Noorin Shereef: ‘പ്രിയയുമായി ചില തെറ്റിദ്ധാരണങ്ങൾ ഉണ്ടായിരുന്നു, നല്ല സമയം വെറുതെ കളഞ്ഞു’; നൂറിൻ ഷെരീഫ്
Noorin Shereef about Priya Varrier: അഡാർ ലവിൽ ആദ്യം നൂറിനെയായിരുന്നു നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ പ്രിയയുടെ കണ്ണിറുക്കുന്ന സീൻ വൈറലായതോടെ നൂറിനെ മാറ്റി പ്രിയയെ നായികയാക്കാൻ തീരുമാനിക്കുകയായിരുന്നു.

ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് നൂറിൻ ഷെരീഫും പ്രിയ വാര്യരും. ചിത്രത്തിൽ ആദ്യം നൂറിനെയായിരുന്നു നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ പ്രിയയുടെ കണ്ണിറുക്കുന്ന സീൻ വൈറലായതോടെ നൂറിനെ മാറ്റി പ്രിയയെ നായികയാക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന തരത്തിൽ റൂമറുകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അതിനെ പറ്റി സംസാരിക്കുകയാണ് നൂറിൻ. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘എനിക്കും പ്രിയക്കുമിടയിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. അതൊക്കെ വർഷങ്ങൾക്ക് മുമ്പ് നടന്നതാണ്. അന്ന് ഞങ്ങൾക്ക് പതിനെട്ടോ പത്തൊമ്പതോ വയസായിരുന്നു. ഞങ്ങളുടെ ചിന്തകൾക്കും അത്ര പക്വതയേ ഉണ്ടായിരുന്നോളൂ.
ഓരോ കാര്യങ്ങളെയും നോക്കി കാണുന്നതും അപ്രോച്ച് ചെയ്യുന്നതും കുറച്ച് കുട്ടിത്തത്തോടെയാണ്. ആ സമയത്ത് പിന്നീട് ഉണ്ടാകുന്ന ഭവിഷ്യത്ത് എന്താണെന്ന് ചിന്തിക്കാനുള്ള കഴിവ് എനിക്ക് ഉണ്ടായിരുന്നില്ല.
എന്റെ മനസിൽ എന്ത് തോന്നിയാലും അത് പെട്ടെന്ന് പുറത്ത് വരും, അന്നത്തെ സംഭവങ്ങൾ ഇപ്പോൾ കാണുമ്പോൾ ഞാൻ പലപ്പോഴും അതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് ചിന്തിക്കാറുണ്ട്. അത് വേണമായിരുന്നോ എന്നെല്ലാം ആലോചിക്കും. പിന്നെ ഇപ്പോൾ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ, സോഷ്യൽ മീഡിയ ആയത് കൊണ്ട് എത്ര നാൾ കഴിഞ്ഞാലും അതെല്ലാം അവിടെ കാണും.
പിന്നീട് ഞാനും പ്രിയയും പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തു. ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന പ്രശ്നങ്ങളൊക്കെ ഒന്ന് സംസാരിച്ചാൽ തീരാവുന്നതേ ഉണ്ടായിരുന്നോളൂ. അത് അറിഞ്ഞപ്പോൾ എനിക്ക് വളരെ വിഷമമായി. കാരണം അത്രയും നല്ല സമയം ഞങ്ങൾ വെറുതെ കളഞ്ഞു. അന്നേ ഞങ്ങൾ പരസ്പരം ഇതെല്ലാം പറഞ്ഞ് തീർത്തിരുന്നെങ്കിൽ ഒരുമിച്ചുള്ള നല്ല മൊമന്റുകൾ കിട്ടിയേനെ, ഇപ്പോൾ ഞാനും പ്രിയയും നല്ലൊരു ഇക്വേഷനിൽ പോകുന്നുണ്ട്’, നൂറിൻ പറയുന്നു.