Cosmo Jarvis-Mohanlal: ‘പീക്കി ബ്ലൈന്‍ഡേഴ്‌സ്’ താരം കോസ്‌മോ ജാര്‍വിസിന്റെ ഇഷ്ടനടൻ മോഹൻലാൽ; ആവേശത്തിൽ ആരാധകർ
Cosmo Jarvis Favourite Actor: കോസ്മോ ജാർവിസിന്റെ ഇഷ്ടനടന്മാരുടെ പട്ടികയിൽ മലയാളികളുടെ ഒരു പ്രിയ നടൻ കൂടി ഉൾപ്പെടുന്നുണ്ട്. അത് മറ്റാരുമല്ല, നടൻ മോഹൻലാലാണ്.

കോസ്മോ ജാർവിസ്, മോഹൻലാൽ
‘പീക്കി ബ്ലൈൻഡേഴ്സ്’, ‘ഷോഗൺ’ തുടങ്ങിയ വെബ്സീരീസുകളിലൂടെ ശ്രദ്ധേയനായ ബ്രിട്ടീഷ്-അമേരിക്കൻ നടനാണ് കോസ്മോ ജാർവിസ്. അടുത്തിടെ അദ്ദേഹം ‘ദി ആർട്ടിക്കിൾ മാഗസിൻ’ എന്ന വിദേശ മാഗസിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. അതിനു കാരണം ഇഷ്ട നടൻമാർ ആരെല്ലാമെന്ന ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ മറുപടിയാണ്.
കോസ്മോ ജാർവിസിന്റെ ഇഷ്ടനടന്മാരുടെ പട്ടികയിൽ മലയാളികളുടെ ഒരു പ്രിയ നടൻ കൂടി ഉൾപ്പെടുന്നുണ്ട്. അത് മറ്റാരുമല്ല, നടൻ മോഹൻലാലാണ്. ഇഷ്ട നടൻമാർ ആരെല്ലാമെന്ന ചോദ്യത്തിന് ഒരു വലിയ ലിസ്റ്റ് തന്നെയാണ് അദ്ദേഹം പറഞ്ഞത്. ഹോളിവുഡ് ഇതിഹാസങ്ങളായ ചാർളി ചാപ്ലിൻ, ബ്രൂണോ ഗാൻസ്, പീറ്റർ സെല്ലേഴ്സ്, മൈക്കൽ ഷാനൻ, ഗാരി ഓൾഡ്മാൻ, കാത്തി ബേറ്റ്സ്, വാക്വിൻ ഫീനിക്സ് തുടങ്ങി 40ഓളം താരങ്ങളുടെ പേരാണ് അദ്ദേഹം പറഞ്ഞത്. ഇക്കൂട്ടത്തിലാണ് കോസ്മോ ജാർവിസ് മോഹൻലാലിൻറെ പേരും ഉൾപ്പെടുത്തിയത്.
മറ്റൊരു ഇന്ത്യൻ താരത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മോഹൻലാലിൻറെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘താളവട്ടം’ എന്ന സിനിമയ്ക്ക് പ്രചോദനമായ ‘വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റ്’ ആണ് ജാർവിസിന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്ന്. മലയാളികൾക്ക് കോസ്മോ ജാർവിസ് അത്ര പരിചിതനല്ലെങ്കിലും, ‘പീക്കി ബ്ലൈൻഡേഴ്സ്’ ആരാധകർക്ക് കോസ്‌മോയെ നന്നായറിയാം. ഈ വെബ്‌സീരീസിൽ ബാർണി എന്ന കഥാപാത്രമാണ് നടൻ അവതരിപ്പിച്ചത്.
2009ൽ പുറത്തിറങ്ങിയ ‘ദി അലി വേ’ എന്ന ഹ്രസ്വചിത്രത്തിൽ ശബ്ദം നൽകി കൊണ്ടാണ് കോസ്മോ ജാർവിസ് സിനിമാ ജീവിതം ആരംഭിച്ചത്. തുടർന്ന് 2012ൽ ‘ദി നോട്ടി റൂം’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നു. 2016ൽ പുറത്തിറങ്ങിയ ‘ലേഡി മാക്ബത്’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ‘പെർസുവേഷൻ’, ‘അനിഹിലേഷൻ’, ‘വാർഫെയർ’, ‘ഇൻസൈഡ്’, തുടങ്ങി ഇരുപതിലേറെ ചിത്രങ്ങളിൽ കോസ്മോസ് വേഷമിട്ടു.