Manju Pathrose: ‘അടിമകളാക്കി വെക്കാമെന്ന ധാർഷ്ട്യം പുള്ളിക്ക് ഉണ്ടായിരുന്നു’; മറിമായത്തിൽ നിന്നും പിന്മാറിയതിനുള്ള കാരണം വെളിപ്പെടുത്തി മഞ്ജു പത്രോസ്
Manju Pathrose on Exit from Marimayam: മറിമായം' എന്ന സിറ്റ്കോകിമിലൂടെയാണ് മഞ്ജു പത്രോസ് കൂടുതൽ ശ്രദ്ധ നേടുന്നത്. എന്നാൽ, ഒരു ഘട്ടത്തിൽ നടി മറിമായത്തിൽ നിന്നും ഒഴിവായി. ഇതിനുള്ള കാരണം വ്യക്തമാക്കുകയാണ് നടി ഇപ്പോൾ.
മഴവിൽ മനോരമയിലെ ‘വെറുതെ അല്ല ഭാര്യ’ എന്ന ഷോയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടിയാണ് മഞ്ജു പത്രോസ്. അതേ ചാനലിലെ ‘മറിമായം’ എന്ന സിറ്റ്കോകിമിലൂടെയാണ് മഞ്ജു കൂടുതൽ ശ്രദ്ധ നേടുന്നത്. എന്നാൽ, ഒരു ഘട്ടത്തിൽ നടി മറിമായത്തിൽ നിന്നും ഒഴിവായി. ഇതിനുള്ള കാരണം വ്യക്തമാക്കുകയാണ് നടി ഇപ്പോൾ. ഒരു പ്രശ്നത്തെ തുടർന്നാണ് മറിമായത്തിൽ നിന്ന് പിന്മാറിയതെന്ന് നടി പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിനോട് സംസാരിക്കുകയിരുന്നു മഞ്ജു പത്രോസ്.
മറിമായത്തിൽ ഉള്ളവർക്ക് ഗൾഫ് ഷോയും സിനിമകളും മറ്റും വരുമ്പോൾ അവർ പോകുമെന്നും, ഒരുപാടു ആർട്ടിസ്റ്റുകൾ ഉള്ളതുകൊണ്ട് തന്നെ അതൊരു പ്രശ്‌നമല്ലെന്നും മഞ്ജു പറയുന്നു. അങ്ങനെ ഒരു സിനിമയുടെ ഷൂട്ടിനായി തനിക്ക് കണ്ണൂർ പോകണം. അതിനാൽ, ഈ ഷെഡ്യൂളിന് ഉണ്ടാകില്ലെന്ന് മറിമായത്തിന്റെ ഡയറക്ടറെ വിളിച്ച് അറിയിച്ചു. തന്റെ കഷ്ടകാലത്തിന് ആ മാസം ആ ഡയറക്ടർ മാറിയെന്ന് മഞ്ജു പറയുന്നു.
ജോലിത്തിരക്ക് കാരണമോ മറ്റോ പിന്നീട് വന്ന സംവിധായകനോട് അദ്ദേഹം ഇക്കാര്യം പറഞ്ഞില്ല. അങ്ങനെ ഞാൻ കണ്ണൂരിൽ ഷൂട്ടിന് നിൽക്കുന്ന സമയത്ത് ഞങ്ങൾ താഴെ നിൽക്കുകയാണെന്ന് പറഞ്ഞ് ഒരു കോൾ വന്നു. പേടിച്ചു പോയ താൻ, ഈ ഷെഡ്യൂളിൽ ഉണ്ടാകില്ലെന്ന് വിളിച്ചു പറഞ്ഞിരുന്നല്ലോയെന്ന് ചോദിച്ചു. ഇത് കേട്ടതും ഡ്രൈവർ കൺട്രോളറെ വിളിച്ചു. അയാൾ എന്നോട് ഭയങ്കരമായി ഷൗട്ട് ചെയ്തു. എന്ത് പണിയാണ് കാണിച്ചതെന്നെല്ലാം ചോദിച്ചുവെന്ന് മഞ്ജു പറയുന്നു.
താൻ അവരുടെ പ്രസ്ഥാനത്തിന്റെ താെഴിലാളിയാണ്, ഇതെല്ലാം എന്റെ ബാധ്യതയാണ് എന്ന തരത്തിൽ അയാൾ സംസാരിച്ചു. തന്നെ രക്ഷിക്കാനല്ല തനിക്ക് വർക്ക് തന്നത്. അവർക്ക് ഒരു ലേഡി ആർട്ടിസ്റ്റിനെ ആവശ്യമായിരുന്നു. താൻ ഡയരക്ടറെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അയ്യോ പറയാൻ വിട്ടു പോയതാണ് സോറി എന്ന് വളരെ മര്യാദയോടെ പറഞ്ഞു. സ്ഥിരമുള്ള വർക്കല്ലേ, ആ ഷൂട്ട് കഴിഞ്ഞിട്ട് ജോയിൻ ചെയ്താൽ മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും മഞ്ജു പത്രോസ് പറയുന്നു.
തുടർന്ന് കൺട്രോളറെ തിരിച്ച് വിളിച്ച് നാളെ വരാം എന്ന് പറഞ്ഞപ്പോൾ വേണ്ട, നിങ്ങൾക്ക് പകരം വേറെ ആളെ വെച്ചെന്ന് പറഞ്ഞു. അത് ഭയങ്കര ഷോക്കിംഗ് ആയിപ്പോയി. കണ്ണ് നിറഞ്ഞു. താൻ ഒരുപാടു സ്നേഹിച്ച സ്പേസാണ് അത്. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ, നിങ്ങൾക്ക് ഞങ്ങളോടല്ലല്ലോ കൂറ്, സിനിമയിൽ അഭിനയിക്കുന്നതല്ലേ എന്നായിരുന്നു അയാളുടെ മറുപടി. ഓക്കെ ശരി എന്ന് പറഞ്ഞ് താൻ ഫോൺ വെച്ചു.
അടുത്ത ഷെഡ്യൂൾ ആയപ്പോൾ തന്നെ വീണ്ടും വിളിച്ചു. എന്നാൽ, തന്നെ മാറ്റി വേറെ ആളെ വെച്ച സ്പേസിലേക്ക് ഇനി വരില്ലെന്ന് പറഞ്ഞു. എല്ലാവരും വിളിച്ചു. പക്ഷെ വരാൻ പറ്റില്ലെന്ന് തീർത്തു പറഞ്ഞു. വേറെ സ്ഥലത്ത് ജോലി കിട്ടുമെന്ന ധൈര്യം തനിക്കുണ്ട്. മഴവിൽ മനോരമയിൽ നിന്ന് വന്നതല്ലേ, ഇവൾക്ക് ഒരു അവസരം കൊടുത്തത് നമ്മൾ അല്ലേ, അടിമകളാക്കി വെക്കാമെന്ന ധാർഷ്ട്യമാണ് അയാൾക്ക്. അത് സഹിക്കാൻ പറ്റില്ലെന്ന് മഞ്ജു കൂട്ടിച്ചേർത്തു.