Mohanlal appa video song: അച്ഛൻ – മകൻ ബന്ധത്തിന്റെ ആഴം നിറഞ്ഞ ഈണം…. വൃഷഭയിലെ ആദ്യഗാനം ‘അപ്പ’ എത്തി
Mohanlal's Vrushabha First Song: തെലുങ്ക്, മലയാളം ഭാഷകളിൽ ഒരുക്കിയ 'വൃഷഭ' ഡിസംബർ 25-ന് ഹിന്ദി, കന്നഡ ഭാഷകളിലും ആഗോള റിലീസായി തിയേറ്ററുകളിൽ എത്തും.

Vrishbha 1st Movie Appa Out
കൊച്ചി: മലയാളികളുടെ പ്രിയതാരം മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം ‘വൃഷഭ’യിലെ ആദ്യഗാനം പുറത്തിറങ്ങി. ‘അപ്പ’ എന്ന ടൈറ്റിലിലാണ് ഈ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിൻ്റെ പ്രമേയം ഉൾക്കൊണ്ടുകൊണ്ട്, അച്ഛൻ- മകൻ ബന്ധത്തിന്റെ ആഴം ഈ പാട്ടിൽ ഉൾച്ചേർത്തിരിക്കുന്നു.
ഗാനത്തിന്റെ പിന്നണി
പ്രമുഖ സംഗീത സംവിധായകൻ സാം സി.എസ്. ആണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. ഇതിന്റെ മലയാളം വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണൻ ആണ്. ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ വിജയ് പ്രകാശ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മധു ബാലകൃഷ്ണൻ ആണ്.
കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൻ്റെ കഥ, അച്ഛനും മകനും തമ്മിലുള്ള ശക്തവും വൈകാരികവുമായ ബന്ധത്തിൽ വേരൂന്നിയതാണ്. വൃഷഭയുടെ കഥയുടെ കാതൽ ഈ പാട്ടിൽ കൃത്യമായി പ്രതിഫലിക്കുന്നുണ്ട് എന്ന് സംവിധായകൻ വിശദീകരിച്ചു. ആക്ഷൻ, വൈകാരികത, പ്രതികാരം, പ്രണയം എന്നിവ കോർത്തിണക്കി അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്.
മോഹൻലാൽ ഡബിൾ ലുക്കിൽ
ചിത്രത്തിൽ രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് മോഹൻലാൽ എത്തുന്നത്. പഴയകാല യോദ്ധാവിൻ്റെ ലുക്കിലും പുതിയ കാലത്തെ എക്‌സിക്യൂട്ടീവ് ലുക്കിലുമാണ് താരം പ്രത്യക്ഷപ്പെടുന്നത്. രാജാവിൻ്റെ ലുക്കിലുള്ള അദ്ദേഹത്തിൻ്റെ പോസ്റ്ററുകൾ നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു. മോഹൻലാലിൻ്റെ ഗംഭീര ആക്ഷൻ രംഗങ്ങളും ബ്രഹ്‌മാണ്ഡ കാൻവാസിലുള്ള ദൃശ്യങ്ങളും നിറഞ്ഞ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
തെലുങ്ക്, മലയാളം ഭാഷകളിൽ ഒരുക്കിയ ‘വൃഷഭ’ ഡിസംബർ 25-ന് ഹിന്ദി, കന്നഡ ഭാഷകളിലും ആഗോള റിലീസായി തിയേറ്ററുകളിൽ എത്തും. ട്രെയിലർ ഉൾപ്പെടെയുള്ള പ്രൊമോഷൻ മെറ്റീരിയലുകൾ വൈകാതെ പുറത്തു വരുമെന്നാണ് പ്രതീക്ഷ. കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും അഭിഷേക് എസ്. വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.
സമർജിത് ലങ്കേഷ്, രാഗിണി ദ്വിവേദി, നയൻ സരിക, അജയ്, നേഹ സക്സേന, ഗരുഡ റാം, വിനയ് വർമ, അലി, അയ്യപ്പ പി. ശർമ, കിഷോർ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങൾ. റസൂൽ പൂക്കുട്ടി (സൗണ്ട് ഡിസൈൻ), പീറ്റർ ഹെയ്ൻ (ആക്ഷൻ), ആന്റണി സാംസൺ (ഛായാഗ്രഹണം), കെ.എം. പ്രകാശ് (എഡിറ്റിംഗ്) എന്നിവർ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നു.