Kerala Film Producers Association Election : നിർമാതാക്കളുടെ സംഘടന തിരഞ്ഞെടുപ്പ്; സാന്ദ്രയ്ക്കും വിനയനും തോൽവി; ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറി, ബി രാകേഷ് പ്രസിഡൻ്റ്
Kerala Film Producers Association Election Result : കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ എക്സിക്യൂട്ടിവിലേക്കാണ് സാന്ദ്ര തോമസ് മത്സരിച്ചത്. സോഫിയ പോളും സന്ദീപ് സേനനും വൈസ് പ്രസിഡൻ്റുമാരായ തിരഞ്ഞെടുക്കപ്പെട്ടു
കൊച്ചി: മലയാള സിനിമ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റായി ബി രാകേഷും സെക്രട്ടറിയായി ലിസ്റ്റിൻ സ്റ്റീഫനും തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ വിനയനെ തോൽപ്പിച്ചാണ് ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സജി നന്ത്യാട്ടായിരുമന്നു പ്രസിഡൻ്റ് സ്ഥാനത്തേക്ക് ബി രാകേഷിനെതിരെ മത്സരരംഗത്തുണ്ടായിരുന്നത്.
മഹാ സുബൈർ ട്രഷറർ സ്ഥാനത്തേക്കും സോഫിയ പോളും, സന്ദീപ് സേനനും വൈസ് പ്രസിഡൻ്റുമാരായും തിരഞ്ഞെടുക്കപ്പെട്ടു. എംഎം ഹംസ, ആൽവിൻ ആൻ്റണി എന്നിവർ ജോയിൻ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. വിജയിച്ചവർ എല്ലാവരും ലിസ്റ്റിൻ സ്റ്റീഫൻ ബി രാകേഷ് പാനലിൽ മത്സരിച്ചവരാണ്.
അതേസമയം എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസ് പരാജയപ്പെട്ടു. സാന്ദ്ര തോമസ് ഉയർത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് ശ്രദ്ധേയമായത്. പ്രസിഡൻ്റ്, ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കാൻ സാന്ദ്ര നാമനിർദേശം നൽകിയെങ്കിലും അത് തള്ളിയിരുന്നു. പർദ്ദ ധരിച്ചെത്തിയായിരുന്നു സാന്ദ്ര നാമനിർദേശം സമർപ്പിക്കാനെത്തിയത്. നാമനിർദേശം തള്ളിയതിനെതിരെ സാന്ദ്ര എറണാകുളം സബ് കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ വിധി ഉണ്ടായില്ല. ശേഷം സോഷ്യൽ മീഡിയയിൽ മുൻ നിർമാണ പങ്കാളിയായിരുന്ന വിജയ് ബാബുമായി കൊമ്പുക്കോർക്കുകയും ചെയ്തിരുന്നു.