Kalabhavan Navas: കലാഭവൻ നവാസിൻ്റെ ഖബറടക്കം ആലുവ ടൗൺ ജുമാ മസ്ജിദിൽ; വൈകുന്നേരം നാല് മണി മുതൽ പൊതുദർശനം
Kalabhavan Navas Funeral Today: കലാഭവൻ നവാസിൻ്റെ ഖബറടക്കം ഇന്ന് വൈകിട്ട്. വൈകുന്നേരം നാല് മുതൽ അഞ്ചര വരെയുള്ള പൊതുദർശനത്തിന് ശേഷമാവും ഖബറടക്കം.
മരണപ്പെട്ട കലാഭവൻ നവാസിൻ്റെ ഖബറടക്കം ആലുവ ടൗൺ ജുമാ മസ്ജിദിൽ ഇന്ന് നടക്കും. വൈകുന്നേരം നാല് മണി മുതൽ മസ്ജിദിൽ പൊതുദർശനം നടക്കും. നാല് മുതൽ അഞ്ചര വരെയുള്ള പൊതുദർശനത്തിന് ശേഷമാവും ഖബറടക്കം. ഈ മാസം ഓഗസ്റ്റ് ഒന്നിന് രാത്രിയാണ് 51 വയസുകാരനായ കലാഭവൻ നവാസിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിയിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ കലാഭവൻ നവാസിന് അനക്കമുണ്ടായിരുന്നതായി ഹോട്ടലുടമ വെളിപ്പെടുത്തിയിരുന്നു. എല്ലാവരും ചെക്കൗട്ട് ചെയ്തിട്ടും അദ്ദേഹം ചെക്കൗട്ട് ചെയ്തില്ല. ബെല്ലടിച്ചപ്പോൾ പ്രതികരണമില്ലാതിരുന്നു എന്നും വാതിൽ തുറന്നപ്പോൾ അദ്ദേഹം നിലത്ത് മരിച്ചുകിടക്കുന്നതായി കണ്ടെത്തിയെന്നും ഹോട്ടൽ ജീവനക്കാർ പ്രതികരിച്ചു.




പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു നവാസിൻ്റെ മരണം. ചിത്രീകരണത്തിനിടെ ലഭിച്ച രണ്ട് ദിവസത്തെ അവധിയിൽ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു താരം. വൈകിട്ട് ആറ് മണിയോടെ അദ്ദേഹം ഹോട്ടലിലെത്തി. എട്ട് മണിക്ക് നാട്ടിലേക്ക് മടങ്ങുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഹോട്ടലിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ് ചില അണിയറപ്രവർത്തകരൊക്കെ ചെക്കൗട്ട് ചെയ്തെങ്കിലും നവാസിനെ കണ്ടില്ല. ഇതോടെ ജീവനക്കാർ മുറിയിലേക്ക് ഫോൺ വിളിച്ചു. പക്ഷേ, ആരും എടുത്തില്ല. റൂമിലെത്തി ബെല്ലടിച്ചെങ്കിലും പ്രതികരണമുണ്ടാവാത്തതിനെ തുടർന്ന് സംശയം തോന്നിയ ഹോട്ടൽ ജീവനക്കാരൻ മുറി തുറന്ന് പരിശോധിക്കുകയായിരുന്നു. വാതിൽ അകത്തുനിന്ന് പൂട്ടിയിരുന്നില്ല.
ജീവനക്കാർ നോക്കുമ്പോൾ മുറിയിൽ കട്ടിലിനോട് ചേർന്ന് നിലത്തുവീണ് കിടക്കുന്ന നവാസിനെയാണ് കണ്ടത്. സഹപ്രവർത്തകരെ കൂട്ടി ഉടൻ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ശരീരത്തിന് അനക്കമുണ്ടായിരുന്നു എന്നാണ് ഹോട്ടലുടമ പറഞ്ഞത്. പിന്നെ എന്ത് സംഭവിച്ചെന്നറിയില്ല എന്നും ഹോട്ടലുടമ മാധ്യമങ്ങളോട് പ്രതികരിച്ചു. 9 മണിയോടെയാണ് നവാസിനെ ആശുപത്രിയിലെത്തിച്ചത്. ഇവിടെ എത്തിച്ചപ്പോൾ അദ്ദേഹം മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.