Nikhila Vimal: ’30 ടേക്ക് വരെ പോയി, അഭിനയം നിർത്തിയാലോ എന്ന് വരെ ആലോചിട്ടുണ്ട്, എനിക്കിതിനുള്ള കഴിവില്ല’; നിഖില വിമൽ
Nikhila Vimal About Quitting Acting: വാഴൈ എന്ന സിനിമയിലെ പല സീനുകൾക്കും 30 ടേക്കുകൾ വരെ പോയിട്ടുണ്ടെന്നും, സിനിമാ അഭിനയം നിർത്തിയാലോ എന്ന് വരെ ചിന്തിച്ചിട്ടുണ്ടെന്നും നിഖില പറയുന്നു.

നിഖില വിമൽ
2009ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം ‘ഭാഗ്യദേവത’യിലൂടെയാണ് നിഖില വിമൽ സിനിമാജീവിതം ആരംഭിച്ചത്. തുടർന്ന് 2015ൽ ദിലീപ് നായകനായ ‘ലവ് 24×7’ എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറി. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളത്തിലും തമിഴിലും തിരക്കുള്ള നടിയായി നിഖില മാറി. 2024ൽ സംവിധായകൻ മാരി സെല്‍വരാജ് ഒരുക്കിയ മികച്ച അഭിപ്രായം നേടിയ ചിത്രമായ ‘വാഴൈ’യിലും നിഖില മുഖ്യവേഷത്തിൽ എത്തിയിരുന്നു.
അടുത്തിടെ ‘വാഴൈ’ എന്ന സിനിമ തന്റെ കരിയറില്‍ ഉണ്ടാക്കിയ ഇംപാക്ടിനെക്കുറിച്ച് നിഖില വിമൽ സംസാരിച്ചിരുന്നു. സിനിമയിലെത്തി 15 വര്‍ഷമായെങ്കിലും ഇതുപോലൊരു സിനിമ ചെയ്തിട്ടില്ലെന്ന് നിഖില പറയുന്നു. ‘കഥ ഇന്നുവരെ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
‘വാഴൈ’യിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ മാരി സെല്‍വരാജിന്റെ പാറ്റേണ്‍ എങ്ങനെയാണെന്ന് അറിയില്ലായിരുന്നെന്നും ഒരുപാട് കാര്യങ്ങള്‍ അവിടെ നിന്ന് പഠിക്കാന്‍ കഴിഞ്ഞെന്നും നിഖില പറഞ്ഞു. ആ സിനിമയ്ക്ക് വേണ്ടി പല സീനുകൾക്കും 30 ടേക്കുകൾ വരെ പോയിട്ടുണ്ടെന്നും, സിനിമാ അഭിനയം നിർത്തിയാലോ എന്ന് വരെ ചിന്തിച്ചിട്ടുണ്ടെന്നും നിഖില കൂട്ടിച്ചേർത്തു. ഗുരുവായൂർ അമ്പലനടയിൽ റിലീസായ സമയത്ത് പലരും തനിക്ക് കഴിവില്ലെന്ന് പറയുന്നത് കേട്ടിരുവെന്നും, അത് തനിക്ക് തന്നെ തോന്നിയിട്ടുള്ള കാര്യമാണെന്നും താരം പറയുന്നു.
ALSO READ: വളർത്തുനായയുടെ പേര് റോക്കി! മാർക്കോയിൽ ഉണ്ണി മുകുന്ദൻ യഷിനെ അപമാനിച്ചുയെന്ന് കെജിഎഫ്, കന്നഡ ആരാധകർ
“ഇവിടെ (മലയാളം ഇൻഡസ്ട്രിയിൽ) ചെയ്യുമ്പോൾ ഒരു പരിധിവരെ ഞങ്ങൾ എല്ലാവരും സിംഗിൾ ടേക്ക് ആർട്ടിസ്റ്റുകളാണ്. ഞാൻ എപ്പോഴും ആത്മവിശ്വാസത്തോടെ ഇരിക്കുന്നത് എന്റെ ആദ്യ ടേക്കിലാണ്. എന്നാൽ എന്റെ ആദ്യ ടേക്ക് എന്ന് പറയുന്നത് പുള്ളിയുടെ (മാരി സെൽവരാജ്) ഒരു മുപ്പതാമത്തെ ടേക്ക് ആയിരിക്കും. നമ്മൾ വളരെ നന്നായിട്ടാണ് ആദ്യ ടേക്കിൽ പെർഫോം ചെയ്തത് എന്നുണ്ടെങ്കിലും പുള്ളി അത് എടുക്കുക തന്നെയില്ല. മുപ്പതാമത്തെ ടേക്ക് എത്തുമ്പോഴേക്കും ഞാൻ എന്താ ചെയ്തതെന്ന് പോലും എനിക്ക് മനസിലാവില്ല. ഇതിൽ ഇരുപതാമത്തെ ടേക്കോ ഇരുപത്തിയൊന്നാമത്തെ ടേക്കോ ആയിരിക്കാം പുള്ളി എടുത്തിട്ടുണ്ടാവുക. പക്ഷെ മുപ്പത് ടേക്ക് ഒക്കെ നമ്മൾ പോകും.
ഞാൻ അഭിനയം നിർത്തിയാലോ എന്ന് വരെ വിചാരിച്ചിട്ടുണ്ട് ഒരു ദിവസം. എനിക്കിതിനില്ല കഴിവില്ലെന്ന് തോന്നി. നമ്മൾ ഇവിടെ ആണെങ്കിൽ വരുന്നു, എല്ലാം കാണാപ്പാഠം പഠിക്കുന്നു, ആദ്യത്തെ ടേക്കിൽ തന്നെ എല്ലാം കറക്ടായിട്ട് പറയുന്നു, സെറ്റ്… അങ്ങനെയാണല്ലോ. ഇപ്പോൾ ഗുരുവായൂർ അമ്പലനടയിൽ കഴിഞ്ഞപ്പോൾ ആളുകൾ ചോദിച്ചില്ലേ ഇവൾക്ക് കഴിവുണ്ടോയെന്ന്, അതെനിക്ക് പണ്ടേ തോന്നിയിട്ടുള്ളതാണ്. എനിക്കിതൊരു പുതിയ കാര്യമൊന്നുമല്ല.” നിഖില വിമൽ പറഞ്ഞു.