Kulappully Leela: ‘അമ്മ നല്ലൊരു ആര്‍ട്ടിസ്റ്റാണെന്ന് പറഞ്ഞ് ആ നടൻ 10,000 രൂപ കയ്യില്‍ വച്ച് തന്നു’; കുളപ്പുള്ളി ലീല
Kulappully Leela About SJ Surya: തന്റെ കരിയറിൽ ഉണ്ടായ ഒരു മനോഹരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് കുളപ്പുള്ളി ലീല. തമിഴിലെ 'വദന്തി' എന്ന സീരിസിൽ അഭിനയിക്കവേ ഉണ്ടായ ഒരു സംഭവമാണ് നടി പങ്കുവെച്ചത്.

കുളപ്പുള്ളി ലീല
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് കുളപ്പുള്ളി ലീല. നാടക വേദികളിൽ നിന്നും സിനിമയിലെത്തിയ നടി ടെലിവിഷനും നിറസാന്നിധ്യമായിരുന്നു. കോമഡി വേഷങ്ങൾ മാത്രമല്ല വില്ലത്തരമുള്ള വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുള്ള നടി കൂടിയാണ് ലീല. മലയാളത്തിൽ മാത്രമല്ല തമിഴ് ഉൾപ്പടെയുള്ള മറ്റ് തെന്നിന്ത്യൻ ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ സജീവമായതോടെ കുളപ്പുള്ളി ലീലയുടെ പഴയ പല കഥാപാത്രങ്ങളും ഡയലോഗുകളും വീണ്ടും ട്രെൻഡിങ്ങാവാൻ തുടങ്ങി. അതുകൊണ്ട് തന്നെ ഇന്നത്തെ ജെൻ-സി പിള്ളേർക്കും നടി സുപരിചിതയാണ്. ഇപ്പോഴിതാ, തന്റെ കരിയറിൽ ഉണ്ടായ ഒരു മനോഹരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് കുളപ്പുള്ളി ലീല. തമിഴിലെ ‘വദന്തി’ എന്ന സീരിസിൽ അഭിനയിക്കവേ ഉണ്ടായ ഒരു സംഭവമാണ് നടി പങ്കുവെച്ചത്.
ഒടിടി എന്താണെന്ന് പോലും അറിയാത്തത് കൊണ്ടുതന്നെ താൻ സീരിസ് ഒന്നും കാണാറില്ലെന്ന് ലീല പറയുന്നു. ആകെ ഉപയോഗിക്കുന്നത് വാട്സാപ്പ് ആണെന്നും, അത് തന്നെ ഉപയോഗിക്കാൻ പഠിച്ചത് അടുത്തിടെയാണെന്നും നടി പറഞ്ഞു. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഒന്നിലും തനിക്ക് അക്കൗണ്ട് ഇല്ലെന്നും നടി കൂട്ടിച്ചേർത്തു.
ഒരുപാടു ഭാഷകളിൽ പുറത്തിറങ്ങിയ വെബ് സീരീസാണ് ‘വദന്തി’. ഡബ്ബിങ് ദിവസം സീരിസിലെ നായകനായ എസ് ജെ സൂര്യ തന്നെ വിളിച്ച് പതിനായിരം രൂപ കയ്യിൽ തന്നുവെന്ന് കുളപ്പുള്ളിൽ ലീല പറയുന്നു. വളരെ അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹം പണം തന്നത്. തന്റെ കണ്ണുനിറഞ്ഞു പോയി. അമ്മ നല്ലൊരു ആർട്ടിസ്റ്റ് ആണെന്ന് പറഞ്ഞായിരുന്നു പണം തന്നതെന്നും നടി പറഞ്ഞു.
തമിഴിൽ അജിത്ത്, ധനുഷ്, വിശാൽ തുടങ്ങിയ മുൻനിര നായകന്മാർക്കെല്ലാം ഒപ്പം കുളപ്പുള്ളിൽ ലീല അഭിനയിച്ചിട്ടുണ്ട്. അവർക്കെല്ലാം ഒപ്പം വീണ്ടും അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും നടി പറഞ്ഞു. മലയാളത്തിൽ നടൻ ദുൽഖർ സൽമാനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും കുളപ്പുള്ളി ലീല കൂട്ടിച്ചേർത്തു.