Prakash Varma: തരുണിന്റെ കഥ കേട്ടതിന് ശേഷം പങ്കാളി പറഞ്ഞത് കുറ്റബോധം തോന്നരുതെന്ന് മാത്രം: പ്രകാശ് വര്‍മ
Prakash Varma About His Partner: നിരവധി പരസ്യ ചിത്രങ്ങളുടെ സംവിധായകനായ അദ്ദേഹം ആദ്യമായി അഭിനയിച്ച സിനിമ കൂടിയാണ് തുടരും. ഇപ്പോഴിതാ തരുണ്‍ തുടരുമിന്റെ കഥ പറഞ്ഞതിന് തന്റെ പങ്കാളിയുടെ പ്രതികരണത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രകാശ് വര്‍മ. ക്യൂ സ്റ്റുഡിയോയോടാണ് അദ്ദേഹം മനസുതുറക്കുന്നത്.

പ്രകാശ് വര്‍മ, സ്‌നേഹ
ഒരു കോട്ടവും സംഭവിക്കാതെ കാണികളെയും സമ്പാദിച്ചുകൊണ്ട് പ്രദര്‍ശനം തുടരുകയാണ് തുടരും. തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് മറ്റൊരാളുടെ പേരായിരുന്നു, സിനിമയില്‍ പോലീസ് വേഷത്തിലെത്തിയ പ്രകാശ് വര്‍മയായിരുന്നു അത്.
നിരവധി പരസ്യ ചിത്രങ്ങളുടെ സംവിധായകനായ അദ്ദേഹം ആദ്യമായി അഭിനയിച്ച സിനിമ കൂടിയാണ് തുടരും. ഇപ്പോഴിതാ തരുണ്‍ തുടരുമിന്റെ കഥ പറഞ്ഞതിന് തന്റെ പങ്കാളിയുടെ പ്രതികരണത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രകാശ് വര്‍മ. ക്യൂ സ്റ്റുഡിയോയോടാണ് അദ്ദേഹം മനസുതുറക്കുന്നത്.
”പങ്കാളി അല്ലെങ്കില്‍ സുഹൃത്ത് എന്ന നിലയില്‍ സ്‌നേഹ വളരെ സപ്പോര്‍ട്ടാണ്. ഞങ്ങള്‍ തമ്മില്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്. സിനിമയുടെ കാര്യമായാലും മറ്റെന്ത് കാര്യമായാലും അങ്ങനെ തന്നെയാണ്. തരുണ്‍ തുടരുമിന്റെ കഥ പറയുമ്പോഴും സ്‌നേഹ ഉണ്ടായിരുന്നു കൂടെ. തരുണ്‍ പറയുന്നത് കേട്ടപ്പോള്‍ എന്തൊരു നരേഷന്‍ ആണെന്ന് തോന്നിപ്പോയി. മൂന്ന് മണിക്കൂര്‍ ചായ കുടിക്കാന്‍ പോലും പോയിട്ടില്ല.
കഥ കേട്ടതിന് ശേഷം ഞാന്‍ സ്‌നേഹയേയും കൂട്ടി അടുത്തൊരു മുറിയിലേക്ക് പോയി. അവിടെ എത്തിയിട്ടാണ് ശ്വാസം വിടുന്നത്. എന്നിട്ട് എന്ത് ചെയ്യണമെന്ന് അവളോട് ചോദിച്ചു.
ഇത് നിന്റെ തീരുമാനമാണ്, മനോഹരമായ കഥയും മനോഹരമായ ഫിലിം മേക്കറുമാണ്. നീയാണ് തീരുമാനമെടുക്കേണ്ടത്. നമ്മള്‍ കമ്മിറ്റ് ചെയ്തിട്ടുള്ള ഒരുപാട് പ്രൊജക്ടുകള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. നീ സിനിമയുമായി മുന്നോട്ടുപോകുകയാണെങ്കില്‍ നമുക്ക് അത് മാനേജ് ചെയ്യാം. ഞാന്‍ നിന്നെ പുഷ് ചെയ്യില്ല, അവസാനം കുറ്റബോധം തോന്നരുത് എന്നാണ് സ്‌നേഹ പറഞ്ഞത്,” പ്രകാശ് വര്‍മ പറയുന്നു.