Gopikrishnan Varma: ഡൗൺ സിൻഡ്രോം ഉള്ള ആദ്യ നായകൻ; സിതാരേ സമീൻ പറിലെ മലയാളി ഗോപീകൃഷ്ണൻ വർമ്മയെപ്പറ്റി
Gopikrishnan Varma Malayali Actor With Down Syndrome: ആമിർ ഖാൻ്റെ സിതാരെ സമീൻ പർ എന്ന സിനിമയിൽ അഭിനയിക്കുന്ന ഗോപീകൃഷ്ണൻ വർമ്മ മലയാളിയാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി ഒരു സിനിമയിൽ പ്രധാന വേഷം ചെയ്യുന്ന, ഡൗൺ സിൻഡ്രോം കണ്ടീഷനുള്ളയാളാണ് ഗോപീകൃഷ്ണൻ.

ഗോപീകൃഷ്ണൻ വർമ്മ
ആമിർ ഖാൻ്റെ ‘സിതാരെ സമീൻ പർ’ എന്ന തൻ്റെ പുതിയ സിനിമയിൽ പ്രധാന വേഷത്തിലഭിനയിക്കുന്ന ഒരു മലയാളിയുണ്ട്, ഗോപീകൃഷ്ണൻ വർമ്മ. ഗുഡ്ഡു എന്ന കഥാപാത്രത്തെയാണ് കോഴിക്കോട് സ്വദേശിയായ ഗോപീകൃഷ്ണൻ വർമ്മ സിതാരേ സമീൻ പറിൽ അവതരിപ്പിക്കുന്നത്. ഡൗൺ സിൻഡ്രോം അവസ്ഥയുള്ള ഗോപീകൃഷ്ണൻ മുൻപ് മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ ആദ്യമായി ഒരു സിനിമയിൽ പ്രധാന വേഷം ചെയ്യുന്ന, ഡൗൺ സിൻഡ്രോം കണ്ടീഷനുള്ളയാളാണ് ഗോപീകൃഷ്ണൻ.
1998 ലാണ് ഗോപീകൃഷ്ണൻ്റെ ജനനം. ചെറുപ്പം മുതൽ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന ഗോപിയ്ക്ക് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും ഹൈപ്പർ ആക്ടിവിറ്റിയും ഉണ്ടായിരുന്നു. ഡൗൺ സിൻഡ്രോം ഉള്ള മറ്റ് കുട്ടികളെക്കാൾ ബുദ്ധിയും കഴിവും ഗോപിയ്ക്കുണ്ടായിരുന്നു. എട്ടാം ക്ലാസ് വരെ പ്രത്യേക സ്കൂളിലും സാധാരണ സ്കൂളിലും പഠിച്ച ഗോപി പിന്നീട് സാദാ സ്കൂളിലാണ് തുടർന്ന് പഠിച്ചത്.
എഡിഎച്ച്ഡി ഉണ്ടെങ്കിലും തീയറ്ററിൽ സിനിമകൾ കാണാൻ പോയാൽ ഗോപി ഒരു പ്രശ്നവും ഉണ്ടാക്കില്ലായിരുന്നു. ഇതിനിടെ ടിക് ടോകിൽ വിഡിയോകൾ ചെയ്ത് ഗോപീകൃഷ്ണൻ ശ്രദ്ധിക്കപ്പെട്ടു. ഈ സമയത്ത് സംവിധായകരായ സാം സേവിയറും ജോർജ് കോരയും ഇത്തരത്തിലുള്ള ഒരു അഭിനേതാവിനായുള്ള തിരച്ചിലിലാണ്. ഒടുവിൽ അവർ ഗോപീകൃഷ്ണനെ ചികിത്സിച്ച ഡോക്ടറിലെത്തി. അങ്ങനെ ഗോപി തിരികെ എന്ന സിനിമയിൽ പ്രധാന വേഷം ചെയ്തു. ഈ സിനിമയിലെ അഭിനയത്തിന് ഗോപി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ചു. ഒരു സിനിമയിൽ ആദ്യമായി പ്രധാനവേഷം ചെയ്യുന്ന ഡൗൺ സിൻഡ്രോം വ്യക്തി. തുടർന്ന് ഇടിയൻ ചന്തു എന്ന സിനിമയിലും താരം അഭിനയിച്ചു.
Also Read: Narivetta Song: ‘വാടാ വേടാ’ ! നരിവേട്ടയിൽ വേടന്റെ പാട്ടും; റിലീസ് നാളെ
2007ൽ ആമിർ ഖാൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘താരേ സമീൻ പർ’ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയുടെ രണ്ടാം ഭാഗമാണ് സിതാരേ സമീൻ പർ. ആർ എസ് പ്രസന്നയാണ് സിതാരേ സമീൻ പറിൻ്റെ സംവിധായകൻ. 2018ൽ പുറത്തിറങ്ങിയ ചാമ്പ്യൻസ് എന്ന സിനിമയുടെ റീമേക്കാണ് സിനിമ. ആമിർ ഖാനും ഗോപീകൃഷ്ണനും ഒപ്പം ജെനീലിയ ഡിസൂസയും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നു. ജൂൺ 20ന് സിനിമ തീയറ്ററുകളിലെത്തും.