Rajamanikyam Movie : തള്ളേ! രാജമാണിക്യം ആദ്യം സംവിധാനം ചെയ്യാനിരുന്നത് രഞ്ജിത്തായിരുന്നു; പക്ഷേ ഷൂട്ടിങ്ങിന് ഒരു മാസം മുമ്പ് മാറ്റി
Rajamanikyam Movie Unknown Stories : 2005ലാണ് മമ്മൂട്ടിയുടെ രാജമാണിക്യം തിയറ്ററിൽ എത്തുന്നത്. സംവിധായകൻ അൻവർ റഷീദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു രാജമാണിക്യം.

Rajamanikyam Movie, Director Ranjith
മലയാളികൾ ഇപ്പോഴും കൾട്ട് സ്റ്റാറ്റസായി ഉയർത്തി കാണിക്കുന്ന മമ്മൂട്ടി ചിത്രമാണ് രാജമാണിക്യം. 2005 തിയറ്ററിലെത്തി വമ്പൻ തരംഗം സൃഷ്ടിച്ച് മമ്മൂട്ടി ചിത്രം അന്ന് ഇൻഡസ്ട്രി ഹിറ്റടിക്കുകയും ചെയ്തിരുന്നു. ആ സിനിമയിലൂടെ അൻവർ റഷീദ് എന്നൊരു സംവിധായകനെയും കൂടി മമ്മൂട്ടി മലയാള സിനിമയ്ക്ക് സമ്മാനിച്ചു. എന്നാൽ യഥാർഥത്തിൽ രാജമാണിക്യം സിനിമ ആദ്യം സംവിധാനം ചെയ്യാനിരുന്നത് അൻവർ റഷീദ് അല്ലായിരുന്നു. മലയാളത്തിലെ മറ്റൊരു ഹിറ്റ്മേക്കറായ രഞ്ജിത്തായിരുന്നു രാജമാണിക്യം ആദ്യം സംവിധാനം ചെയ്യാനിരുന്നതെന്ന് സിനിമയിലെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിരുന്ന ഡിക്സൺ സഫാരി ടിവിയിലെ ലോക്കേഷൻ ഹണ്ട് എന്ന പരിപാടിയിൽ പറഞ്ഞു.
മോഹൻലാലിൻ്റെ ചന്ദ്രോത്സവം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് രാജമാണിക്യത്തിൻ്റെ രചയ്താവ് ടിഎ ഷാഹിദ് ആദ്യം ചിത്രത്തെ പറ്റി ചർച്ച നടത്തുന്നത്. മമ്മൂട്ടിയുമായി സംസാരിച്ച് എല്ലാ തയ്യാറെടുപ്പും നടത്തി. ആദ്യം ആ സിനിമയിൽ അൻവർ റഷീദ് രഞ്ജിത്തിൻ്റെ സംവിധാന സഹായിയായിരുന്നു. സിനിമയുടെ ചാർട്ടിങ് പരിപാടി നടക്കുമ്പോഴാണ് രാജമാണിക്യം സംവിധാനം ചെയ്യുന്നത് രഞ്ജിത്തിൽ നിന്നും അൻവർ റഷീദിലേക്ക് മാറിയതെന്ന് ഡിക്സൺ പറയുന്നു.
“ഞാനും അൻവറും സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആൻ്റോ ആൻ്റണി എന്നെ വിളിച്ച് അൻവറിനെ കൂട്ടി മമ്മൂക്കയുടെ വീട്ടിലേക്ക് വരാൻ പറഞ്ഞു. ചെറിയ മാറ്റമുണ്ട്, രഞ്ജിത്തേട്ടൻ പടത്തിൽ നിന്നും പിന്‍മാറി പകരം അൻവർ പടം ചെയ്യുമെന്ന് അൻ്റോ ചേട്ടൻ എന്നോട് പറഞ്ഞു. നേരെ മമ്മൂക്കയുടെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹം അൻവറിനോട് പറഞ്ഞു നീ ഡയറക്ടർ ചെയ്താൽ മതി, നിനക്ക് കുഴപ്പമുണ്ടോ? എന്ന് പറഞ്ഞു. രഞ്ജിത്തേട്ടനും ഷാഹിദ്ദക്കയും എല്ലാവരും നിൽക്കുമ്പോഴാണ് മമ്മൂക്ക ഇക്കാര്യം അൻവറിനോട് ചോദിക്കുന്നത്” ഡിക്സൺ സഫാരി ടിവിയിലെ പരിപാടിയിൽ പറഞ്ഞു.
മമ്മൂട്ടി തന്നെയാണ് സിനിമയിൽ തിരുവനന്തപുരം സ്ലാങ് കൊണ്ടുവരുന്ന കാര്യം അൻവറിനോട് പറയുന്നത്. രഞ്ജിത്ത് മാറി അൻവർ സംവിധായകനായി ഒരു മാസത്തിന് ശേഷം രാജമാണിക്യത്തിൻ്റെ ഷൂട്ടിങ് ആരംഭിക്കുകയായിരുന്നു. സിനിമയുടെ കഥ പറയുമ്പോൾ തന്നെ രഞ്ജിത്ത് രാജമാണിക്യം ഷൂട്ട് ചെയ്യാൻ തീരുമാനിച്ചത് പളനിയിലും പൊള്ളാച്ചിയിലും വെച്ചായിരുന്നു. അത് തന്നെയായിരുന്നു അൻവറും തിരഞ്ഞെടുത്തെന്ന് ഡിക്സൺ കൂട്ടിച്ചേർത്തു.
രണ്ട് കോടി രൂപ ബജറ്റിലായിരുന്നു അന്ന് രാജമാണിക്യം ചിത്രീകരിച്ചത്. ഇൻഡസ്ട്രി ഹിറ്റടിച്ച മമ്മൂട്ടി ചിത്രം അന്ന് 25 കോടി തിയറ്ററിൽ നിന്നും മാത്രം കളക്ഷൻ നേടി. വലിയവീട്ടിൽ മൂവീ ഇൻ്റർനാഷ്ണലിൻ്റെ ബാനറിൽ വലിയവീട്ടിൽ സിറാജാണ് രാജമാണിക്യം നിർമിച്ചത്. സഞ്ജീവ് ശങ്കറായിരുന്നു സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരുന്നത്. രഞ്ജൻ എബ്രഹമായിരുന്നു എഡിറ്റർ.