Padakkalam Director Manu Swaraj: ‘കാസ്റ്റിങ് ഇങ്ങനെയല്ലായിരുന്നു, സന്ദീപിന്റെ റോളിലേക്ക് മറ്റൊരു നടനെ സമീപിച്ചു, പക്ഷേ അയാൾ ഒഴിവായി’; മനു സ്വരാജ്
Padakkalam Director Manu Swaraj: ഷാജി സാറായി ആദ്യം മുതലേ മനസിലുണ്ടായിരുന്നത് സുരാജ് വെഞ്ഞാറമൂടായിരുന്നു. എന്നാൽ ഷറഫുദ്ദീന്റെയും സന്ദീപ് പ്രദീപിന്റെയും റോളിലേക്ക് തീരുമാനിച്ചിരുന്നത് മറ്റ് നടന്മാരെയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
തിയറ്ററുകളിൽ വൻവിജയം തീർത്ത ഫാന്റസി സിനിമയാണ് പടക്കളം. നവാഗതമായ മനു സ്വരാജ് സംവിധാം ചെയ്ത ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, സന്ദീപ് പ്രദീപ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്.
ചിത്രം ഒടിടിയിൽ എത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ, തന്റെ മനസിൽ ഉണ്ടായിരുന്ന കാസ്റ്റിങ് ഇതല്ലായിരുന്നുവെന്ന് തുറന്ന് പറയുകയാണ് സംവിധായകൻ. ഷാജി സാറായി ആദ്യം മുതലേ മനസിലുണ്ടായിരുന്നത് സുരാജ് വെഞ്ഞാറമൂടായിരുന്നു. എന്നാൽ ഷറഫുദ്ദീന്റെയും സന്ദീപ് പ്രദീപിന്റെയും റോളിലേക്ക് തീരുമാനിച്ചിരുന്നത് മറ്റ് നടന്മാരെയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
‘ഈ പടത്തിൽ ഞാൻ ആദ്യം മനസിൽ കണ്ട കാസ്റ്റിങ് ഇങ്ങനെയല്ലായിരുന്നു. രഞ്ജിത് സാറിന്റെ കഥാപാത്രമായി ആദ്യം പ്ലാൻ ചെയ്തത് ബേസിലേട്ടനെയായിരുന്നു. എന്നാൽ ഡേറ്റില്ലായിരുന്നു. അങ്ങനെയാണ് ആ റോളിലേക്ക് ഷറഫുദ്ദീൻ വന്നത്. പുള്ളി അത് കിടിലനായി ചെയ്തു. ഞാൻ വിചാരിച്ചതിലും മേലെ പോയി.
സന്ദീപിന്റെ റോളിലേക്കും മറ്റൊരു നടനായിരുന്നു. പക്ഷേ ഷാജി സാറായി സുരാജേട്ടൻ അല്ലാതെ വേറാരെയും ഉദ്ദേശിച്ചിട്ടില്ലായിരുന്നു. ആ റോൾ പുള്ളി തന്നെ ചെയ്യണമെന്നായിരുന്നു ആദ്യം തൊട്ടേ പ്ലാൻ ചെയ്തിരുന്നത്. അതിന് മറ്റൊരു ഓപ്ഷനില്ലായിരുന്നു. സന്ദീപിന്റെ റോളിലേക്ക് ആദ്യം ഉദ്ദേശിച്ചത് മലയാളത്തിലെ ഒരു അപ് കമിങ് സ്റ്റാറിനെയായിരുന്നു. അയാളുടെ പേര് പറയില്ല, പുള്ളിക്ക് സിനിമ വർക്കായില്ലെന്ന് പറഞ്ഞ് ഒഴിവായി’ വിറ്റ് ടോക്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മനു സ്വരാജ് പറഞ്ഞു.