Mammootty: ‘മമ്മൂട്ടി വളരെ ആവേശത്തോടെയാണ് കളങ്കാവലിൽ അഭിനയിച്ചത്’; തനിക്ക് ടെൻഷനുണ്ടായിരുന്നു എന്ന് സംവിധായകൻ
Jithin K Jose About Mammootty: കളങ്കാവൽ സിനിമയിൽ മമ്മൂട്ടി വളരെ ആവേശത്തോടെയാണ് അഭിനയിച്ചതെന്ന് സംവിധായകൻ ജിതിൻ കെ ജോസ്. തനിക്ക് ടെൻഷനുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
മമ്മൂട്ടിയുടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് കളങ്കാവൽ. വിനായകനും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമ നവാഗതനായ ജിതിൻ കെ ജോസ് ആണ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി വളരെ ആവേശത്തോടെയാണ് സിനിമയിൽ അഭിനയിച്ചതെന്നും ഇതുവരെ കാണാത്ത പ്രകടനം സിനിമയിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
“മമ്മുക്കയെപ്പോലൊരു ലെജൻഡാണ്. അദ്ദേഹത്തിൻ്റെ കൂടെ വർക്ക് ചെയ്യുക എന്നുള്ളത് നമ്മുടെ ഒരു സ്വപ്നമാണ്. അതിൽ വലിയ ഒരു ചുമതല കൂടിയുണ്ട്. അതുകൊണ്ട് തന്നെ ടെൻഷനും ഉണ്ടായിരുന്നു. സ്വയം എന്തെങ്കിലും അബദ്ധം കാണിക്കുമോ എന്ന് ടെൻഷനുണ്ടായിരുന്നു. അതോടൊപ്പം ആവേശവുമുണ്ടായിരുന്നു. പക്ഷേ, ഷൂട്ട് തുടങ്ങി ഒന്നുരണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ ടെൻഷനൊക്കെ പോയി. ആ രീതിയിലാണ് അദ്ദേഹം സഹകരിച്ചത്. അദ്ദേഹം വളരെ ആവേശത്തോടെയാണ് അഭിനയിച്ചത്. അതാണ് എനിക്ക് തോന്നിയത്. അദ്ദേഹം അദ്ദേഹത്തിൻ്റേതായ രീതിയിൽ തയ്യാറെടുപ്പുകൾ നടത്തിയിട്ടാവും വരുന്നത്. അദ്ദേഹത്തിന് ചോദ്യങ്ങളും സംശയങ്ങളും ഉണ്ടാവും. അതിന് നമ്മുടെ ഭാഗത്ത് കൃത്യമായ ഉത്തരങ്ങൾ ഉണ്ടായാൽ മതി.”- ജിതിൻ കെ ജോസ് പറഞ്ഞു.




ക്രൈം ആക്ഷൻ ത്രില്ലർ സിനിമയായ കളങ്കാവലിന് ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥയൊരുക്കിയത്. കുറുപ്പ് എന്ന സിനിമയുടെ തിരക്കഥ ജിതിൻ കെ ജോസിൻ്റേതായിരുന്നു. മമ്മൂട്ടിയ്ക്കും വിനായകനുമൊപ്പം മീര ജാസ്മിൻ, രെജിഷ വിജയൻ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു. ഫൈസൽ അലിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പ്രവീൺ പ്രഭാകർ എഡിറ്റ്. മുജീബ് മജീദ് സംഗീതസംവിധാനം നിർവഹിക്കുന്നു. മമ്മൂട്ടിക്കമ്പനിയാണ് സിനിമയുടെ നിർമ്മാണം. ഈ വർഷം തന്നെ സിനിമ റിലീസാവുമെന്നാണ് വിവരം. റിലേസ് ഡേറ്റ് എപ്പോഴാണെന്ന് വ്യക്തതയില്ല. മമ്മൂട്ടിക്കമ്പനിയുടെ ഏഴാമത്തെ സിനിമയാണ് കളങ്കാവൽ. സിനിമയിൽ മമ്മൂട്ടി വില്ലനാണെന്നാണ് സൂചന.