R Madhavan: ‘അതേക്കുറിച്ച് അറിവുള്ളയാളായിട്ട് പോലും തിരിച്ചറിയാൻ കഴിഞ്ഞില്ല; അനുഷ്ക പറഞ്ഞപ്പോഴാണ് അറിഞ്ഞത്’; പറ്റിക്കപ്പെട്ടതിനെ കുറിച്ച് ആർ മാധവൻ
R Madhavan on AI Video Fraud: വീഡിയോ യഥാർത്ഥമാണെന്ന് കരുതി തന്റെ സമൂഹ മാധ്യമത്തിലൂടെ ഷെയർ ചെയ്തത് കണ്ട് നടി അനുഷ്ക ശർമ്മ മെസേജ് അയച്ചപ്പോഴാണ് പറ്റിക്കപ്പെട്ടതാണെന്ന് മാധവൻ തിരിച്ചറിയുന്നത്.

തമിഴിലെ എക്കാലത്തെയും പ്രിയ നായകന്മാരിൽ ഒരാളാണ് ആർ മാധവൻ. മലയാളത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും മലയാള സിനിമാ പ്രേക്ഷകർക്കും താരം സുപരിചിതനാണ്. ഇപ്പോഴിതാ, അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കുവെച്ച അനുഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. എഐ വീഡിയോയിലൂടെ കബളിക്കപ്പെട്ട സംഭവത്തെ കുറിച്ചുള്ളതായിരുന്നു വീഡിയോയിലെ വെളിപ്പെടുത്തൽ. ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ഉൾപ്പെടുന്ന ഒരു വീഡിയോയെ ചുറ്റിപ്പറ്റിയുള്ളതാണ് സംഭവം.
യഥാർത്ഥ ജീവിതത്തിൽ അടുത്ത കാലത്ത് ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിന് ഇരയാവുകയോ പറ്റിക്കപ്പെടുകയോ ചെയ്തിരുന്നോ എന്നായിരുന്നു അവതാരിക മാധവനോട് ചോദിച്ചത്. ഇതിന് മറുപടിയായാണ് അടുത്തിടെ ഒരു എഐ വീഡിയോ കണ്ട് കബളിക്കപ്പെട്ട അനുഭവം താരം പങ്കുവെച്ചത്. വീഡിയോ യഥാർത്ഥമാണെന്ന് കരുതി തന്റെ സമൂഹ മാധ്യമത്തിലൂടെ ഷെയർ ചെയ്തത് കണ്ട് നടി അനുഷ്ക ശർമ്മ മെസേജ് അയച്ചപ്പോഴാണ് പറ്റിക്കപ്പെട്ടതാണെന്ന് താരം തിരിച്ചറിയുന്നത്.
“അടുത്തിടെ ഒരു ഇൻസ്റ്റാഗ്രാം റീൽ കണ്ടു. വിരാട് കോഹ്‌ലിയെ പ്രശംസിച്ച് കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ സംസാരിക്കുന്നതാണ് വീഡിയോ. കോഹ്‌ലിയെ ആകാശത്തോളം പുകഴ്ത്തുന്നതും, കോഹ്‌ലിയുടെ ബാറ്റിങ്ങിനെ കുറിച്ചും, അദ്ദേഹം എത്രമാത്രം ഒരു ഇതിഹാസമാണെന്ന് പറയുന്നതുമെല്ലാമാണ് വീഡിയോയിൽ ഉള്ളത്.
ഇത് കണ്ട് അഭിമാനം തോന്നി ഞാൻ ആ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു. അപ്പോഴാണ് അനുഷ്ക ശർമ്മയിൽ നിന്ന് എനിക്കൊരു മെസേജ് ലഭിച്ചത്. ഭായ്, ഇത് വ്യാജമാണ്, എഐ വീഡിയോ ആണ്. അദ്ദേഹം യഥാർത്ഥത്തിൽ ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന് പറഞ്ഞു. കേട്ടപ്പോൾ ചമ്മലാണ് തോന്നിയത്. ഇതിനെകുറിച്ചെല്ലാം നല്ല പോലെ അറിയാവുന്ന ആളായിട്ട് പോലും അത് തിരിച്ചറിയാൻ കഴിഞ്ഞില്ല” മാധവൻ പറഞ്ഞു.
അനുഷ്ക ശർമ്മ വീഡിയോയിലെ ചെറിയ ഡീറ്റെയിൽസ് പറഞ്ഞു തന്നപ്പോഴാണ് തനിക്കും കാര്യം മനസിലായതെന്നും, അതിനാൽ ഫോർവേഡ് ചെയ്യുന്നതെന്തും വിശ്വസനീയമാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും മാധവൻ പറഞ്ഞു. 2024 നവംബറിൽ റിലീസ് ചെയ്ത ‘ഹിസാബ് ബരാബർ’ എന്ന ചിത്രത്തിലാണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്. അതേസമയം, തമിഴിലും ഹിന്ദിയിലുമായി ഒരുപിടി ചിത്രങ്ങൾ താരത്തിന്റേതായി അണിയറയിൽ പുരോഗമിക്കുന്നുണ്ട്. തമിഴിൽ ‘അദിർഷ്ടശാലി’, ‘ടെസ്റ്റ്’ എന്നീ ചിത്രങ്ങളിലും ഹിന്ദിയിൽ ‘അംറിക്കി പണ്ഡിറ്റ്’, ‘ദേ ദേ പ്യാർ ദേ 2’, ‘കേസരി ചാപ്റ്റർ 2’, ‘ധുരന്തർ’ എന്നീ ചിത്രങ്ങളിലും താരം പ്രധാന വേഷങ്ങളിൽ എത്തും.