Drishyam 3: ‘റീമേക്ക് തന്നെ’; ഉറപ്പിച്ച് ജീത്തു ജോസഫ്; ദൃശ്യം 3 മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളിൽ എത്തുക ഒരേ സമയം
താൻ എഴുതിയ കഥയെ അടിസ്ഥാനപ്പെടുത്തിയാവും ഹിന്ദി പതിപ്പ് ഒരുങ്ങുക. താൻ സ്ക്രിപ്പ്റ്റ് പൂര്‍ത്തിയാക്കിയതിന് ശേഷം അത് ഹിന്ദി ടീമുമായി പങ്കുവെക്കും. അതില്‍ അവർ അവരുടെ ചുറ്റുപാടിന് ചേരുന്ന രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തുമെന്നാണ് ജീത്തു ജോസഫ് പറയുന്നത്.

സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. സിനിമയുടെ മൂന്നാം ഭാഗം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫും ആശിർവാദ് സിനിമാസും അറിയിച്ചിരുന്നു. ജോര്‍ജുകുട്ടിയുടെ കണ്ണിന്റെ ക്ലോസ് അപ് ഷോട്ടില്‍ തുടങ്ങുന്ന റീലിനൊപ്പമാണ് ആശിവാര്‍ദ് സിനിമാസ് ഇക്കാര്യം പുറത്തു വിട്ടത്. ഇതോടെ ഏറെ പ്രതീക്ഷയിലാണ് ആരാധകർ.
എന്നാൽ ഇതിനിടെയിൽ ഹിന്ദി ദൃശ്യം 3 സംബന്ധിച്ച ചില റിപ്പോര്‍ട്ടുകളും ദേശീയ മാധ്യമങ്ങളില്‍ ശ്രദ്ധ നേടി. ഹിന്ദി ദൃശ്യം 3 ന്‍റെ ചിത്രീകരണവും ഒക്ടോബറില്‍ തന്നെ തുടങ്ങുമെന്നാണ് പിങ്ക് വില്ലയിൽ വന്ന റിപ്പോർട്ട്. ഇതോടെ അജയ് ദേവ്ഗണ്‍ നായകനാവുന്ന ഹിന്ദി പതിപ്പ് ഒരുങ്ങുക മലയാളവുമായി ബന്ധമില്ലാത്തതാകും എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഉയർന്നത്. പുതിയൊരു തിരക്കഥയില്‍ ചിത്രം എത്തുമെന്നാണ് ചില മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണെന്ന് സംവിധായകൻ ജീത്തു ജോസഫ് പറയുന്നത്.
Also Read:റീമേക്ക് അല്ല! പുതിയ കഥയുമായി ദൃശ്യം 3? സസ്‍പെന്‍സുമായി അജയ് ദേവ്ഗണും ടീമും
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ജോസഫിന്‍റെ പ്രതികരണം. ചിത്രത്തിന്‍റെ തിരക്കഥാ രചന അവസാന ഘട്ടത്തിലാണെന്നാണ് ജീത്തു പറയുന്നത്. താൻ എഴുതിയ കഥയെ അടിസ്ഥാനപ്പെടുത്തിയാവും ഹിന്ദി പതിപ്പ് ഒരുങ്ങുക. താൻ സ്ക്രിപ്പ്റ്റ് പൂര്‍ത്തിയാക്കിയതിന് ശേഷം അത് ഹിന്ദി ടീമുമായി പങ്കുവെക്കും. അതില്‍ അവർ അവരുടെ ചുറ്റുപാടിന് ചേരുന്ന രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തുമെന്നാണ് ജീത്തു ജോസഫ് പറയുന്നത്.
എന്നാൽ മലയാളം, ഹിന്ദി പതിപ്പുകള്‍ ഒരേ സമയത്ത് ചിത്രീകരണം ആരംഭിക്കുമോ എന്ന ചോദ്യത്തിന് അത് ഇപ്പോൾ പറയാൻ ആകില്ലെന്നാണ് ജീത്തു പറയുന്നത്. എല്ലാ ഭാഷയിലെ നടിനടന്മാർക്ക് ഡേറ്റുകള്‍ കിട്ടുമെന്ന് ഉറപ്പിക്കാൻ പറ്റില്ലെന്നും എന്നാൽ മലയാളം, ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ ഒരേ സമയം റിലീസ് ചെയ്യുമെന്നും ജീത്തു ജോസഫ് പറയുന്നു. മലയാളവും ഹിന്ദിയും മാത്രമല്ല, ഒപ്പം തെലുങ്ക് പതിപ്പും ഒരുമിച്ച് റിലീസ് ചെയ്യുന്ന കാര്യം മറ്റ് ഭാഷ അണിയറക്കാര്‍ അപേക്ഷിച്ചിട്ടുണ്ടെന്നും അത് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും ജീത്തു പറയുന്നത്. വ്യത്യസ്ത തീയതികളിൽ ചിത്രം തീയറ്ററുകളിൽ എത്തിയാൽ അത് ഉണ്ടാക്കുന്ന സ്വാധീനം കുറയുമെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നതെന്നും ജീത്തു ജോസഫ് പറയുന്നു.