Marco 2 : ഒരുപാട് നെഗറ്റിവിറ്റിയുണ്ട്, മാർക്കോ 2 ചെയ്യില്ല; ഉണ്ണി മുകുന്ദൻ
Marco 2 Updates : മാർക്കോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ചിത്രത്തിൻ്റെ അണിയറപ്രവർത്തകരെ രണ്ടാം ഭാഗമുണ്ടാകുമെന്ന് അറിയിച്ചത്.
നടൻ ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് മാർക്കോ. മിഖായേൽ എന്ന നിവിൻ പോളി ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിൻ്റെ സ്പിൻ ഓഫായിട്ടാണ് മാർക്കോ ഒരുക്കിയത്. അതിക്രൂരമായ വൈലൻസ് രംഗങ്ങൾ ചേർത്താണ് സംവിധായകനായ ഹനേഫ് അദേനി മാർക്കോ ഒരുക്കിയിരിക്കുന്നത്. തിയറ്ററിൽ നിന്നും വൻ വിജയമായ തീർന്ന ചിത്രം ഒടിടിയിൽ എത്തിയപ്പോൾ പാൻ ഇന്ത്യൻ തരംഗമായി മാറി. ഇതിന് പിന്നാലെ ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ രണ്ടാം ഭാഗം പ്രഖ്യാപിക്കുകയും ചെയ്തു.
അതേസമയം മാർക്കോയുടെ രണ്ടാം ഭാഗം ഇനി ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഒരു ആരാധകന് തൻ്റെ കമൻ്റ് ബോക്സിൽ നൽകിയ മറുപടിയിലാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയെ ചുറ്റിപ്പറ്റി ഒരുപാട് നെഗറ്റിവിറ്റിയുണ്ടെന്നും മാർക്കോയെക്കാൾ വലിയതും മികച്ചതും ചിത്രവുമായി താൻ എത്തുമെന്നും ഉണ്ണി ആരാധകന് മറുപടി നൽകി.
മാർക്കോ പരമ്പരയായി തുടരാനുള്ള പദ്ധതി ഉപേക്ഷിച്ചു. പ്രോജെക്ടിനെ ചുറ്റിപ്പറ്റി ഒരുപാട് നെഗറ്റിവിറ്റിയുണ്ട്. മാർക്കോയെക്കാളും വലിയതും മികച്ചതുമായ ഒരു സിനിമയുമായി എത്താൻ താൻ പരമാവധി ശ്രമിക്കാം. സ്നേഹത്തിനും പോസിറ്റിവിറ്റിക്കും നന്ദി എന്നാണ് ഉണ്ണി മുകുന്ദൻ ആരാധകന് കമൻ്റിലൂടെ മറുപടി നൽകിയത്.
ഉണ്ണി മുകുന്ദൻ നൽകിയ കമൻ്റ്

ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഷരീഫ് മുഹമ്മദാണ് മാർക്കോ നിർമിച്ചിരിക്കുന്നത്. സംവിധായകൻ ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന് പുറമെ സിദ്ധിഖ്, ജഗദീഷ്, കബീർ ദുഹാൻ സിങ്, അഭിമന്യു ഷമ്മി തിലകൻ, അൻസൺ പോൾ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്