Malaikottai Vaaliban: ‘മലൈക്കോട്ടൈ വാലിബൻ നഷ്ടമല്ല’; എങ്കിലും രണ്ടാം ഭാഗമുണ്ടാവില്ലെന്ന് നിർമ്മാതാവ്
Shibu Baby John - Malaikottai Vaaliban: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ നഷ്ടസിനിമയല്ലെന്ന് നിർമ്മാതാവ് ഷിബു ബേബി ജോൺ. ഒടിടി, സാറ്റലൈറ്റ്, മ്യൂസിക് തുടങ്ങിയവയ്ക്ക് നല്ല തുക ലഭിച്ചു എന്നും അദ്ദേഹം വിശദീകരിച്ചു.

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ മലൈക്കോട്ടൈ വാലിബൻ നഷ്ടസിനിമയല്ലെന്ന് നിർമ്മാതാവ് ഷിബു ബേബി ജോൺ. ഒടിടിയും സാറ്റലൈറ്റുമൊക്കെ നല്ല തുക കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ജനുവരിയിൽ പുറത്തിറങ്ങിയ സിനിമ ബോക്സോഫീസിൽ നിന്ന് വലിയ നേട്ടമുണ്ടാക്കിയിരുന്നില്ല. എന്നാൽ, മറ്റ് രീതികളിലൂടെ സിനിമ പണമുണ്ടാക്കിയെന്നാണ് ഷിബു ബേബി ജോൺ വിശദീകരിച്ചത്.
“വാലിബൻ നഷ്ടം വന്നില്ല. അത് വേറെ വരുമാനമാർഗങ്ങൾ ഉള്ളതുകൊണ്ടാണ്. ഒടിടിയും സാറ്റ്ലൈറ്റും മ്യൂസികും എല്ലാം കൂടി വലിയ ഒരു തുക ലഭിച്ചു.” എന്നാണ് ഷിബു ബേബി ജോൺ അറിയിച്ചത്. രണ്ടാം ഭാഗത്തെപ്പറ്റിയുള്ള ചോദ്യത്തിന് “രണ്ടാം ഭാഗമോ?” എന്ന് ചോദിച്ച് ചിരിച്ച അദ്ദേഹം രണ്ടാം ഭാഗം ഉണ്ടാവില്ലെന്നും അറിയിച്ചു.
“വ്യത്യസ്തമായ അഭിപ്രായങ്ങൾ വരുന്നതൊക്കെ സ്വാഭാവികമാണ്. പക്ഷേ, സിനിമ തീയറ്ററിൽ ഇറങ്ങിക്കഴിയുമ്പോൾ രണ്ട് മണിക്കൂർ സിനിമ കൊള്ളാമെങ്കിൽ ആള് കേറും. സാധനം മോശമാണെങ്കിൽ ആള് കേറില്ല. അതിന്മേൽ കിടന്ന് ചർച്ചചെയ്തിട്ട് വല്ല കാര്യവുമുണ്ടോ? സിനിമ മേഖല മാറിയിട്ടുണ്ട്. അത് തിരിച്ചറിയാതെ കിടന്ന് പറഞ്ഞിട്ട് കാര്യമില്ല. ഞങ്ങടെ ഒരു സിനിമ, ദാവീദ് ഇറങ്ങിയല്ലോ. നല്ല സിനിമ എന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷേ, നമ്മൾ ഉദ്ദേശിച്ചതുപോലെ കളക്ഷനൊന്നും കേറിയില്ല. ഇപ്പോൾ ആരും തീയറ്ററിൽ വരുന്നില്ല. അപൂർവ സിനിമകൾക്കേ വരുന്നുള്ളൂ. നമ്മള് രക്ഷപ്പെട്ടു. പക്ഷേ, അതൊന്നുമല്ല. പഴയ രീതിയിലാണെങ്കിൽ അതൊന്നുമല്ല കിട്ടേണ്ടത്.”- ഷിബു ബേബി ജോൺ പ്രതികരിച്ചു.




Also Read: Shalini Ajith: ശാലിനിയെ അഭിനയിക്കാൻ വിടാത്തത് നന്നായി! കുടുംബം തകർന്നേനെ എന്ന് ആരാധകർ
മോഹൻലാൽ, സൊനാലി കുൽക്കർണി, ഡാനിഷ് സേയ്ഠ്, കഥ നന്ദി, ഹരീഷ് പേരടി തുടങ്ങിയവർ അഭിനയിച്ച സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. പിഎസ് റഫീഖ് തിരക്കഥയൊരുക്കിയ സിനിമയ്ക്ക് മധു നീലകണ്ഠനാണ് ക്യാമറ ചലിപ്പിച്ചത്. ദീപു എസ് ജോസഫായിരുന്നു എഡിറ്റ്. പ്രശാന്ത് പിള്ളയാണ് സിനിമയുറ്റെ സംഗീതസംവിധാനം നിർവഹിച്ചത്. 2024 ജനുവരി 25ന് തീയറ്ററുകളിൽ റിലീസായ സിനിമയുടെ ബജറ്റ് 60 കോടിയ്ക്ക് മുകളിലായിരുന്നു എന്നാണ് വിവരം. ഇതിൻ്റെ പകുതിയോളം മാത്രമാണ് സിനിമ തീയറ്ററുകളിൽ നിന്ന് നേടിയത്.