Kalyani Priyadarshan: ‘അഭിമുഖങ്ങള്‍ നൽകാൻ ഭയം, കഥാപാത്രങ്ങളുടെ മുഖംമൂടിക്ക് പിന്നില്‍ ഒളിക്കാനാണ് ഇഷ്ടം’; കല്യാണി പ്രിയദർശൻ
Kalyani Priyadarshan Says She's Afraid of Interviews: അഭിമുഖങ്ങൾ നൽകാൻ തനിക്ക് ഭയമാണെന്നും തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതകൾ കൂടുതലാണെന്നും കല്യാണി പറയുന്നു.

കല്യാണി പ്രിയദര്‍ശന്‍
മലയാള സിനിമയിൽ ഏറെ ആരാധകരുള്ള യുവനടിമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. കല്യാണിയുടേതായി രണ്ടു സിനിമകളാണ് ഇത്തവണ ഓണം റിലീസിന് ഒരുങ്ങുന്നത്. സൂപ്പർ ഹീറോ ചിത്രം ‘ലോക’യും റോം കോം ചിത്രമായ ‘ഓടും കുതിര ചാടും കുതിര’യുമാണ് ഓണത്തിന് എത്തുന്നത്. ചിത്രങ്ങളുടെ പ്രമോഷൻ പരിപാടികൾ തകൃതിയായി മുന്നേറുകയാണ്. എന്നാൽ, തനിക്ക് അഭിമുഖങ്ങൾ നൽകാൻ താത്പര്യമില്ലെന്ന് പറയുകയാണ് കല്യാണി പ്രിയദർശൻ. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
അഭിമുഖങ്ങൾ നൽകാൻ തനിക്ക് ഭയമാണെന്നും തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതകൾ കൂടുതലാണെന്നും കല്യാണി പറയുന്നു. താൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മുഖംമൂടികൾക്ക് പിന്നിൽ ഒളിക്കാനാണ് തനിക്ക് ഇഷ്ടമെന്നും നടി പറഞ്ഞു. അഭിമുഖങ്ങളിലൂടെ താൻ വിലയിരുത്തപ്പെടുമെന്ന ഭയമുണ്ട്. സ്വകാര്യത ഇഷ്ടപ്പെടുന്നൊരു ആളാണ് താൻ. തന്നെ അങ്ങനെയാണ് വളർത്തിയതും. മുമ്പ് പലപ്പോഴും താൻ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അത് വീണ്ടും സംഭവിക്കുമെന്ന ഭയം തനിക്കുണ്ടെന്നും കല്യാണി പ്രിയദർശൻ കൂട്ടിച്ചേർത്തു.
രാജ്യത്തെമ്പാടും മലയാള സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയെ കുറിച്ചും അഭിമുഖത്തിൽ കല്യാണി സംസാരിക്കുന്നുണ്ട്. എപ്പോഴും ആളുകൾ വന്ന് തങ്ങൾക്ക് മലയാളം സിനിമകൾ ഇഷ്ടമാണെന്ന് പറയാറുണ്ട്. സിമ്പിളായ ചെറിയൊരു ഇൻഡസ്ട്രിയെന്നാണ് പലരും വിശേഷിപ്പിക്കാറുള്ളത്. എന്നാൽ, സിമ്പിളായിരിക്കാം പക്ഷെ ചെറുതല്ലെന്ന് താൻ അവരോട് പറയും. തന്റെ കാഴ്ചപ്പാടിൽ മലയാള സിനിമയിലെത്തി വലിയ സിനിമകളെന്നും കല്യാണി പറഞ്ഞു.
അതേസമയം, അരുൺ ഡൊമിനിക്കിന്റെ സംവിധാനത്തിൽ കല്യാണി നായികയായെത്തുന്ന ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ ഓഗസ്റ്റ് 28ന് തീയേറ്ററുകളിൽ എത്തും. സൂപ്പർ ഹീറോ- ഫാന്റസി ഗണത്തിൽപെടുന്ന ചിത്രത്തിൽ നടൻ നസ്ലെനും ഒരു മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. അതുപോലെ, കല്യാണിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിര’ ഓഗസ്റ്റ് 29ന് റിലീസാകും. അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഒരു പക്കാ റൊമാന്റിക് കോമഡി സിനിമയാണ്.