Lakshmi Menon: നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ഓണാവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും
IT Employee Kidnapping Case: കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച ലക്ഷ്മിയുടെ അറസ്റ്റ് ഓണാവധി കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും വരെ കോടതി തടയുകയായിരുന്നു. ഓണം അവധിക്ക് ശേഷം മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കും.

ലക്ഷ്മി മേനോൻ
കൊച്ചി: കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച ലക്ഷ്മിയുടെ അറസ്റ്റ് ഓണാവധി കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും വരെ കോടതി തടയുകയായിരുന്നു. ഓണം അവധിക്ക് ശേഷം മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കും.
പരാതിക്കാരനായ യുവാവ് പറയുന്ന കാര്യങ്ങൾ സത്യമല്ലെന്നാണ് ലക്ഷ്മി മേനോന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. തന്റെ ഭാഗത്ത് നിന്ന് പരാതിയിൽ പറയുന്ന തരത്തിലുള്ള തെറ്റുകൾ സംഭവിച്ചിട്ടില്ലെന്നും നടി പറയുന്നു. പരാതിക്കാരന്‍ ബാറില്‍വെച്ച് തനിക്കെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും അവര്‍ പറഞ്ഞു.
ആഗസ്റ്റ് 24-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരത്തിലെ ബാറിൽ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് എത്തിച്ചത്. സംഘത്തിൽ നടിയും ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളും കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തിയ ശേഷം തന്നെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് ഉപേക്ഷിച്ചെന്നാണ് ഐടി ജീവനക്കാരനായ യുവാവിന്‍റെ പരാതി. നടിയും സുഹൃത്തുക്കളും ചേർന്ന് കാർ തടഞ്ഞ് ബഹളം വെക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
പരാതിയിൽ കേസെടുത്ത പോലീസ് നടിക്കൊപ്പമുണ്ടായിരുന്ന അനീഷ്, മിഥുന്‍, സോനാമോള്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇതോടെ ലക്ഷ്മി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യാപേക്ഷ സ്വീകരിച്ച കോടതി വിശദമായ വാദം കേള്‍ക്കാനായി മാറ്റിവച്ചു. അതുവരെ നടിയെ അറസ്റ്റ് ചെയ്യരുതെന്നാണ് പൊലീസിന് കോടതിയുടെ നിര്‍ദേശം.