഴിച്ചത്.
“എൻ്റെ കല്യാണം പൊളിച്ചവനാ ഇവൻ. ആ സമയത്ത് എനിക്ക് മീഡിയ അറ്റൻഷൻ കുറച്ച് കൂടുതലായിരുന്നു. അതുകൊണ്ട് ആളുകൾ അധികം വരാത്ത ഒരു സ്ഥലം വേണമായിരുന്നു റിസപ്ഷന്. അപ്പോൾ ടിനി ടോം എന്നോട് പറഞ്ഞു, ആലുവയിൽ വൈഎംസിഎ എന്നൊരു സ്ഥലമുണ്ട്, അവിടെ നല്ല പ്രൈവസിയാണ്. ഒരു മനുഷ്യൻ വരില്ല എന്ന്. എൻ്റെ കല്യാണ റിസപ്ഷനും അവിടെയായിരുന്നു. അങ്ങനെ നമ്മൾ വളരെ ലിമിറ്റഡായ കുറച്ച് ആൾക്കാരെ വിളിച്ച് സംഗതി റെഡിയാക്കി. കല്യാണ ഫംഗ്ഷൻ അവിടെയാണ് നടക്കുന്നത്. ടിനിയാണ് സംഘാടകനും സെക്യൂരിറ്റിയും എല്ലാം. റിസപ്ഷൻ തുടങ്ങി അര മണിക്കൂറിനകം ഭക്ഷണം തീർന്നുപോയി.”- ഗിന്നസ് പക്രു പറഞ്ഞു. മണപ്പുറം ശിവരാത്രിയുടെ അടുത്തായിരുന്നു ഈ ഹാൾ എന്ന് ടിനി ടോം തുടർന്നു. സിബി മലയിൽ സാറൊക്കെ വന്നപ്പോൾ ഭക്ഷണം തീർന്നു എന്നും അദ്ദേഹം പറഞ്ഞു.
“കാരണം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ആ വൈഎംസിഎയിൽ തന്നെ 1000 പിള്ളേർ താമസിച്ച് പഠിക്കുന്നുമുണ്ടായിരുന്നു. അങ്ങനെ സേഫ്റ്റി ആയിട്ടൊരു സ്ഥലം കണ്ടുപിടിച്ച് തന്ന ആളാണ് ടിനി. ബലിതർപ്പണത്തിന് വന്നവർ എതിർവശത്ത് കളർഫുൾ ലൈറ്റും മറ്റുമൊക്കെ ആൾക്കാർ കണ്ടു.”- ഗിന്നസ് പക്രു തുടർന്നു.
അജയ് കുമാർ എന്ന പക്രു അത്ഭുത ദ്വീപ് എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് ഗിന്നസ് ബുക്കിൽ ഇടം നേടിയത്. ഒരു സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഗിന്നസ് റെക്കോർഡാണ് താരം നേടിയത്. 1986ൽ അമ്പിളി അമ്മാവൻ എന്ന സിനിമയിലൂടെയാണ് പക്രു അഭിനയ ജീവിതം ആരംഭിച്ചത്.