Mohanlal in Kannappa: ലാലേട്ടനെ വിളിച്ചത് ചെറിയ വേഷം ചെയ്യാൻ, എന്റെ അഭിനയത്തിന് പ്രതിഫലം തരാന്‍ മാത്രം ധൈര്യമോ എന്ന് ചോദിച്ച് ഞെട്ടിച്ചെന്ന് സംവിധായകൻ
Mohanlal didn't receive payment for Kannappa: മോഹൻലാൽ പ്രതിഫലം മാത്രമല്ല, യാത്രാ ചെലവ് പോലും വാങ്ങിയില്ലെന്ന് വിഷ്ണു മഞ്ചു പറയുന്നു. "മോഹൻലാൽ സർ എന്നെ വിളിച്ചിട്ട്, 'വിഷ്ണു ഞാൻ എപ്പോഴാണ് ന്യൂസീലൻഡിലേക്ക് വരേണ്ടത്' എന്ന് ചോദിക്കും. ടിക്കറ്റ് സ്വയം ബുക്ക് ചെയ്‌തോളാമെന്നും, തനിക്കും സ്റ്റാഫിനും താമസസൗകര്യം ഒരുക്കിയാൽ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: തെലുങ്ക് ചിത്രം ‘കണ്ണപ്പ’യുടെ സ്വീകാര്യത വർദ്ധിപ്പിക്കാനാണ് മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ എന്നിവരെ ഉൾപ്പെടുത്തിയതെന്ന് തുറന്നുപറഞ്ഞ് ചിത്രത്തിലെ നായകനും നിർമ്മാതാവുമായ വിഷ്ണു മഞ്ചു. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വിഷ്ണു മഞ്ചുവിന്റെ പിതാവ് മോഹൻബാബുവാണ്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ എന്നിവർ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്.
മോഹൻലാലും പ്രഭാസും പ്രതിഫലം വാങ്ങിയില്ല
ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് വിഷ്ണു മഞ്ചു ഈ വെളിപ്പെടുത്തൽ നടത്തിയത്. “ഇന്ന് കാണുന്ന ‘കണ്ണപ്പ’ നിർമ്മിക്കാൻ എന്നെ വളരെയധികം സഹായിച്ചത് മോഹൻലാലും പ്രഭാസുമാണ്. മോഹൻലാൽ അത്രയും വലിയൊരു സൂപ്പർസ്റ്റാറാണ്, അദ്ദേഹത്തിന് എന്റെ ചിത്രത്തിൽ ചെറിയ വേഷം ചെയ്യേണ്ട കാര്യമൊന്നുമില്ല. എന്നാൽ, എന്റെ അച്ഛനോടുള്ള സ്നേഹത്തിന്റേയും ബഹുമാനത്തിന്റേയും പേരിൽ ആ വേഷം ചെയ്യാൻ ഒരു മിനിറ്റിൽ തന്നെ അദ്ദേഹം സമ്മതം അറിയിച്ചു.” – വിഷ്ണു മഞ്ചു പറഞ്ഞു.
പ്രഭാസ് തന്റെ അടുത്ത സുഹൃത്താണെന്നും, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരമായ അദ്ദേഹത്തിനും ഈ വേഷം ചെയ്യേണ്ട ആവശ്യമില്ലായിരുന്നു എന്നും വിഷ്ണു മഞ്ചു കൂട്ടിച്ചേർത്തു. “എന്റെ ചിത്രത്തിന് കൂടുതൽ ‘റീച്ച്’ കിട്ടാൻ അദ്ദേഹത്തിന്റെ സാന്നിധ്യം വേണമെന്ന് ഞാൻ തുറന്നുസമ്മതിച്ചപ്പോൾ, ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹം തയ്യാറായി. എന്താണ് വേഷമെന്ന് പോലും പ്രഭാസ് അന്വേഷിച്ചില്ല.” – വിഷ്ണു മഞ്ചു വ്യക്തമാക്കി.
പ്രതിഫലം ചോദിച്ചപ്പോൾ താരങ്ങളുടെ പ്രതികരണം
പ്രഭാസും മോഹൻലാലും ചിത്രത്തിന് ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് വിഷ്ണു മഞ്ചു പറഞ്ഞു. “ഓരോ തവണ അവരുടെ പ്രതിഫലത്തെക്കുറിച്ച് ചോദിക്കുമ്പോഴും, ‘ഞങ്ങൾക്ക് പ്രതിഫലം തരാൻ മാത്രം വലിയ ആളായി നീ മാറിയോ’ എന്ന് അവർ ചോദിക്കും. ‘നീ എനിക്ക് ചുറ്റുമാണ് വളർന്നത്, എന്റെ അഭിനയത്തിന് പ്രതിഫലം തരാൻ മാത്രം ധൈര്യമോ’ എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം. എന്നെ കൊല്ലുമെന്നായിരുന്നു പ്രഭാസിന്റെ പ്രതികരണം.”
അക്ഷയ് കുമാറിന്റെ പ്രതിഫലം
അക്ഷയ് കുമാർ അദ്ദേഹത്തിന്റെ സാധാരണ പ്രതിഫലത്തേക്കാൾ കുറഞ്ഞ തുക മാത്രമാണ് ‘കണ്ണപ്പ’യിൽ വാങ്ങിയതെന്നും വിഷ്ണു മഞ്ചു വെളിപ്പെടുത്തി. “അദ്ദേഹത്തിന് പ്രതിഫലത്തിൽ കുറവ് വരുത്തേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹം എന്റെ സുഹൃത്ത് പോലുമായിരുന്നില്ല. ചിത്രത്തിന്റെ ഭാഗമാവുന്നതിന് മുമ്പ് അദ്ദേഹത്തിന് എന്നെ അറിയുക പോലുമുണ്ടായിരുന്നില്ല.” – വിഷ്ണു മഞ്ചു കൂട്ടിച്ചേർത്തു.
മോഹൻലാലിന്റെ ലാളിത്യം
മോഹൻലാൽ പ്രതിഫലം മാത്രമല്ല, യാത്രാ ചെലവ് പോലും വാങ്ങിയില്ലെന്ന് വിഷ്ണു മഞ്ചു പറയുന്നു. “മോഹൻലാൽ സർ എന്നെ വിളിച്ചിട്ട്, ‘വിഷ്ണു ഞാൻ എപ്പോഴാണ് ന്യൂസീലൻഡിലേക്ക് വരേണ്ടത്’ എന്ന് ചോദിക്കും. ടിക്കറ്റ് സ്വയം ബുക്ക് ചെയ്‌തോളാമെന്നും, തനിക്കും സ്റ്റാഫിനും താമസസൗകര്യം ഒരുക്കിയാൽ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. അത്രയും വിനയമാണ് അവർക്ക്. മോഹൻലാൽ അഭിനയിച്ച ഏഴ് മിനിറ്റോളം വെട്ടിക്കളയേണ്ടിവന്നു. 15 മിനിറ്റ് മാത്രമാണ് അദ്ദേഹത്തിന്റെ സീനുള്ളത്. ചിത്രത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ ഞങ്ങൾക്ക് ഇത്തരം ത്യാഗങ്ങൾ സഹിക്കേണ്ടിവന്നു. ഞങ്ങൾക്ക് മറ്റൊരു വഴിയുമുണ്ടായിരുന്നില്ല.” – വിഷ്ണു മഞ്ചു വ്യക്തമാക്കി.