Listin Stephen: ‘ചിലപ്പോൾ കഥ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല’; സിനിമയിൽ നിന്ന് മമ്മൂട്ടി പിന്മാറിയെന്ന സാന്ദ്ര തോമസിൻ്റെ ആരോപണത്തിൽ ലിസ്റ്റിൻ സ്റ്റീഫൻ
Listin Stephen To Sandra Thomas: മമ്മൂട്ടിയുമായി ബന്ധപ്പെട്ട സാന്ദ്ര തോമസിൻ്റെ ആരോപണത്തിനോട് പ്രതികരിച്ച് ലിസ്റ്റിൻ സ്റ്റീഫൻ. പിന്മാറാൻ പല കാരണങ്ങൾ കാണുമെന്നായിരുന്നു പ്രതികരണം.

സാന്ദ്ര തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ
മമ്മൂട്ടി സിനിമയിൽ നിന്ന് പിന്മാറിയെന്ന സാന്ദ്ര തോമസിൻ്റെ ആരോപണങ്ങളോട് പ്രതികരിച്ച് ലിസ്റ്റിൻ സ്റ്റീഫൻ. കഥ ഇഷ്ടമാവാത്തതടക്കം പല കാരണങ്ങളുണ്ടാവാമെന്നും തൻ്റെ സിനിമകളിൽ നിന്നും അഭിനേതാക്കൾ പിന്മാറിയിട്ടുണ്ടെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ നൽകിയ പരാതി പിൻവലിക്കാൻ വിസമ്മതിച്ചതുകൊണ്ട് മമ്മൂട്ടി തൻ്റെ സിനിമയിൽ നിന്ന് പിന്മാറിയെന്നായിരുന്നു സാന്ദ്ര തോമസിൻ്റെ ആരോപണം.
“എൻ്റെ അടുത്ത് നിന്ന് എത്രയോ ആർട്ടിസ്റ്റുകൾ പിന്മാറിയിട്ടുണ്ട്. വേറെ ആർട്ടിസ്റ്റുകൾ അഭിനയിക്കും. സ്വാഭാവികമാണ്. ചിലപ്പോ കഥ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. ചിലപ്പോൾ കഥയുടെ റെലവൻസി പോയിക്കാണും. പലപല റീസൺസുണ്ടാവും. ചിലപ്പോ നേരത്തേത്തതുപോലെ ബിസിനസ് ചിലപ്പോ കാണില്ല. എത്രയോ റീസണുണ്ട്, ഒരു പടത്തിൽ നിന്ന് പിന്മാറാൻ.”- ലിസ്റ്റിൻ പറഞ്ഞു.
മമ്മൂക്ക വിളിച്ച് മുക്കാൽ മണിക്കൂറോളം സംസാരിച്ചു എന്ന് സാന്ദ്ര പറഞ്ഞിരുന്നു. കേസുമായി മുന്നോട്ടുപോകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താൻ അദ്ദേഹത്തോട് ഒറ്റച്ചോദ്യമേ ചോദിച്ചുള്ളൂ. മമ്മൂക്കയുടെ മകൾക്കാണ് ഈ സിറ്റുവേഷൻ വന്നിരുന്നതെങ്കിലോ? അവരോടും ഇത് പറയുമോ എന്ന്. എങ്കിൽ ഇനി സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്തോളൂ. ഇനി ഒന്നും പറയുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം എൻ്റടുത്ത് കമ്മിറ്റ് ചെയ്തിരുന്ന സിനിമയിൽ നിന്ന് പിൻവാങ്ങി. എന്നെ ഇവിടെനിന്ന് തുടച്ചുമാറ്റാനാണ് എല്ലാവരും ശ്രമിക്കുന്നതെങ്കിൽ താൻ ഇവിടെത്തന്നെയുണ്ടാവും എന്ന് പറഞ്ഞു എന്നും സാന്ദ്ര തോമസ് വെളിപ്പെടുത്തിയിരുന്നു. വൺഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സാന്ദ്രയുടെ വെളിപ്പെടുത്തൽ.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ് നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിലെ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ മൂന്നിലേറെ സിനിമകൾ നിർമ്മിക്കണമെന്നായിരുന്നു വരണാധികാരിയുടെ നിലപാട്. സാന്ദ്ര തോമസ് രണ്ട് സിനിമകളേ നിർമ്മിച്ചിട്ടുള്ളൂ എന്ന് ചൂണ്ടിക്കാട്ടി സാന്ദ്രയുടെ പത്രിക തള്ളുകയായിരുന്നു.