Kalamkaval Box Office: മോഹൻലാൽ ചിത്രത്തെ മറികടന്ന് കളങ്കാവൽ?; കളക്ഷൻ അവസാനിക്കുന്നു എന്ന് സൂചന
Kalamkaval Movie Box Office Update: മോഹൻലാൽ സിനിമയായ ഹൃദയപൂർവത്തെ മമ്മൂട്ടിച്ചിത്രം കളങ്കാവൽ മറികന്നു എന്ന് സൂചന. സിനിമ 76 കോടി രൂപ പിന്നിട്ടു.

കളങ്കാവൽ
മമ്മൂട്ടിച്ചിത്രം കളങ്കാവലിൻ്റെ ബോക്സ് ഓഫീസ് കളക്ഷൻ 76 കോടി രൂപ പിന്നിട്ടു. 11 ദിവസത്തെ ആഗോള കളക്ഷൻ 76.25 കോടി രൂപയാണ്. എന്നാൽ, സിനിമയുടെ ഓട്ടം അവസാനിക്കുകയാണെന്നാണ് സൂചനകൾ. ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ കളക്ഷനാണ് 11 ആം ദിവസം സിനിമയ്ക്ക് ലഭിച്ചത്, 75 ലക്ഷം രൂപ.
ജിതിൻ കെ ജോസ് അണിയിച്ചൊരുക്കിയ ചിത്രത്തിൻ്റെ 10ആം ദിവസം 2.5 കോടി രൂപയായിരുന്നു കളക്ഷൻ. ഇതിൽ നിന്ന് 11ആം ദിവസം വലിയ ഇടിവാണ് ഉണ്ടായത്. ഇതോടെ സിനിമ ഓട്ടം അവസാനിപ്പിക്കുകയാണെന്ന് സൂചനകളുണ്ട്. അതേസമയം, വീക്കെൻഡിൽ നിന്ന് വീക്ക്ഡെയ്സിലേക്ക് വന്നപ്പോൾ ഉണ്ടായ ഇടിവാണെന്ന സൂചനകളുമുണ്ട്. എന്തായാലും ഈ ആഴ്ചയിലെ പ്രകടനങ്ങൾ കൂടി പരിഗണിച്ച് സിനിമ തീയറ്ററുകളിൽ തുടരണോ വേണ്ടയോ എന്നതിൽ തീരുമാനമാവും.
കളക്ഷൻ കുറയുകയാണെങ്കിലും ഇക്കൊല്ലത്തെ മലയാളം പണം വാരിപ്പടങ്ങളിൽ കളങ്കാവൽ അഞ്ചാം സ്ഥാനത്തെത്തി. ആലപ്പുഴ ജിംഖാന, ഹൃദയപൂർവം എന്നീ സിനിമകളെ മറികടന്നാണ് സിനിമ ഗ്രോസ് കളക്ഷനിൽ അഞ്ചാം സ്ഥാനത്തെത്തിയത്. 305.17 കോടി രൂപയുടെ കളക്ഷനുമായി ലോക ഒന്നാം സ്ഥാനത്തുള്ള പട്ടികയിൽ എമ്പുരാൻ (268.23 കോടി), തുടരും (237.76 കോടി) എന്നീ സിനിമകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നാലാമത് പ്രണവ് മോഹൻലാലിൻ്റെ ഡിയസ് ഇറെ ആണ്. 83 കോടി രൂപയാണ് രാഹുൽ സദാശിവൻ അണിയിച്ചൊരുക്കിയ ഡിയസ് ഇറെ നേടിയത്. കളങ്കാവൽ ഈ ആഴ്ച കൂടി തീയറ്ററിൽ തുടർന്നാൽ ഡിയസ് ഇറെയെ മറികടക്കുമെന്ന് വിലയിരുത്തലുണ്ട്.
ജിതിൻ കെ ജോസ് സംവിധാനം ചെയ്ത സിനിമയിൽ രജിഷ വിജയൻ, ഗായത്രി അരുൺ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്നു. ഫൈസൽ അലിയാണ് ക്യാമറ. മുജീബ് മജീദ് സംഗീതസംവിധാനം. പ്രവീൺ പ്രഭാകറാണ് എഡിറ്റിങ് നിർവഹിച്ചത്.