JSK vs Censor Board: ‘ജാനകി എന്ന പേര് സീതാദേവിയുടേത്’; ജെഎസ്കെയുടെ പ്രദർശനം തടയാൻ സെൻസർ ബോർഡിൻ്റെ വിചിത്ര ന്യായം
B Unnikrishnan Criticizes Censor Board Over JSK Controversy: ജാനകി വിഎസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിൻ്റെ കാരണം പറഞ്ഞ് ബി ഉണ്ണികൃഷ്ണൻ. ജാനകി എന്ന പേര് സീതാദേവിയുടേത് ആയതുകൊണ്ടാണ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി നായകനായി പുറത്തിറങ്ങുന്ന ‘ജാനകി വിഎസ് സ്റ്റേറ്റ് ഓഫ് കേരള’ (ജെഎസ്‌കെ) എന്ന സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡ് വിസമ്മതിച്ചത് വലിയ ചർച്ചയായിരുന്നു. ടൈറ്റിലിലെ ജാനകി എന്ന പേര് മാറ്റണമെന്നായിരുന്നു സെൻസർ ബോർഡിൻ്റെ ആവശ്യം. എന്നാൽ, ഇത് എന്തുകൊണ്ടാണെന്ന് വ്യക്തതയുണ്ടായിരുന്നില്ല. ഇപ്പോൾ സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണൻ സിനിമയുടെ പ്രദർശനാനുമതി തടഞ്ഞതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
ജാനകി എന്ന പേര് സീതാദേവിയുടേതാണെന്നും ഇരയാക്കപ്പെടുന്ന പെൺകുട്ടിയുടെ പേര് സീതാദേവിയുടേത് ആവാൻ പാടില്ലെന്നുമായിരുന്നു സെൻസർ ബോർഡിൻ്റെ നിലപാടെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടിയാണ് സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത്. നേരത്തെ എംബി പത്മകുമാറിൻ്റെ സിനിമയ്ക്കും ഇതേ പ്രശ്നമുണ്ടായിരുന്നു. ടോക്കൺ നമ്പർ എന്ന സിനിമയിൽ എബ്രഹാമും ജാനകിയും തമ്മിലുള്ള പ്രണയമായിരുന്നു പ്രമേയം. ജാനകി എന്ന പേര് മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. ജാനകിയുടെ പേര് ജനന്തി എന്ന് ആക്കിയപ്പോഴാണ് സർട്ടിഫിക്കറ്റ് നൽകിയത്. ഏതൊക്കെ പേര് ഉപയോഗിക്കാമെന്ന് സെൻസർ ബോർഡ് പറയട്ടെ. ഷോക്കോസ് നോട്ടീസിനായി കാത്തിരിക്കുകയാണെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.




കുറച്ചുമുൻപ് എംബി പത്മകുമാർ ഇതേകാര്യം തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വിഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. ജാനകിയെയോ എബ്രഹാമിനെയോ ഗർഭാവസ്ഥയിൽ വച്ച് തന്നെ കൊന്നുകളയണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. ജാനകിയെ രക്ഷിക്കാനായി എബ്രഹാമിനെ കൊല്ലാനാണ് ആദ്യം ആവശ്യപ്പെട്ടത്. അത് അസാധ്യമായതുകൊണ്ട് പല വഴികളും നോക്കി. കരഞ്ഞ് കാല് പിടിച്ചെങ്കിലും നടന്നില്ല. അന്ന് ജെഎസ്കെയ്ക്ക് വേണ്ടി വാദിച്ചവരൊന്നും അന്ന് രംഗത്തുവന്നില്ല. സിനിമ പുറത്തിറങ്ങരുതെന്ന് ആർക്കൊക്കെയേ വാശിയുണ്ടായിരുന്നു. ഒടുവിൽ കഥാപാത്രത്തിൻ്റെ പേര് മാറ്റുകയായിരുന്നു എന്നും എം പത്മകുമാർ പറഞ്ഞു.
പ്രവീൺ നാരായണൻ്റെ സംവിധാനത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ സിനിമയാണ് ജാനകി വിഎസ് സ്റ്റേറ്റ് ഓഫ് കേരള. ഈ മാസം 27നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്.