Prithviraj Sukumaran: പൃഥ്വിയെ ഇല്ലാതാക്കാൻ ശ്രമം; പിന്നിൽ സിനിമാക്കാർ തന്നെ! മല്ലിക സുകുമാരൻ
Prithviraj Sukumaran: നടൻ തിലകന്റെ മകൻ ഷമ്മി തിലകൻ തിരിച്ചു വന്നതിനും ചിലർക്ക് പ്രശ്നമെന്ന് മല്ലിക സുകുമാരൻ ആരോപിച്ചു
പൃഥ്വിരാജ് നായകനായ വിലായത്ത് ബുദ്ധയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമത്തിൽ രൂക്ഷ വിമർശനവുമായി മല്ലിക സുകുമാരൻ. പൃഥ്വിരാജിനെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും സിനിമയ്ക്കുള്ളിൽ ഉള്ളവർ തന്നെയാണ് നടനെതിരെ ആക്രമണം നടത്തുന്നതെന്നും മല്ലികാ സുകുമാരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വ്യക്തിവിരോധം തീർക്കാനുള്ള ശ്രമമാണിത്. ഇതിനെ ചോദ്യം ചെയ്യാൻ ഒരു സിനിമാ സംഘടനകളും ഇല്ല. അന്തരിച്ച നടൻ തിലകന്റെ മകൻ ഷമ്മി തിലകൻ തിരിച്ചു വന്നതിനും ചിലർക്ക് പ്രശ്നമെന്ന് മല്ലിക സുകുമാരൻ ആരോപിച്ചു .
വിലായത്ത് ബുദ്ധയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ വിമർശിച്ചുകൊണ്ട് മല്ലിക സുകുമാരൻ കഴിഞ്ഞദിവസം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. യഥാ രാജ പ്രജ എന്നും പറഞ്ഞ് കാശും വാങ്ങി പോക്കറ്റിലിട്ട് കൃഷ്ണനെയും വല്ല പെണ്ണിന്റെയും ഒന്നുമറിയാത്ത കുഞ്ഞിന്റെയും ഒക്കെ ഫോട്ടോയും വെച്ച് പ്രൊഫൈൽ ലോക്കും ചെയ്തു മെയ്യ് അനങ്ങാതെ കാശുണ്ടാക്കുന്ന വീരശൂര പരാക്രമികളുടെ ഇടയിൽ ഷമ്മിയോടു അനുകൂലിച്ച് പ്രതികരിച്ച വ്യക്തിത്വങ്ങളോടും ബഹുമാനം തോന്നുന്നു എന്നാണ് മല്ലിക സുകുമാരൻ കുറിച്ചത്. ഇതിനോടൊപ്പം പൃഥ്വിജനെ കുറിച്ച് പറയുന്ന ഒരു വീഡിയോയും മല്ലിക സുകുമാരൻ പങ്കുവെച്ചിരുന്നു.
അതേസമയം സിനിമയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ നടൻ ഷമ്മി തിലകനും പ്രതികരിച്ച രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ അഭിനയിച്ച താൻ അടക്കമുള്ള എല്ലാവരോടും കാണിക്കുന്ന ക്രൂരതയാണ് ഇതെന്നാണ് ഷമ്മി തിലകൻ അഭിപ്രായപ്പെട്ടത്. ജി ആർ ഇന്ദു ഗോപന്റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ് വിലായത്ത് ബുദ്ധ. ചിത്രത്തെ ലക്ഷ്യമിട്ട് മതപരവും രാഷ്ട്രീയപരവുമായ വിദേശ പ്രചാരണങ്ങൾ നടത്തിയ യൂട്യൂബ് ചാനലുകൾക്കെതിരെ കഴിഞ്ഞദിവസം സൈബർ സെല്ലിൽ സിനിമയുടെ നിർമ്മാതാവ് സന്ദീപ് സേനൻ പരാതി നൽകിയിരുന്നു.