Dileep – Manju Warrier: ‘ദിലീപ് സെറ്റില്‍ വരുമെന്നും അവര്‍ക്ക് കാണാന്‍ ഞാൻ അവസരം ഒരുക്കുമെന്നും കരുതി മഞ്ജുവിന്റെ അച്ഛൻ ആ സിനിമയില്‍ നിന്ന് പിന്മാറി’: ലാൽ ജോസ്
Lal Jose Recalls an Incident of Dileep and Manju Warrier: ഒരു മറവത്തൂർ കനവിൽ അഭിനയിക്കാൻ മഞ്ജു വാര്യർ ആദ്യം സമ്മതിച്ചിരുന്നുവെങ്കിലും ദിലീപും മഞ്ജുവും കണ്ടുമുട്ടാൻ അതൊരു അവസരം സൃഷ്ടിച്ചേക്കുമെന്ന് കരുതി മഞ്ജുവിന്റെ അച്ഛൻ പിന്നീട് ആ സിനിമയിൽ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചതിനെ കുറിച്ചാണ് ലാൽ ജോസ് പറയുന്നത്.

ദിലീപ്, മഞ്ജു വാര്യർ
ഒരു കാലത്ത് മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികൾ ആയിരുന്നു ദിലീപും മഞ്ജു വാര്യരും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 1998 ഒക്ടോബർ 20 നു വിവാഹിതരായ ഇവർ 2015ലാണ് വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് 16 വർഷത്തിന് ശേഷം ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ചത്. അന്നത്തെ മുൻനിര നായികമാരിൽ ഒരാളായിരുന്ന മഞ്ജുവിനെ സിനിമയിൽ തുടക്കക്കാരനായ ദിലീപ് വിവാഹം ചെയ്തത് പലരെയും അമ്പരിപ്പിച്ച ഒരു വാർത്തയായിരുന്നു. സിനിമാ മേഖലയിലെ പലരും ഇവരുടെ പ്രണയത്തിനു സാക്ഷ്യം വഹിച്ചു. അതിൽ ഒരാളായിരുന്നു ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ സംവിധായകൻ ലാൽ ജോസ്.
1998ൽ മമ്മൂട്ടിയെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഒരു മറവത്തൂർ കനവ്’. അതിൽ ദിവ്യ ഉണ്ണി അവതരിപ്പിച്ച കഥാപാത്രം യഥാർത്ഥത്തിൽ മഞ്ജു വാര്യരാണ് ചെയ്യേണ്ടിയിരുന്നതെന്ന് ലാൽ ജോസ് മുമ്പ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ആ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ഒരു മറവത്തൂർ കനവിൽ അഭിനയിക്കാൻ മഞ്ജു വാര്യർ ആദ്യം സമ്മതിച്ചിരുന്നുവെങ്കിലും ദിലീപും മഞ്ജുവും കണ്ടുമുട്ടാൻ അതൊരു അവസരം സൃഷ്ടിച്ചേക്കുമെന്ന് കരുതി മഞ്ജുവിന്റെ അച്ഛൻ പിന്നീട് ആ സിനിമയിൽ നിന്ന് പിന്മാറിയതിനെ കുറിച്ചാണ് ലാൽ ജോസ് അഭിമുഖത്തിൽ പറയുന്നത്.
ALSO READ: വാലന്റൈൻസ് ദിനത്തിൽ ദിലീപ് പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു; കാവ്യയെ കുറിച്ചാണോ എന്ന് ആരാധകർ
“കഥ തീരുമാനമായി. അങ്ങനെ ആരൊക്കെ അഭിനയിക്കണം എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ട ഘട്ടമെത്തി. മോഹിനിയും ബിജു മേനോനും ഭാര്യ ഭർത്താക്കന്മാർ. അവർ മറവത്തൂരിൽ കൃഷി ചെയ്യാൻ വരുന്നു. മുത്തശ്ശിയായിട്ട് സുകുമാരി ചേച്ചിയെ ഫൈനലൈസ് ചെയ്തു. മുത്തശ്ശിയുടെ പേരക്കിടാവായിട്ട് മഞ്ജു വാര്യർ. ജേഷ്ഠന്റെ കഥാപാത്രം മമ്മുക്ക. അങ്ങനെ മേജർ കാസ്റ്റിംഗ് ഒക്കെ കഴിഞ്ഞു.
ഷൂട്ടിങ് തുടങ്ങാറായപ്പോൾ മഞ്ജുവിന്റെ അച്ഛൻ ഈ സിനിമയിൽ നിന്നും പിന്മാറുകയാണെന്നും ചെയ്യാൻ താല്പര്യമില്ലെന്നും അറിയിച്ചു. അതിന്റെ കാരണമായി പുള്ളി പേഴ്‌സണൽ സർക്കിളിൽ പറഞ്ഞത് ഞാനും ദിലീപുമായിട്ടുള്ള സൗഹൃദമാണ്. അവിടെ മഞ്ജു വന്നാൽ ദിലീപ് എന്റെ സെറ്റിലേക്ക് കാണാൻ വരും. ഞാൻ അതിനുള്ള അവസരങ്ങൾ എല്ലാം ഉണ്ടാക്കി കൊടുക്കും എന്നൊക്കെ അദ്ദേഹം ഭയന്നു. അങ്ങനെ ഇമ്മീഡിയറ്റ് ആയിട്ട് എന്താണ് അടുത്ത ഓപ്‌ഷൻ എന്ന് ആലോചിച്ചു. അങ്ങനെ ദിവ്യ ഉണ്ണി നായികയായി വന്നു” ലാൽ ജോസ് പറഞ്ഞു.
അങ്ങനെയാണ് ദിവ്യ ഉണ്ണിയെ നായികയാക്കി ‘ഒരു മറവത്തൂർ കനവ്’ എന്ന സിനിമ 1998ൽ റിലീസാവുന്നത്. നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. സിനിമയുടെ തിരക്കഥ രചിച്ചത് നടൻ ശ്രീനിവാസൻ ആണ്. വൻ വിജയമായി മാറിയ ഈ ചിത്രം 150 ദിവസത്തോളം തീയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ചു.