Mohanlal: ‘ആ സീനില്‍ അഭിനയിച്ചവരില്‍ ഇന്ന് ഞാന്‍ മാത്രമേയുള്ളൂ, കാണുമ്പോള്‍ സങ്കടം വരും’
Mohanlal about old movie scenes: പഴയ സിനിമകളിലെ സീനുകള്‍ കാണുമ്പോള്‍ ഒരുപാട് ഓര്‍മകളെത്തും. അന്നത്തെ സ്ഥലവും, കൂടെ അഭിനയിച്ചവരെയും ഓര്‍ക്കും. ചില സീനുകളില്‍ ഒരുമിച്ച് അഭിനയിച്ചവരില്‍ പലരും ഇന്നില്ലെന്നും താരം

മോഹന്‍ലാല്‍
പഴയ സിനിമകളിലെ ചില സീനുകള്‍ കാണുമ്പോള്‍ സങ്കടം വരുമെന്ന് നടന്‍ മോഹന്‍ലാല്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. പഴയ സിനിമകളിലെ സീനുകള്‍ കാണുമ്പോള്‍ ഒരുപാട് ഓര്‍മകളെത്തും. അന്നത്തെ സ്ഥലവും, കൂടെ അഭിനയിച്ചവരെയും ഓര്‍ക്കും. ചില സീനുകളില്‍ ഒരുമിച്ച് അഭിനയിച്ചവരില്‍ പലരും ഇന്നില്ല. അടുത്തിടെ കണ്ട പഴയ സിനിമയിലെ ഒരു സീനില്‍ അഭിനയിച്ചവരില്‍ താന്‍ മാത്രമേയുള്ളൂ. ബാക്കി ആരുമില്ല. അത് കാണുമ്പോള്‍ സങ്കടം വരും. പക്ഷേ, ആ സമയത്ത് ഭയങ്കരമായി ആസ്വദിച്ച സീനുകളാണതെന്നും താരം വ്യക്തമാക്കി.
ചന്ദ്രലേഖ എന്ന സിനിമയിലെ ഒരു സീന്‍ കണ്ടപ്പോള്‍, അതില്‍ തനിക്ക് ചുറ്റം അഭിനയിച്ച ആരും ഇന്നില്ല. ഇക്കാര്യം മധു സാറും പറയാറുണ്ട്. ‘ഒരുത്തന്‍ പോലുമില്ല, ഞാന്‍ മാത്രമേയുള്ളൂ’ എന്നാണ് അദ്ദേഹം അഭിനയിച്ച ചില സിനിമകളെക്കുറിച്ച് മധു സാര്‍ പറയാറുള്ളതെന്നും മോഹന്‍ലാല്‍ പറഞ്ഞു. പഴയ സിനിമകള്‍ അധികം കാണാറില്ലെന്നും താരം വ്യക്തമാക്കി.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രമായ ‘ഹൃദയപൂര്‍വ’ത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വ്യത്യസ്തമായ ക്യാരക്ടറാണ് ഈ സിനിമയില്‍. ഹ്യൂമന്‍ ഇമോഷന്‍സിന് ഒരുപാട് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടുള്ളവരില്‍ കൂടുതലും പുതിയ ജനറേഷനിലുള്ളവരാണ്. ഈ സിനിമയില്‍ വേറൊരു തലത്തിലാണ്. സത്യന്‍ അന്തിക്കാടിന്റെ ആദ്യ സിനിമ മുതല്‍ താനുണ്ട്. ഹൃദയപൂര്‍വം ഒരു ഫീല്‍ ഗുഡ് സിനിമയാണെന്നും മോഹന്‍ലാല്‍ വെളിപ്പെടുത്തി.
രോഗമുക്തനായി മമ്മൂട്ടി തിരിച്ചവരുന്നതിനെക്കുറിച്ചും മോഹന്‍ലാല്‍ മനസ് തുറന്നു. ഒരുപാട് പേരുടെ പ്രാര്‍ത്ഥനയാണ് ഒരു കുഴപ്പവുമില്ലാതെ അദ്ദേഹത്തെ തിരിച്ചെത്തിക്കുന്നത്. ഈശ്വരന് നന്ദി പറയുന്നു. അടുത്ത മാസം തന്നെ അദ്ദേഹം അഭിനയം തുടങ്ങും. ആദ്യ ഡബ്ബിങിലേക്കാകും പോകുന്നത്. അദ്ദേഹത്തിന്റെ തിരിച്ചുവരവില്‍ എല്ലാവരും സന്തോഷത്തിലാണെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറഞ്ഞു.