Mohiniyattam Movie: സര്‍പ്രൈസായി കിട്ടിയ വേഷം തലവര മാറ്റി; മോഹിനിയാട്ടത്തിലെ ഇരട്ടകളെ ഇഷ്ടപ്പെട്ടോ?
Jinil Rexa and Jivin Rexa Malayalam Interview: മോഹിനിയാട്ടം എന്ന പേരിലാണ് ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം വരുന്നത്. ഭരതന്‍ നായരുടെ മരണത്തിന് ശേഷം ആ കുടുംബത്തില്‍ എന്തുണ്ടായെന്നാണ് മോഹിനിയാട്ടം സംസാരിക്കുന്നത്. തിയേറ്ററിലെത്തിയപ്പോള്‍ വലിയ ശ്രദ്ധ കിട്ടാതെ പോയ സിനിമയ്ക്ക് ഒടിടി നേര്‍വഴി കാണിക്കുകയായിരുന്നു.

ജിനില്‍, ജിവിന്‍, സായ് കുമാര്‍
വിജയിച്ച സിനിമകള്‍ക്ക് മാത്രമല്ല, തിയേറ്ററില്‍ പരാജയപ്പെട്ട സിനിമകള്‍ക്കും രണ്ടാം ഭാഗം ഇറങ്ങാറുണ്ട്. ആദ്യമൊക്കെ അതിനൊരു ഉദാഹരണമായി പറഞ്ഞിരുന്നത് ജയസൂര്യയുടെ ആട് എന്ന സിനിമയായിരുന്നു. എന്നാല്‍ ആട് എന്ന സിനിമയ്ക്ക് പുറമെ മറ്റൊരു പരാജയ സിനിമയുടെ രണ്ടാം ഭാഗവും വരാനിരിക്കുകയാണ്. സൈജു കുറുപ്പ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഭരതനാട്യം എന്ന സിനിമയാണത്.
മോഹിനിയാട്ടം എന്ന പേരിലാണ് ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം വരുന്നത്. ഭരതന്‍ നായരുടെ മരണത്തിന് ശേഷം ആ കുടുംബത്തില്‍ എന്തുണ്ടായെന്നാണ് മോഹിനിയാട്ടം സംസാരിക്കുന്നത്. തിയേറ്ററിലെത്തിയപ്പോള്‍ വലിയ ശ്രദ്ധ കിട്ടാതെ പോയ സിനിമയ്ക്ക് ഒടിടി നേര്‍വഴി കാണിക്കുകയായിരുന്നു. ഒടിടി വഴി ഹിറ്റായ സിനിമ അതിലെ താരങ്ങള്‍ക്കും തുറന്നുകൊടുത്തത് അവസരങ്ങളുടെ വലിയ വാതിലാണ്.
ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും വഴിത്തിരിവാകുന്നത്, അല്ലെങ്കില്‍ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത് ഇരട്ടകളെ പോലെ ഇരിക്കുന്ന ഭരതന്‍ നായരുടെ മക്കളാണ്. എന്നാല്‍ ഈ രണ്ടാണ്‍കുട്ടികളും ഒരമ്മയ്ക്ക് പിറന്നതല്ല, ഭരതന്‍ നായരുടെ രണ്ട് ഭാര്യമാരിലായി ജനിച്ച ഈ കുട്ടികളും അവരെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം.
ജിനില്‍ റെക്‌സ, ജിവിന്‍ റെക്‌സ എന്നീ ഇരട്ട സോഹദരന്മാരാണ് സിനിമയില്‍ അരുണ്‍ ഘോഷ്, അജയ് ഘോഷ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വളരെ അപ്രതീക്ഷിതമായാണ് തങ്ങളെ തേടി ഈ കഥാപാത്രങ്ങള്‍ എത്തിയതെന്ന് പറയുകയാണ് ഇരുവരും. ടിവി9 മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതികരണം.
“ഞങ്ങള്‍ ആദ്യം അഭിനയിച്ച ശലമോന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തിന്റെ സുഹൃത്താണ് സംവിധായകന്‍ കൃഷ്ണദാസ് മുരളി. ശലമോന്റെ ഡബ്ബിങ് സമയത്താണ് കൃഷ്ണദാസിനെ പരിചയപ്പെടുന്നത്. ഭരതനാട്യത്തിന്റെ വര്‍ക്ക് നടക്കുന്ന സമയമാണത്. ഞങ്ങള്‍ ചെയ്ത വേഷങ്ങള്‍ വേറെ ഇരട്ടകള്‍ക്ക് പറഞ്ഞുവെച്ചതായിരുന്നു. എന്നാല്‍ അവരില്‍ ഒരാള്‍ ഉഴപ്പിയത് ഞങ്ങള്‍ക്ക് ഗുണം ചെയ്തു.
ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് സിനിമയില്‍ അവസരം ലഭിക്കുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ചേ ചിന്തിച്ചിട്ടില്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റായെല്ലാം മുമ്പ് പോയിട്ടുണ്ട്. സിനിമയ്ക്ക് പിന്നാലെ നടന്നിട്ടില്ല. സിനിമ എഡിറ്റ് ചെയ്യാനായിരുന്നു ആഗ്രഹം,” എന്ന് ജിവിനും ജിനിലും പറയുന്നു.