Manoj Guinness: ‘എത്രയോ മിമിക്രിക്കാര്‍ സിനിമ ചെയ്യുന്നു, ഇന്നുവരെ ഒരാളുടെയും സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിട്ടില്ല’
Manoj Guinness about his career: ഡബിള്‍ മീനിങ് തമാശ വേണ്ടെന്ന് മിമിക്രി തുടങ്ങിയ കാലം മുതല്‍ തീരുമാനിച്ചതാണ്. അത്തരത്തിലുള്ള തമാശകള്‍ക്ക് അധികം ആയുസില്ല. ഒരു കുടുംബം വന്നിരിക്കുമ്പോള്‍ നമ്മള്‍ സ്‌റ്റേജില്‍ ഇത്തരത്തിലുള്ള തമാശ പറയുമ്പോള്‍ അവരുടെ ഉള്ളില്‍ നമ്മള്‍ ഒരു മോശപ്പെട്ട വ്യക്തി പോലെ തോന്നുമെന്നും മനോജ്
സീനിയറായിരുന്നവരും, കൂടെയുണ്ടായിരുന്നവരും സിനിമാ താരമായി കഴിഞ്ഞാല്‍ വേറൊരു പ്രൊഫൈലിലേക്ക് മാറുകയാണെന്ന് മിമിക്രി താരം മനോജ് ഗിന്നസ്. എത്രയോ മിമിക്രിക്കാര്‍ സിനിമ ചെയ്യുന്നു. ഇന്നുവരെ ഒരാളുടെയും സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിട്ടില്ല. അതൊരു പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് മനോജ് ഗിന്നസ് ഇക്കാര്യം പറഞ്ഞത്. എട്ടുപത്ത് സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചെങ്കിലും സിനിമയില്‍ എത്താത്തത് എന്താണെന്ന് പലരും ചോദിക്കും. ശ്രമങ്ങളാണ് ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നത്. ആരെങ്കിലുമൊക്കെ വിളിക്കുമെന്നും വേഷം തരുമെന്നും ചിന്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്ന് കൂടെയുണ്ടായിരുന്ന പല കലാകാരന്മാരും സിനിമയിലെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഈ ശ്രമം നടത്തിയ എല്ലാ സുഹൃത്തുക്കളും ഇന്ന് സിനിമാ താരങ്ങളാണ്. സ്റ്റേജില്‍ കോമഡി പറയുന്നതുകൊണ്ട് അവിടെ നിന്നും തന്നെ സിനിമയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ചിന്ത. ശ്രമിച്ചാല്‍ സിനിമയിലെത്താം. പക്ഷേ, തനിക്ക് ശ്രമങ്ങള്‍ ഉണ്ടായിരുന്നില്ല. കൂടുതലും സ്റ്റേജിനെയാണ് സ്‌നേഹിച്ചതെന്നും മനോജ് കൂട്ടിച്ചേര്‍ത്തു.
ഡബിള്‍ മീനിങ് തമാശ വേണ്ട
ഡബിള്‍ മീനിങ് പറയുന്ന തമാശ വേണ്ടെന്ന് മിമിക്രി തുടങ്ങിയ കാലം മുതല്‍ തീരുമാനിച്ചതാണ്. അത്തരത്തിലുള്ള തമാശകള്‍ക്ക് അധികം ആയുസില്ല. നമ്മള്‍ അവിടെ ചെറുതാകും. ഒരു കുടുംബം വന്നിരിക്കുമ്പോള്‍ നമ്മള്‍ സ്‌റ്റേജില്‍ ഇത്തരത്തിലുള്ള തമാശ പറയുമ്പോള്‍ അവരുടെ ഉള്ളില്‍ നമ്മള്‍ ഒരു മോശപ്പെട്ട വ്യക്തി പോലെ തോന്നും. അത്തരം തമാശകള്‍ ഇന്ന് വരെ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.




പല സ്‌കിറ്റുകള്‍ക്കും ബലക്കുറവ്
ഇന്ന് ചാനലുകള്‍ ഒരുപാടുണ്ട്. എന്നും കോമഡി വേണ്ടിവരും. അപ്പോള്‍ എഴുതുമ്പോള്‍ അത്രത്തോളം ശ്രദ്ധ കൊടുക്കാന്‍ പറ്റിയെന്ന് വരില്ല. അത് കഴിവില്ലാഞ്ഞിട്ടല്ല. എല്ലാവര്‍ക്കും കഴിവുണ്ട്. പക്ഷേ, കൂടുതല്‍ എഴുതേണ്ടി വരുമ്പോള്‍ ഇതിനോടുള്ള ഒരു പ്രതിബദ്ധത നഷ്ടപ്പെടും. പണ്ടത്തെ അത്രയും സമയമില്ല. അതുകൊണ്ടാണ് പല സ്‌കിറ്റുകള്‍ക്കും ബലക്കുറവ് സംഭവിക്കുന്നത്.
പണ്ടത്തെ പല ഹിറ്റ് കോമഡികളും സമയമെടുത്ത് ചെയ്തതാണ്. ഇന്ന് അത്രയും സമയമില്ല. ചാനലുകളില്‍ കോമഡിക്കായി എല്ലാവരും ധൃതി പിടിച്ച് പെട്ടെന്ന് കണ്ടന്റ് ഉണ്ടാക്കുകയാണ്. തമാശയ്ക്ക് ബലം കിട്ടാത്തതും അതുകൊണ്ടാണെന്നും മനോജ് വ്യക്തമാക്കി.