Jayan Cherthala: ‘ആ ഓര്‍മകള്‍ വെറുത്തുപോയി, അതില്‍ പിന്നെ റബര്‍ ചെരുപ്പ് മാത്രമാണ് ധരിക്കുന്നത്’
Jayan Cherthala Opens Up About His School Life: ജീവിതത്തിലെ ഏറ്റവും നല്ല കാലം പ്രീ ഡിഗ്രിയായായിരുന്നുവെന്ന് ജയന്‍ ചേര്‍ത്തല. അതിന് മുമ്പ് സിബിഎസ്ഇ സെന്‍ട്രല്‍ സ്‌കൂളിലായിരുന്നു പഠിച്ചത്. എല്‍കെജി മുതല്‍ പത്താം ക്ലാസു വരെ കോട്ടും സ്യൂട്ടും ടൈയും ഷൂസുമൊക്കെ ധരിച്ചാണ് പോയിരുന്നതെന്നും താരം

സിനിമാ, സീരിയലുകളില്‍ തന്റേതായ ഇടം ഉറപ്പിച്ച കലാകാരനാണ് ജയന്‍ ചേര്‍ത്തല. 2005ല്‍ പുറത്തിറങ്ങിയ ചന്ദ്രോത്സവമാണ് ആദ്യ ചിത്രം. പ്രതിനായക വേഷങ്ങളിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. നിരവധി സീരിയലുകളുടെയും ഭാഗമായി. എന്റെ മാനസപുത്രി എന്ന സീരിയലിലെ തോബിയാസ് എന്ന കഥാപാത്രം ഏറെ ഹിറ്റായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ജയന്‍ ചേര്‍ത്തല തന്റെ വിദ്യാഭ്യാസ കാലത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ‘പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായ ഇന്റര്‍വ്യൂവിലാണ് ജയന്‍ ചേര്‍ത്തല തന്റെ സ്‌കൂള്‍, കോളേജ് ജീവിതത്തെക്കുറിച്ച് സംസാരിച്ചത്.
ജീവിതത്തിലെ ഏറ്റവും നല്ല കാലം പ്രീ ഡിഗ്രിയായായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അതിന് മുമ്പ് സിബിഎസ്ഇ സെന്‍ട്രല്‍ സ്‌കൂളിലായിരുന്നു പഠിച്ചത്. എല്‍കെജി മുതല്‍ പത്താം ക്ലാസു വരെ കോട്ടും സ്യൂട്ടും ടൈയും ഷൂസുമൊക്കെ ധരിച്ചാണ് പോയിരുന്നത്. പഠിക്കുമ്പോള്‍ മലയാളമില്ലായിരുന്നു. സ്‌കൂളില്‍ സംസാരിക്കുന്നത് ഇംഗ്ലീഷിലായിരുന്നു. അത്ര സ്ട്രിക്റ്റായിട്ടുള്ള സ്‌കൂളായിരുന്നു. മലയാളം പാഠ്യവിഷയമല്ലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
മലയാളത്തില്‍ ‘പോടാ’ എന്ന് വിളിച്ചതിന് രണ്ടാം ക്ലാസില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ മുട്ടില്‍ നിന്നിട്ടുണ്ട്. അങ്ങനത്തെ ഒരു സ്‌കൂളില്‍ നിന്നാണ് ഇംഗ്ലീഷ് സംസാരിക്കേണ്ടാത്ത, ഇംഗ്ലീഷ് വേണമെങ്കില്‍ പഠിച്ചാല്‍ മതിയെന്ന, ഷൂസ് ധരിക്കേണ്ടാത്ത സ്‌കൂളിലെത്തിയതെന്ന് പ്രീഡിഗ്രി കാലത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ താരം പറഞ്ഞു.




ഇപ്പോഴും അതില്‍ പിന്നെ റബര്‍ ചെരിപ്പേ ഇടാറുള്ളൂ. കാരണം ഷൂസ് ധരിച്ച 12 വര്‍ഷത്തെ ഓര്‍മകള്‍ വെറുത്തുപോയി. തന്റെ കാലിന്റെ സൈസിന് ഷൂസൊന്നുമില്ലായിരുന്നു. കാല് വളച്ചുവച്ചാണ് ഇരുന്നത്. ആ ദേഷ്യം കാരണം ഇന്നും ഈ പ്രായത്തിലും റബര്‍ ചെരിപ്പ് മാത്രമാണ് ഇടുന്നത്. തടിയുള്ളതുകൊണ്ടായിരിക്കാം, ലൂസായിട്ടുള്ള ഡ്രസ് ഇടുന്നതാണ് എപ്പോഴും കംഫര്‍ട്ടബിള്‍. ഇറുകിപിടിച്ചുള്ള ഡ്രസുകള്‍ വളരെ പാടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Also: Mammootty: ‘മമ്മൂക്കയ്ക്ക് ചെറിയൊരു അസുഖത്തിന്റെ പ്രശ്നമുണ്ട്, ട്രീറ്റ്മെന്റിലാണ്’; ജോൺ ബ്രിട്ടാസ്
”മനസിന് ഇഷ്ടമുള്ള എല്ലാ ഫ്രീഡവും പ്രീഡിഗ്രി മുതലാണ് കിട്ടിയത്. ക്ലാസില്‍ പോലും വിരളമായിട്ടാണ് കയറിയത്. അന്നൊക്കെ മരച്ചോട്ടില്‍ എല്ലായിടത്തും ആണ്‍പിള്ളേരും, പെണ്‍പിള്ളേരും ഒരുമിച്ചായിരുന്നു. എന്നെ പോലെ കുറച്ച് തടിയന്മാര്‍ക്ക് മാത്രമാണ് പെണ്‍പിള്ളേരെ കിട്ടാത്തത്”-ജയന്‍ ചേര്‍ത്തലയുടെ വാക്കുകള്‍.