L 365 Updates: ‘എല്‍ 365’ പ്രഖ്യാപിച്ചു; മൂന്ന് വർഷത്തിന് ശേഷം മോഹൻലാൽ വീണ്ടും ആ വേഷത്തിൽ; പോസ്റ്റർ നൽകുന്ന സൂചനകൾ
Mohanlal L365 Movie Update: വളരെ അധികം സന്തോഷത്തോടെ എന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്. മിനിറ്റുകൾക്കകം തന്നെ പോസ്റ്റർ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
‘ലൂസിഫർ’, ‘തുടരും’ എന്നീ ചിത്രങ്ങളിലൂടെ മോഹൻലാലിൻറെ തിരിച്ചുവരവ് മലയാളക്കര ആഘോഷമാക്കിയതിന് പിന്നാലെ നടന്റെ 365-ആം സിനിമ പ്രഖ്യാപിച്ചു. മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുകയാണ്. ‘L 365’ എന്ന് താത്കാലികമായി പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നവാഗതനായ ഓസ്റ്റിൻ ഡാൻ തോമസ് ആണ് ചിത്രത്തിന്റെ സംവിധാനം.
‘തല്ലുമാല’, ‘വിജയ് സൂപ്പറും പൗർണമിയും’ തുടങ്ങിയ സിനിമകളിൽ നടനായും, ‘അഞ്ചാംപാതിര’ എന്ന സിനിമയുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായും പ്രവർത്തിച്ചയാളാണ് ഓസ്റ്റിൻ ഡാൻ തോമസ്. ചിത്രത്തിന്റെ കഥ – തിരക്കഥ -സംഭാഷണം ഒരുക്കുന്നത് രതീഷ് രവിയാണ്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഉടൻ ആരംഭിക്കും.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിർമാണം. വളരെ അധികം സന്തോഷത്തോടെ എന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്. മിനിറ്റുകൾക്കകം തന്നെ പോസ്റ്റർ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
മോഹൻലാൽ പങ്കുവെച്ച പോസ്റ്റ്:
ALSO READ: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തികത്തട്ടിപ്പ്; സൗബിൻ ഷാഹിറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി
പോസ്റ്റർ നൽകുന്ന സൂചനകൾ കണ്ടുപിടിക്കാനുള്ള ആവേശത്തിലാണ് ആരാധകർ. ഒരു പോലീസ് സ്റ്റേഷനിലെ ഹാന്റ് വാഷ് ഏരിയയും, സമീപത്ത് ഒരു പോലീസ് ഷർട്ട് തൂക്കിയിട്ടിരിക്കുന്നതും പോസ്റ്ററിൽ കാണാം. വാഷ് ഏരിയയിൽ ഉള്ള മിററിൽ ആണ് L365 എന്ന് എഴുതിയിരിക്കുന്നത്. അതിൽ ‘എൽ’ എന്ന അക്ഷരം ഒരു റോഡ് ആണെന്നും, അതിൽ രക്ത കറ പുരണ്ടിരിക്കുന്നതായും സോഷ്യൽ മീഡിയ കണ്ടുപിടിച്ചു കഴിഞ്ഞു. നൂറ് കോടി കളക്ഷൻ ഉറപ്പിക്കാമെന്നാണ് ആരാധകരുടെ അഭിപ്രായം.
അതേ സമയം, ഇനി മോഹന്‍ലാലിന്റേതായി തീയേറ്ററില്‍ എത്തുക സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂര്‍വ്വം’ ആണ്. ചിത്രം ഓണത്തിന് തീയേറ്ററില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ആശീര്‍വാദ് സിനിമാസാണ് നിർമ്മാണം. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക.