Lokah Box Office: ബുക്ക് മൈഷോയിൽ ഏറ്റവുമധികം ടിക്കറ്റ് വിറ്റ മലയാള സിനിമ; ആകെ ബജറ്റ് കേരളത്തിൽ നിന്ന് വാരി ലോകയുടെ തേരോട്ടം
Lokah Ticket Sales In Book My Show: തീയറ്ററിൽ കുതിപ്പ് തുടർന്ന് ലോക. ഇതിനൊപ്പം ബുക്ക് മൈ ഷോയിൽ ഏറ്റവുമധികം ടിക്കറ്റ് വിറ്റ സിനിമയായി ലോക മാറി.
പ്രമുഖ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയിൽ ഏറ്റവുമധികം ടിക്കറ്റ് വിറ്റ മലയാള സിനിമയായി ലോക. ഇക്കാര്യം സിനിമയുടെ നിർമ്മാതാക്കളായ വേഫേറർ ഫിലിംസ് തന്നെ ഔദ്യോഗികമായി പങ്കുവച്ചു. സിനിമയുടെ ആകെ ബജറ്റായ 30 കോടി രൂപ ഷെയറായി കേരള ബോക്സോഫീസിൽ നിന്ന് മാത്രം സ്വന്തമാക്കിയ ലോക ആഗോളതലത്തിൽ 250 കോടി രൂപയിലധികം നേടി കുതിക്കുകയാണ്.
റിലീസായി 18 ദിവസം കൊണ്ട് കേരള ബോക്സോഫീസിൽ നിന്ന് 88.50 കോടി രൂപയാണ് ലോക സ്വന്തമാക്കിയത്. ഇതിൽ 37 കോടി രൂപ ഷെയറാണ്. ഇതോടെ സിനിമയുടെ ആകെ ബജറ്റിനെക്കാൾ അധികം പണം ഷെയറായി കേരള ബോക്സോഫീസിൽ നിന്ന് മാത്രം സിനിമ നേടി. കേരള ബോക്സോഫീസിൽ നിന്ന് ഏറ്റവുമധികം തുക നേടിയ സിനിമകളിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ ലോക.




ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് ആകെ 141.1 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയ ലോക വിദേശ ബോക്സോഫീസിൽ നിന്ന് 111 കോടി രൂപയും നേടിക്കഴിഞ്ഞു. ഇതോടെ ആകെ സിനിമ 18 ദിവസം കൊണ്ട് നേടിയത് 252.1 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ്. ഇതോടെ മഞ്ഞുമ്മൽ ബോയ്സിൻ്റെ ഗ്രോസ് കളക്ഷൻ ലോക മറികടന്നു. മഞ്ഞുമ്മലിൻ്റെ ആകെ ഗ്രോസ് കളക്ഷൻ 241.56 കോടി രൂപയായിരുന്നു. ഇനി എമ്പുരാൻ മാത്രമാണ് 268.05 ഗ്രോസ് കളക്ഷനുമായി ലോകയ്ക്ക് മുന്നിലുള്ളത്. ഇതും ഉടൻ വീഴുമെന്നതാണ് നിലവിലെ ട്രെൻഡ് സൂചിപ്പിക്കുന്നത്.
കല്യാണി പ്രിയദർശനെ പ്രധാന കഥാപാത്രമാക്കി ഡോമിനിക് അരുൺ സംവിധാനം ചെയ്ത സിനിമയാണ് ലോക, ചാപ്റ്റൻ വൺ ചന്ദ്ര. ഓഗസ്റ്റ് 28നാണ് സിനിമ റിലീസായത്.