Kalabhavan Mani: ‘ഞാൻ നോക്കുമ്പോൾ മണിച്ചേട്ടൻ കുട്ടികളെപ്പോലെ ഇരുന്ന് കരയുകയാണ്’; ഓർമ്മകൾ പങ്കുവച്ച് കലാഭവൻ ഷാജോൺ
Kalabhavan Mani Crying Incident: സ്നേഹം കൊണ്ട് ചെയ്യുന്നതിനോട് നമ്മൾ ദേഷ്യപ്പെട്ടാൽ അത് കലാഭവൻ മണിയ്ക്ക് വലിയ വിഷമമുണ്ടാക്കുമായിരുന്നു എന്ന് കലാഭവൻ ഷാജോണിൻ്റെ വെളിപ്പെടുത്തൽ. ഇത്തരത്തിൽ ഒരനുഭവവും അദ്ദേഹം പങ്കുവച്ചു.

കലാഭവൻ ഷാജോൺ, കലാഭവൻ മണി
കലാഭവൻ മണി കൊച്ചുകുട്ടികളെപ്പോലെ കരഞ്ഞ അനുഭവം പങ്കുവച്ച് നടൻ കലാഭവൻ ഷാജോൺ. സ്നേഹം കൊണ്ട് ചെയ്യുന്നതിനോട് നമ്മൾ ദേഷ്യപ്പെട്ടാൽ അത് അദ്ദേഹത്തിന് വിഷമമാവുമെന്നും ഷാജോൺ പറഞ്ഞു. തെന്നിന്ത്യൻ ഭാഷകളിലൊക്കെ അഭിനയിച്ച കലാഭവൻ മണി ഗായകനും കൂടിയായിരുന്നു. 45ആമത്തെ വയസിൽ അമിത മദ്യപാനം മൂലമാണ് അദ്ദേഹം മരിച്ചത്.
“മണിച്ചേട്ടൻ്റെ കയ്യിലെ വള അറിയാമല്ലോ. വല്യ വളയാണ്. അതെൻ്റെ മൂക്കിൽ കൊണ്ടു. എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു. സലീമേട്ടനുണ്ട്, ദിലീപേട്ടനുണ്ട്. ഇവരെല്ലാവരും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പോയി. മണിച്ചേട്ടൻ എൻ്റെ മുഖത്തേക്ക് രണ്ട് മിനിട്ട് നോക്കിനിന്നിട്ട് അദ്ദേഹവും പോയി. പിറ്റേദിവസം രാവിലെ എന്തോ ഒരു തമാശയുടെ ഇടയ്ക്ക് ധർമ്മജൻ്റെ കൈ പിടിച്ച് തിരിച്ചു. സ്നേഹത്തിൻ്റെ പുറത്ത് ചെയ്യുന്നതാണ്, ഇതൊക്കെ. ധർമ്മജനും ചൂടായി. “എന്നാപ്പിന്നെ എന്നെ അങ്ങ് കൊല്ല് മണിച്ചേട്ടാ, എന്നിട്ട് എൻ്റെ കുടുംബത്തിനെ ചേട്ടൻ നോക്ക്” എന്നൊക്കെ പറഞ്ഞു. പുള്ളി അപ്പോഴും ഒന്നും മിണ്ടിയില്ല.”- ഷാജോൺ പറഞ്ഞു.
“അതുവരെ എൻ്റെയും ധർമ്മജൻ്റെയും ഇടയിൽ കിടന്നാണ് പുള്ളി ഉറങ്ങാറ്. മണിച്ചേട്ടൻ നടുക്ക് കിടക്കും. ഞങ്ങൾ രണ്ടുപേരും നെഞ്ചത്തോട്ട് കിടക്കും. ഞങ്ങളെ രണ്ട് പേരെയും കെട്ടിപ്പിടിച്ചാണ് മണിച്ചേട്ടൻ കിടക്കുക. ധർമ്മജൻ ചൂടായിക്കഴിഞ്ഞപ്പോൾ അദ്ദേഹം മുറിയിലേക്ക് പോയി. ഞാൻ ധർമ്മജനോട് പറഞ്ഞു, “കുഴപ്പമില്ലെടാ, കുറച്ച് കഴിയുമ്പോ വരും.” ഉച്ചയായി, കാണുന്നില്ല. വൈകുന്നേരം ആയപ്പോഴും മണിച്ചേട്ടനെ കാണുന്നില്ല. സുബി വന്ന് എന്നോട് ചോദിച്ചു, “നിങ്ങളെന്തെങ്കിലും മണിച്ചേട്ടനോട് പറഞ്ഞോ?” എന്ന്. ഒന്നും പറഞ്ഞില്ലെന്ന് ഞാൻ പറഞ്ഞു. “മണിച്ചേട്ടൻ റൂമിലിരുന്ന് കരയുകയാണല്ലോ” എന്ന് സുബി.”- അദ്ദേഹം തുടർന്നു.
“അങ്ങനെ ഞങ്ങൾ ചെല്ലുമ്പോൾ പിള്ളേർ ഇരുന്ന് കരയുന്നത് പോലെ കരയുകയാണ്. “ഞാൻ നിങ്ങളോട് എന്ത് ചെയ്തിട്ടാടാ? സ്നേഹം കൊണ്ടല്ലേ?” എന്നൊക്കെ ചോദിച്ചു. ഞങ്ങള് നാല് പേരും കൂടി കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. പിന്നെ മണിച്ചേട്ടൻ ഞങ്ങളുടെ കൂടെയായി. സ്നേഹം കൊണ്ട് പുള്ളി എന്തെങ്കിലും ചെയ്യുമ്പോ നമ്മൾ തിരിച്ച് പറഞ്ഞാൽ പുള്ളിക്ക് വലിയ വിഷമാവും. നമ്മളെ വേദനിപ്പിക്കാൻ ചെയ്യുന്നതല്ല. പക്ഷേ, ചെയ്താൽ വേദനിക്കും. അങ്ങനത്തെ കയ്യും കാലും ഒക്കെയല്ലേ. അന്നാണ് എനിക്ക് മനസ്സിലായത്. ഒരു കുഞ്ഞ് കൊച്ചാണിത്.” – ഷാജോൺ വിശദീകരിച്ചു.